Kerala
സഭ നിയന്ത്രിക്കാന്‍ ശ്രീരാമകൃഷ്ണന്‍

മലപ്പുറം: പൊന്നാനിയില്‍ നിന്ന് രണ്ടാമതും ജയിച്ച് കയറിയ പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നത് സ്പീക്കര്‍ പദവിയിലേക്ക്. ഇടതുപക്ഷത്തിന്റെ പ്രധാന ജിഹ്വയായി നിയമസഭയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന പി ശ്രീരാമകൃഷ്ണന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴമാണ്. 2006ല്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനെതിരെയായിരുന്നു ആദ്യ പോരാട്ടം.
പൊന്നാനി മണ്ഡലത്തിലെത്തിയ പി ശ്രീരാമകൃഷ്ണന്‍ ജനകീയനായ പൊന്നാനിക്കാരനായി മാറിയ എം എല്‍ എയാണ്. ഇമ്പിച്ചിബാവയുടെയും പാലോളി മുഹമ്മദ്കുട്ടിയുടെയും പിന്മുറക്കാരനാണ് ശ്രീരാമകൃഷ്ണന്‍.
ചരിത്രമുറങ്ങുന്ന ഈ പുരാതന തുറമുഖമണ്ഡലത്തിന്റെ സംസ്‌കാരവും മതനിരപേക്ഷ ചൈതന്യവും കളയാതെയുള്ള വികസന പ്രക്രിയകളാണ് പൊന്നാനിയില്‍ നടപ്പാക്കിയത്. ഇതിനായുള്ള നിര്‍ദേശങ്ങളുടെ ക്രോഡീകരണത്തിനായി 2011ല്‍ നടത്തിയ “ഡെസ്റ്റിനേഷന്‍ 2025” വികസന സെമിനാര്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന കേരള മോഡല്‍ വികസന കാഴ്ചപ്പാടുകളിലെ ഒരു സുപ്രധാന കാല്‍വയ്പ്പാണ്. എസ് എഫ് ഐയിലൂടെ പൊതുരംഗത്ത്. പട്ടിക്കാട് സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദം. ബി എഡിനുശേഷം മേലാറ്റൂര്‍ ആര്‍എം ഹൈസ്‌കൂളില്‍ അധ്യാപകനായി.
പാര്‍ട്ടി നിര്‍ദേശപ്രകാരം അവധിയെടുത്ത് ഒന്നര പതിറ്റാണ്ടായി മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. എസ് എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റ് അംഗം, ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. സി പി എം സംസ്ഥാന കമ്മിറ്റിയംഗമാണ്.
വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് യൂത്തിന്റെ ഏഷ്യന്‍ പസഫിക് മേഖലാ കണ്‍വീനര്‍ എന്ന നിലയില്‍ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഉറയത്ത് ഗോപിയുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ്. വെട്ടത്തൂര്‍ എ യു പി എസ് അധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജന്‍ എന്നിവര്‍ മക്കള്‍.