Connect with us

Articles

മഹല്ലുകളും ഖബര്‍സ്ഥാനും

Published

|

Last Updated

വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നമ്മുടെ നാട്ടില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും മഹല്ല് ജമാഅത്തുകള്‍ രൂപവത്കൃതമായിട്ടുണ്ട്. മഹല്ല് നിവാസികളുടെ വിവാഹം, വിവാഹ മോചനം, ജനന മരണങ്ങള്‍, തര്‍ക്കങ്ങള്‍, മസ്വ്‌ലഹത്തുകള്‍, സ്വത്ത് വിഭജനം തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ മഹല്ല് കാരണവന്മാരുടെ വിലപ്പെട്ട തീരുമാനങ്ങള്‍ക്ക് വിധേയമായിരുന്നു. പ്രദേശത്തെ വ്യത്യസ്ത വിഭാഗക്കാരും മുസ്‌ലിം ബഹുജനങ്ങളും മഹല്ല് നേതൃത്വത്തെയും പണ്ഡിതരെയും അംഗീകരിച്ചു പോന്നു. കേരളത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള മഹല്ല് ജമാഅത്തുകള്‍ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളില്‍ ഒരു പ്രദേശത്ത് ഒരു പള്ളിയും – അകന്നകന്ന് സ്ഥിതിചെയ്തിരുന്ന വീടുകള്‍ ഉള്‍ക്കൊള്ളുന്ന – ആ പള്ളിയെ കേന്ദ്രീകരിച്ച് വിസ്തൃതമായ മഹല്ലുമാണ് ഉണ്ടായിരുന്നത്.
നഗരങ്ങളിലും ഏതെങ്കിലും ഒരു ഭാഗത്ത് ഒറ്റപ്പെട്ട പള്ളികളാണ് അന്നുണ്ടായിരുന്നത്. ഉദാഹരണത്തിന് കോഴിക്കോട് ടൗണില്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന കുറ്റിച്ചിറ പ്രദേശത്ത് കുളത്തിന്റെ തെക്ക് വശത്ത് ഒരു ജുമുഅത്ത് പള്ളിയും വടക്ക് മിസ്ഖാല്‍ ജുമുഅത്ത് പള്ളിയും, പിന്നീട് വലിയങ്ങാടിയും കൊപ്ര ബസാറും ഉള്‍ക്കൊള്ളുന്ന മുദാക്കര ജുമുഅത്ത് പള്ളിയുമാണുണ്ടായിരുന്നത്. സിറ്റിയില്‍ ജനസാന്ദ്രതയും ബിസിനസ്സുകളും വര്‍ധിച്ചപ്പോള്‍ സൗകര്യാര്‍ഥം നിരവധി പള്ളികള്‍ സ്ഥാപിക്കുകയും മഹല്ലുകള്‍ രൂപപ്പെടുകയും ചെയ്തു. ഗ്രാമീണ മേഖലകളിലും ജനവാസം കൂടിയതിനാല്‍ പുതിയ പള്ളികള്‍ വന്നു. ചില സ്ഥലങ്ങളിലെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മറ്റുമായി പള്ളികള്‍ ഉയര്‍ന്നുവരികയും അത് കേന്ദ്രീകരിച്ച് മഹല്ലുകള്‍ ഉടലെടുക്കുകയും ചെയ്തു.
ഇതേ പോലെ തന്നെ മദ്‌റസകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ദൂരെ പോയി പഠിക്കുന്നതും റോഡ് മുറിച്ച് കടന്ന് പോകുന്നതും മറ്റും ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും പുതിയ മദ്‌റസകള്‍ വന്നു. കാലികവും ശാസ്ത്രീയവുമായ പാഠ്യപദ്ധതികള്‍ മക്കളെ പഠിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍ അതിനു വേണ്ടിയും മദ്‌റസകള്‍ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ മനസ്സില്‍ സയ്യിദന്മാരെയും പണ്ഡിതരെയും അപകീര്‍ത്തിപ്പെടുത്തുന്ന ചില നീക്കങ്ങള്‍ ഉണ്ടായപ്പള്‍ അതില്‍ നിന്ന് സ്വന്തം കുട്ടികളെ രക്ഷപ്പെടുത്താനും പുതിയ മദ്‌റസകള്‍ മിക്ക മഹല്ലുകളിലും ഉയര്‍ന്നു വന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആയിരക്കണക്കിന് മദ്‌റസകള്‍ ഇങ്ങനെ പുതുതായി സ്ഥാപിതമായിട്ടുണ്ട്.
ഇതിനിടയിലും പൂര്‍വികര്‍ സ്ഥാപിച്ച പള്ളികളും മഹല്ലുകളും എല്ലാവരും സംയുക്തമായാണ് നടത്തി വന്നിരുന്നത്. പൂര്‍വികര്‍ വഖ്ഫ് ചെയ്ത മഹല്ല് ഖബര്‍സ്ഥാനുകള്‍ ഒത്തൊരുമിച്ച് നടത്തുകയും മയ്യിത്തുകള്‍ മറവ് ചെയ്യുകയും ചെയ്തു. കോഴിക്കോട് പട്ടണത്തില്‍ നിരവധി പള്ളികളും മഹല്ലുകളും സ്ഥാപിതമായെങ്കിലും തെക്ക് പള്ളിക്കണ്ടി നൈനാവളപ്പിലെ കണ്ണംപറമ്പിലും വടക്ക് തോപ്പയിലുമാണ് ഖബര്‍സ്ഥാനായി മുസ്‌ലിംകള്‍ മയ്യിത്തുകള്‍ മറവ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഗ്രാമീണ മേഖലകളിലും മുകളില്‍ പറഞ്ഞപോലെ പൂര്‍വികരാല്‍ വഖ്ഫ് ചെയ്യപ്പെട്ട വിശാലമായ ഖബര്‍സ്ഥാനുകള്‍ മാത്രമാണ് ഇന്നുള്ളത്. പള്ളി നിര്‍മാണത്തിനെന്ന പോലെ നിയമപരമായ അനുമതി ലഭിക്കാനുള്ള പ്രയാസങ്ങളും മറ്റു പ്രതിസന്ധികളും പുതുതായി ഖബര്‍സ്ഥാന്‍ സ്ഥാപിക്കുന്നതിന്ന് പ്രതിബന്ധമായുള്ളതിനാല്‍ പുതിയ ഖബര്‍സ്ഥാന്‍ ഉണ്ടാകുന്നില്ല.
ഈയടുത്തായി ചില കേന്ദ്രങ്ങളില്‍ നിന്ന് വന്ന ആഹ്വാനങ്ങള്‍ മൂലമാകാം, പുതുതായി ഉണ്ടാക്കിയ മദ്‌റസാ- പള്ളികളുമായി ബന്ധപ്പെടുന്നവര്‍ക്ക് ഖബര്‍സ്ഥാന്‍ വിലക്ക് ഭീഷണി വന്നുകൊണ്ടിരിക്കുന്നതായി പറയുന്നു. പെരുന്നാള്‍ പണം, വരിസംഖ്യ, സംഭാവന മുതലായവ കൊടുത്താല്‍ സ്വീകരിക്കാതെ മുഖം തിരിച്ചുകളയുകയും മരിച്ചാല്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പെരുന്നാള്‍ പണവും വരിസംഖ്യയും സംഭാവനയും മഹല്ല് അംഗത്വത്തിന്റെ യോഗ്യതയോ മാനദണ്ഡമോ അല്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും തങ്ങളുടെ പിതാക്കളാല്‍ വഖ്ഫ് ചെയ്യപ്പെട്ടതും അവര്‍ മണ്‍ മറഞ്ഞു കിടക്കുന്നതുമായ ഖബര്‍സ്ഥാന്‍ സ്ഥിതിചെയ്യുന്ന പള്ളിയെ ബഹുമാനിച്ച് സഹകരണാടിസ്ഥാനത്തില്‍ നല്‍കുന്നതാണ് ഇത്. എന്നിട്ടും അത് സ്വീകരിക്കാതെ തട്ടിക്കളയുന്ന ചില മഹല്ല് ഭാരവാഹികള്‍ ഉണ്ട്. ഖബര്‍സ്ഥാന്‍ കാണിച്ച് സാധാരണക്കാരെ ഭയപ്പെടുത്തി ആദര്‍ശത്തില്‍ നിന്നും പിന്തിരിപ്പിക്കാമെന്നാണ് ചിലര്‍ കരുതുന്നത്. ഇത് വെറും മൗഢ്യമാണ് നിയമത്തെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും സാമാന്യ വിവരം പോലുമില്ലാത്തവരാണ് ഇങ്ങനെ പേടിപ്പിക്കാമെന്ന് കരുതുന്നത്. മയ്യിത്തിന്റെ ദുഃഖിതരായ ബന്ധുക്കളോട് വിലപേശുന്നതും ബന്ധുവിന്റെ മയ്യിത്ത് കാണിച്ച് മുതലെടുക്കുന്നതും നിയമം മൂലം കോടതി നിരോധിച്ചിട്ടുണ്ട്. ബാലുശ്ശേരിയിലെ വീരമ്പ്രം കേസിന്റെ കോടതി വിധിയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു മഹല്ലില്‍ ഖബര്‍സ്ഥാന്റെ മുന്‍ ഭാഗങ്ങളില്‍ 5000 രൂപ ആവശ്യപ്പെട്ടതിനെതിരെ കേരള വഖ്ഫ് ബോര്‍ഡില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് ശേഷം കക്ഷികളെ താക്കീത് ചെയ്യുകയുണ്ടായി. മറ്റൊരിടത്ത് ഖബര്‍ സ്ഥാനിന്റെ നിയന്ത്രണം തങ്ങള്‍ക്ക് മാത്രമാണെന്ന് പറഞ്ഞ് കുഴിച്ച ഖബറില്‍ ഉപകരണങ്ങള്‍ കുഴിച്ചുമൂടുകയും പിന്നീട് അത് സംബന്ധമായ കേസുകള്‍ ഒത്തുതീരുകയുമാണുണ്ടായത്. സമാന സംഭവങ്ങള്‍ മറ്റു സ്ഥലങ്ങളിലുമുണ്ടായി.
മുകളില്‍ സൂചിപ്പിച്ച പോലെ സാധാരണക്കാരെ ഖബര്‍സ്ഥാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ഇടക്കിടെ വാര്‍ത്തയാകുന്നത്. അതുകൊണ്ട് തന്നെ അതു സംബന്ധമായ കോടതി വിധികള്‍ എല്ലാവരും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും:
1. പ്രൊസീഡിംഗ് നമ്പര്‍ A6/2901, 2000 (30/04/2000) വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് (2001 ജനുവരി 11ലെ മാതൃഭൂമി പത്രം കാണുക) മൃതദേഹം മറവ് ചെയ്യുന്നതിന്ന് ഗ്രേഡ് തിരിക്കാനോ ഫീസ് ഈടാക്കാനോ പാടില്ല.
2. CRP (WKF) നമ്പര്‍ (520 of 2013) ജഡ്ജിമെന്റ് ഓര്‍ഡര്‍ 19/03/2015 കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റീസ് അനില്‍ കെ രവീന്ദ്രന്‍, മുസ്‌ലിം പള്ളികളോടനുബന്ധിച്ച് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കാന്‍ മുതവല്ലി (കമ്മിറ്റി) യുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും മസ്ജിദിന്റെ വസ്തു വഹകളില്‍ മുതവല്ലിക്ക് ഉടമസ്ഥാവകാശമില്ലെന്നും പരിപാലനം മാത്രമാണ് അധികാര പരിധിയിലുള്ളതെന്നും മേല്‍ ജസ്റ്റിസ്മാര്‍ ഉള്‍ക്കൊള്ളുന്ന ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്.
3.OS13/2012 (25/07/2015) വീരമ്പ്രം കേസിന്റെ വിധിയില്‍ ഖബര്‍സ്ഥാന്‍ തടയാന്‍ പാടില്ലെന്ന് മാത്രമല്ല, വിലപേശുന്നതും നിരോധിച്ചുകൊണ്ട് കോഴിക്കോട് വഖ്ഫ് ട്രൈബൂണല്‍ ഉത്തരവായിട്ടുണ്ട്.
4.1989 (2) KLT146 നമ്പര്‍ വിധിയില്‍ കേരള ഹൈക്കോടതി വിധിയില്‍ ഇപ്രകാരം ഉത്തരവായിട്ടുണ്ട്.
5. വഖ്ഫ് ആക്ട് 1954 സെക്ഷന്‍ 3 (1) ലും ഖബര്‍സ്ഥാന്‍ ഭീഷണിപ്പെടുത്തുന്നത് തടയുന്നതും സ്വതന്ത്രമായി ഖബര്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കുന്നതും, നിര്‍മാണച്ചെലവ് മാത്രം നല്‍കാമെന്ന വകുപ്പുള്ളതുമാണ്്.
മുകളില്‍ ഉദ്ധരിച്ചത് ഇന്ത്യന്‍ ഭരണഘടനക്ക് അനുസരിച്ചും സെന്‍ട്രല്‍ വഖ്ഫ് ആക്ട് പ്രകാരവും ഖബര്‍സ്ഥാന്‍ നിഷേധിക്കുന്നത് നീതീകരിക്കാവതല്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതും ശിക്ഷാര്‍ഹവും ആണെന്നും വ്യക്തമാക്കുന്ന വിധികളാണ്. ചില പ്രദേശങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള ഭീഷണിയും അസഹിഷ്ണുതയും നിലനില്‍ക്കുന്നുള്ളൂ. മിക്ക മഹല്ലുകളിലെയും ഭാരവാഹികളും ഖത്വീബ്- ഇമാമുമാരും പക്വതയുള്ളവരും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും മേല്‍ നിയമങ്ങളും വിധികളും മനസ്സിലാക്കിയവരും പൊതുവായ ദീനീ കാര്യങ്ങളില്‍ മഹല്ല് നിവാസികളെ ഒരുമിച്ച് നിര്‍ത്തി സൗഹൃദാന്തരീക്ഷം സ്ഥാപിക്കാന്‍ കഴിവുള്ളവരുമാണ്.
ലോകത്ത് പണ്ട് മുതലേ മത രംഗത്ത് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ചിട്ടില്ലെന്ന് നമുക്ക റിയാം. എല്ലാവരുടെയും ജീവിത ലക്ഷ്യം ശാശ്വതമായ പാരത്രികമാണെല്ലോ. ക്ഷണികമായ ഭൗതിക ജീവിതം അവസാനിക്കുമ്പോള്‍ മരണം സംഭവിക്കുകയും പാരത്രിക ജീവിതത്തിലേക്കുള്ള യാത്ര ഖബര്‍സ്ഥാനിലൂടെ ആരംഭിക്കുകയുമാണ്. മരണപ്പെട്ടവരെ ആദരവോടെ യാത്രയയക്കാന്‍ പ്രാര്‍ഥന, മയ്യിത്ത് നിസ്‌കാരം, തസ്ബീത്, തഹ്‌ലീല്‍, തബാറക തുടങ്ങിയ കാര്യങ്ങള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അവ നടപ്പില്‍ വരുത്തി നമ്മുടെ ബന്ധപ്പെട്ടവരെ ആദരവോടെ യാത്രയയക്കാന്‍ എല്ലാവര്‍ക്കും സാമൂഹിക ഉത്തരവാദിത്വമുണ്ട്.

Latest