National
കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം; അടര്‍ത്തി മാറ്റാന്‍ അനുവദിക്കില്ല: അമിത് ഷാ

കോഴിക്കോട്: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കാരോട് മാത്രമാണ് ചര്‍ച്ച. ഭരണഘടന അംഗീകരിക്കാത്തവരുമായി ഇനി ചര്‍ച്ചക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെ പാക്കിസ്ഥാന്‍ പരസ്യമായി പിന്തുണക്കുകയാണ്. എന്നാല്‍ ഭീകരതക്കെതിരായ യുദ്ധത്തില്‍ അന്തിമ വിജയം ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ യുദ്ധത്തില്‍ പാര്‍ട്ടിയുടെ പിന്തുണ സൈന്യത്തിനാണ്. സൈന്യത്തെ പിന്തുണക്കാന്‍ പ്രതിപക്ഷവും ജനങ്ങളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ ഭരണം തുടരുന്ന മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയാണുള്ളത്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരില്‍ വരെ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ജനസംഘത്തില്‍ നിന്ന് ബിജെപി വരെയുള്ള 50 വര്‍ഷത്തെ യാത്ര അനുസ്മരിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.