Connect with us

Gulf

ഭക്ഷണത്തില്‍ കൂറ: നഗരസഭ റെസ്റ്റോറന്റുകള്‍ അടപ്പിച്ചു

Published

|

Last Updated

ദുബൈ: ഉപഭോക്താക്കള്‍ക്കായി വിളമ്പിയ ഭക്ഷണത്തില്‍ കൂറയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈ നഗരസഭ രണ്ട് റെസ്റ്റോറന്റുകള്‍ അടപ്പിച്ചു. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളാണ് അധികൃതര്‍ നടപടിയുടെ ഭാഗമായി അടപ്പിച്ചത്.
സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഉത്തരേന്ത്യന്‍ വിഭവമായ ചോള ബട്ടൂരയിലാണ് സമീപത്തെ താമസക്കാരന് കൂറയെ കിട്ടിയത്. ഭക്ഷണത്തില്‍ കണ്ടെത്തിയ കൂറയുടെ പടം എടുത്ത ശേഷം ഉപഭോക്താവ് മാള്‍ മാനേജ്‌മെന്റിന് ചിത്രം സഹിതം പരാതി നല്‍കുകയായിരുന്നു. മാനേജ്‌മെന്റ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നഗരസഭ വിഷയത്തില്‍ ഇടപെട്ടതും അടിയന്തിരമായി നടപടി സ്വീകരിച്ചതും.
നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് ആവശ്യമായ അറ്റകുറ്റപണികളും മരഉരുപ്പടികള്‍ മാറ്റി സ്ഥാപിക്കും വരെ സ്ഥാപനം താല്‍ക്കാലികമായി സ്ഥാപനങ്ങള്‍ അടപ്പിച്ചത്. മരത്തിന്റെ ഫര്‍ണിച്ചറുകളില്‍ കൂറകള്‍ കൂടുകൂട്ടാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ഇവ മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റെസ്റ്റോറന്റ് സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കി.
ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു റെസ്റ്റോറന്റും അടച്ചുപൂട്ടി. ഇതും ആവശ്യമായ അറ്റകുറ്റപണികള്‍ക്ക് ശേഷമാവും തുറന്നുപ്രവര്‍ത്തിക്കാന്‍ ദുബൈ നഗരസഭ അനുവദിക്കുക. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള പരിഷ്‌ക്കരണങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും ശേഷം അഞ്ചു പ്രവര്‍ത്തി ദിനങ്ങള്‍ക്കൊടുവില്‍ അധികൃതരുടെ പരിശോധന കഴിഞ്ഞാല്‍ റെസ്റ്റോറന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അതേ സമയം എത്ര ദിര്‍ഹമാണ് പിഴയായി ചുമത്തിയതെന്ന് നഗരസഭാധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. റെസ്റ്റോറന്റില്‍ ഇത്തരത്തില്‍ ഒരു വീഴ്ച ഉണ്ടായതില്‍ അതിയായി ഖേദിക്കുന്നതായി സി ഇ ഒ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളോട് ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കുകയാണ്.
സ്ഥാപനം അടച്ചുപൂട്ടിയത് സ്ഥിരീകരിച്ച വെങ്കിടേഷ് സ്ഥാപനങ്ങളില്‍ കീടങ്ങള്‍ക്കെതിരെ മതിയായ നശീകരണ നടപടി സ്വീകരിക്കുമെന്നും വിശദീകരിച്ചു. ഇത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്ക് തോതില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest