Religion
ദൃഷ്ടാന്തങ്ങള്‍

“ആകാശ ഭൂമിയുടെ സൃഷ്ടിപ്പിലും രാപകലുകള്‍ മാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിമാന്മാര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശ ഭൂമിയെ സൃഷ്ടിച്ചതില്‍ ചിന്തിക്കുന്നവരുമാണവര്‍.” (സൂറ: ആലു ഇംറാന്‍ 190-191)
ചിന്ത; ഹൃദയത്തിന്റെ ഉത്സവമാണത്. പ്രപഞ്ചവും അതിന്റെ അപ്പുറത്തുള്ളവയെക്കുറിച്ചു പോലും നമുക്ക് ചിന്തിക്കാന്‍ കഴിയും. ഉള്ളവയെക്കുറിച്ചും ഇല്ലാത്ത വസ്തുക്കളെ സംബന്ധിച്ചും നമുക്ക് ചിന്തിക്കാം. ക്രിയാത്മകമായ ചിന്ത മനുഷ്യന്റെ മാത്രം സവിശേഷതയാണ്. മനുഷ്യനന്മയുടെ പ്രകാശ വെട്ടത്തു നില്‍ക്കലാണ് മൗലിക ചിന്ത. ചിന്തക്കു വേണ്ട ഊര്‍ജം ജ്ഞാനത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇതാണ് മനസ്സിന്റെ ഭക്ഷണവും. അപ്പോള്‍ ചിന്തക്ക് പ്രഥമമായിട്ടുള്ളത് ജ്ഞാനമാണ്. അതിനാല്‍ ആദ്യം ജ്ഞാനം സമ്പാദിക്കണം. ജ്ഞാനാര്‍ജിതമായ രണ്ട് വിഷയങ്ങളെ കൂട്ടിയിണക്കി മൂന്നാമതൊരു ജ്ഞാനം അല്ലെങ്കില്‍ വിഷയം സമ്പാദിക്കലാണ് ചിന്ത. പ്രപഞ്ചം നിരന്തര പരിവര്‍ത്തനത്തിന് വിധേയമാണ്. ഇതൊരു അറിവാണ്. പരിവര്‍ത്തന വിധേയമാകുന്ന എല്ലാ വസ്തുക്കളും സൃഷ്ടിയാണ്. ഇത് മറ്റൊരു അറിവാണ്. ഈ രണ്ട് ജ്ഞാനത്തില്‍ നിന്നും മറ്റൊരു ജ്ഞാനം നമുക്ക് ലഭിക്കുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിയാണ്. ഇങ്ങനെ ചിന്തയെ പല വഴികളിലൂടെ പ്രയാണം ചെയ്യിപ്പിക്കുമ്പോള്‍ സൃഷ്ടിപ്പിന്റെ കഴിവിനെയും അസ്തിത്വത്തെയും മനസ്സിലാക്കാന്‍ കഴിയും.
ഖുര്‍ആന്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണ് നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും പറയുന്നു.
“ഒരു നിമിഷം ചിന്തിക്കുന്നത് ഒരു വര്‍ഷത്തെ ആരാധനയെക്കാള്‍ ഉത്തമമാണ്” എന്ന തിരുവചനം പ്രസക്തമാണ്. ചിന്തിക്കാന്‍ ഇസ്‌ലാം പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. പ്രഭാത നിസ്‌കാരത്തിന് മുമ്പ് ചെരിഞ്ഞുകിടന്നു ചിന്തിക്കണമെന്ന് നിര്‍ദേശിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കാന്‍ ഖുര്‍ആന്‍ പറയുന്നു. ഒട്ടകത്തെയും പര്‍വ്വതങ്ങളെയും മറ്റും സൃഷ്ടിച്ചതിനെ കുറിച്ച് ചിന്തിച്ച് നീങ്ങുമ്പോള്‍ പുതിയൊരു ലോകം അവന്‍ കണ്ടെത്തുന്നു. വെറുമൊരു ചിന്തകൊണ്ട് ഉന്നതയിലെത്തിയ നിരവധി പേരുണ്ട്. മനസിന്റെ സന്മാര്‍ഗ പ്രവേശന കവാടമാണ് ചിന്ത. സ്വന്തം ശരീരത്തെ അറിഞ്ഞാല്‍ അവന്‍ നാഥനെ അറിഞ്ഞു എന്ന വാക്യം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട്. മനുഷ്യന്റെ സൃഷ്ടിപ്പിനെ മനസ്സിലാക്കാനുള്ള ബുദ്ധി അവനിക്കില്ല. ഉള്ള ബുദ്ധികൊണ്ട് ശരീയായ രീതിയില്‍ ചിന്തിക്കുമ്പോള്‍ അവന്‍ സ്രഷ്ടാവിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യും.
മസ്തിഷ്‌കം കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നത്. ചിന്തയുടെ അടിസ്ഥാന ഘടകം ന്യൂറോണ്‍ എന്ന സിരാകോശങ്ങളാണ്. മനുഷ്യന്റെ തലച്ചോറില്‍ ശരാശരി പന്ത്രണ്ട് ബില്യന്‍ ന്യൂറോണുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സ്വന്തം വീട് നിര്‍മിക്കുന്നതിന് അതിവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന തേനീച്ചയുടെ തലച്ചോറിലെ എണ്ണം ആയിരത്തിന് താഴെയാണത്രെ. മനുഷ്യന് നല്‍കിയിട്ടുള്ള ഈ അത്ഭുത അവയവത്തിന്റെ സങ്കീര്‍ണതയും ശക്തിയും ചിന്തിച്ച് നാം അമ്പരന്നുപോകും. ഓരോ മസ്തിഷ്‌കത്തിലുമുള്ള കോടിക്കണക്കിന് ന്യൂറോണ്‍ സിഗ്‌നലുകളിലൂടെയാണ് ചിന്ത കടന്നുപോകുന്നത്. അതിനാല്‍ ചിന്തയുടെ പ്രവാഹത്തിന് അതിരുകളില്ല. ഈ അപാരമായ അനുഗ്രഹം ഉപയോഗിക്കാത്തവന്‍ നന്ദികെട്ടവനല്ലെ.
“അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉത്പാദിപ്പിച്ചു തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്”.