Ongoing News
പ്രീമിയര്‍ ലീഗ് കിരീടം ലീസെസ്റ്ററിന്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെയിന്‍ റൂണിക്ക് നല്കുന്ന ശമ്പളം മതി ലീസെസ്റ്റര്‍ സിറ്റിക്ക് ഒരു സീസണ് കഴിഞ്ഞു പോകാന്‍ ! ഇറ്റാലിയന്‍ കോച്ച് ക്ലോഡിയോ റാനിയേരി പരിശീലിപ്പിച്ച ലീസെസ്റ്റര്‍ സിറ്റിയില്‍ ഇംഗ്ലണ്ടിന് പുറത്തേക്ക് പ്രശസ്തി കൈവരിച്ച കളിക്കാരാരും തന്നെ ഇല്ലായിരുന്നു. ചെല്‍സിയെ പോലുള്ള പ്രമുഖ ക്ലബ്ബുകള്‍, നല്ല കാലം മുതലെടുത്ത് ഒഴിവാക്കിയ ഹൂത്തിനെ പോലുള്ള കാലം കഴിഞ്ഞ താരങ്ങളായിരുന്നു ലീസെസ്റ്ററിന്റെ പ്രതിരോധത്തില്‍ നെഞ്ചുവിരിച്ച് നിന്നത്. ഗോളടിക്കാന്‍ കൊലകൊമ്പന്മാരില്ല. ജാമി വാര്‍ഡിയെന്ന ശരാശരിക്കാരന്. കഴിഞ്ഞ സീസണില്‍ റെലഗേഷന് സോണില്‍ നിന്ന് കരകയറി, പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം. 132 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ എടുത്തു പറയാനുള്ളത് രണ്ട് തവണ ലീഗ് കപ്പ് (1997,2000) നേടിയതാണ്. ഇതുവഴി രണ്ട് തവണ യൂറോപ്പിലെ രണ്ടാമത്തെ ചാമ്പ്യന്‍ഷിപ്പായ യുവേഫ കപ്പിലും തലകാണിച്ചു.
വാതുവെപ്പുകാര്‍ 5000/1 മാത്രം സാധ്യത കല്പിച്ച ടീം ഇന്നെവിടെ നില്ക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആറാമത്തെ കിരീട ജേതാക്കളാണിന്ന് ലീസെസ്റ്റര്‍ സിറ്റി.
ലീഗില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് കുറുക്കന്മാര് എന്നറിയപ്പെടുന്ന ലീസെസ്റ്ററിന്റെ നീലപ്പട ലീഗ് കിരീടം ഉറപ്പിച്ചത്. 36 മത്സരങ്ങളില്‍ 22 ജയം, പതിനൊന്ന് സമനില, മൂന്ന് തോല്‍വി എന്നിങ്ങനെയാണ് ലീസെസ്റ്ററിന്റെ റെക്കോര്‍ഡ്. 64 ഗോളുകള്‍ നേടിയപ്പോള്‍ 34 ഗോളുകള്‍ വഴങ്ങി.
ആഘോഷരാവ്…
ടോട്ടനം 2-0ന് മുന്നിട്ട് നില്ക്കുമ്പോള് ലീസെസ്റ്റര്‍ ആരാധകരുടെ മുഖത്ത് കാത്തിരിപ്പിന്റെ വിരസത. ചെല്‍സി, രണ്ട് ഗോളുകള്‍ തിരിച്ചടിച്ചതോടെ എങ്ങും ആഘോഷത്തിന്റെ പൂത്തിരിവെട്ടം. ലീസെസ്റ്റര്‍ കളിക്കാര്‍ ജാമി വാര്‍ഡിയുടെ വീട്ടിലേക്ക് കുതിച്ചെത്തി, പുലര്‍ച്ചെ 4.30 വരെയാണ് അവര്‍ തിമിര്‍ത്താടിയത്.
കോച്ച് ക്ലോഡിയോ റാനിയേരി ഇറ്റലിയിലെ സ്വവസതിയില്‍ വെച്ചാണ് ശുഭവാര്‍ത്ത കേട്ടത്. മാതാവിന്റെ 94താം പിറന്നാളാഘോഷവേളയിലാണ് റാനിയേരിയെ തേടി ശുഭവാര്‍ത്തയെത്തുന്നത്.
സാമ്പത്തിക ഭദ്രത…
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായതോടെ 90 ദശലക്ഷം പൗണ്ടാണ് സമ്മാനത്തുകയായി ലീസെസ്റ്ററിന് ലഭിക്കുക. ടെലിവിഷന്‍ റൈറ്റ്സില് നിന്ന് കാര്യമായി വരുമാനമില്ലാത്തതാണ് പ്രൈസ്മണിയില്‍ ചെറിയൊരു ഇടിവ് വരുത്തിയത്. അതേ സമയം, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത് ലീസെസ്റ്ററിന് ഗുണകരമാണ്. അടുത്ത സീസണില്‍ ഗ്രൂപ്പ് റൗണ്ടില്‍ കളിച്ചാല്‍ പോലും നാല്പത് ദശലക്ഷം പൗണ്ട് ലഭിക്കും. ഓരോ വിജയത്തിനും 9.3 ദശലക്ഷം പൗണ്ട് എക്കൗണ്ടില്‍ വീഴും. ഒന്നുമില്ലായ്മയില്‍ നിന്ന് ലീസെസ്റ്റര്‍ നല്ല കാലത്തേക്ക് പ്രവേശിക്കുകയാണ്. കോച്ച് റാനിയേരിക്ക് അഞ്ച് ദശലക്ഷം പൗണ്ടാണ് ബോണസായി ക്ലബ്ബ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെസി പറഞ്ഞത്….
നമ്മളെല്ലാം എന്തുകൊണ്ടാണ് ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്നത് എന്നതിനുള്ള ഉത്തരമാണ് ലീസെസ്റ്റര്‍ സിറ്റി – ട്വിറ്ററില്‍ ലയണല്‍ മെസി കുറിച്ചിട്ടതാണിത്. ഫുട്ബോളിന് വേരുകളുള്ള നാട്ടിലെല്ലാം ലീസെസ്റ്റര്‍ സിറ്റി എന്ന ഇംഗ്ലീഷ് ക്ലബ്ബ് ഒരത്ഭുതമാണ്. ഫുട്ബോളിലെ പ്രതിഭാസമായ മെസിയും കുറുക്കന്മാര് (ഫോക്സസ്) എന്ന് വിളിപ്പേരുള്ള ലീസെസ്റ്ററിന്റെ നേട്ടം കണ്ട് അത്ഭുതം കൂറുകയാണ്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ലീസെസ്റ്ററിന്റെ കിരീട വിജയത്തെ മനോഹരമായ കഥ എന്നാണ് വിശേഷിപ്പിച്ചത്. ഇതൊരു യക്ഷിക്കഥ പോലെയാണ്. ആളുകള്‍ വിശ്വസിച്ചോളണമെന്നില്ല, പക്ഷേ ഇത് സത്യമാണ് താനും – ഇന്‍ഫാന്റിനോ പറഞ്ഞു.
റയല്‍മാഡ്രിഡിന്റെ വെയില്‍സ് വിംഗര്‍ ഗാരെത് ബെയില്‍ ലീസെസ്റ്ററിന്റെ അതിശയിപ്പിക്കുന്ന സീസണിനെ അഭിനന്ദിച്ചു. ടോട്ടനം ഹോസ്പറിന്റെ മുന്‍ താരമായ ബെയില്‍, തന്റെ മുന്‍ ടീം ചെല്‍സിയോട് സമനിലയായതില്‍ നിരാശ പ്രകടിപ്പിച്ചു. അതേ സമയം, ലീസെസ്റ്ററിന്റെ കിരീടവിജയത്തെ വിലകുറച്ച് കാണാനും തയ്യാറല്ല.
ലീസെസ്റ്ററിന്റെയും ഇംഗ്ലണ്ടിന്റെയും മുന്‍ സ്ട്രൈക്കര്‍ ഗാരി ലിനേക്കര്‍ പറയുന്നതിങ്ങനെ: എന്റെ ജീവിതത്തിലെ വലിയ ഷോക്കിംഗ് സ്പോര്‍ട്സ് വാര്‍ത്ത, ലീസെസ്റ്റര്‍ എന്റെ ഒരേയൊരു ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായിക്കുന്നു !
രണ്ട് മാസം മുമ്പ് ലീസെസ്റ്റര്‍ ഏഴ് പോയിന്റ് ലീഡെടുത്തപ്പോള്‍ തന്നെ കിരീടവിജയിയെ താന്‍ പ്രവചിച്ചിരുന്നു. അതിന്ന് ശരിയായി – ലിനേക്കര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ലീസെസ്റ്റര്‍ സിറ്റി നടപ്പ് സീസണിന്റെ തുടക്കത്തില്‍ തന്നെ നൈജല്‍ പിയേഴ്സനെ കോച്ചിംഗ് ജോലിയില്‍ നിന്ന് പുറത്താക്കി. ഇതൊരു വിപ്ലവകരമായ തീരുമാനമായിരുന്നു. ചെല്‍സിയുടെ മുന്‍ പരിശീലകന് ക്ലോഡിയോ റാനിയേരിയെ പരീക്ഷണാര്‍ഥം ടീമിന്റെ മുഴുവന്‍ ചുമതലയുമേല്‍പ്പിച്ചു.
വലിയ മുതല്‍മുടക്കില്ലാത്ത ഒരു തട്ടിക്കൂട്ട് ടീം ആയിരുന്നു ലീസെസ്റ്റര്‍. 132 വര്‍ഷത്തെ ചരിത്രത്തിനിടെ ഒരു കിരീടജയം പോലുമില്ലാത്ത ലീസെസ്റ്റര്‍ പ്രീമിയര്‍ ലീഗ് നേടുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിച്ചില്ല. 500/1 എന്ന സാധ്യത പോലും സീസണില്‍ അവരുടെ ജൈത്രയാത്ര കണ്ടപ്പോഴാണ് കല്പ്പിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞ ലീസെസ്റ്ററിന് കിരീടധാരണം വൈകിയിരുന്നു. എന്നാല്‍, ചെല്‍സി-ടോട്ടനം മത്സരം സമനിലയായതോടെ, അടുത്ത മത്സരത്തിന് ഇറങ്ങും മുമ്പെ ലീസെസ്റ്റര്‍ സാങ്കേതികമായി കിരീട ജേതാക്കളായി.
ലീസെസ്റ്ററിന്റെ ചുമതലയേല്‍ക്കുമ്പോള്‍ താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ നേട്ടം. കളിക്കാരുടെ മികവാണിത്. അവരുടെ ആത്മാര്‍പ്പണം, ഓരോ കളിയും പൊരുതി ജയിക്കുമെന്ന വാശി, അവര്‍ അര്‍ഹിക്കുന്ന കിരീടമാണിത് – കോച്ച് ക്ലോഡിയോ റാനിയേരി പറഞ്ഞു.
ടീം സ്പിരിറ്റാണ് ഈ അതുല്യനേട്ടത്തിലേക്ക് ലീസെസ്റ്ററിന്റെ കുതിപ്പിച്ചതെന്ന് ക്യാപ്റ്റന്‍ വെസ് മോഗന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി രണ്ടാം ഡിവിഷനില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിന് കളിക്കുകയായിരുന്ന വെസ് മോര്ഗന് മുപ്പതാം വയസിലാണ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. ഒരു കുടുംബം പോലെ ക്ലബ്ബ് മാറി. എനിക്ക് സഹതാരങ്ങളല്ല, സഹോദരങ്ങളായിരുന്നു അവര്‍ – വെസ് മോര്ഗന് പറഞ്ഞു.
രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് ടോട്ടനം ഹോസ്പര്‍ ചെല്‍സിക്ക് മുന്നില്‍ സമനില വഴങ്ങിയത്. തങ്ങളുടെ മുന്‍ കോച്ചായ ക്ലോഡിയോ റാനിയേരിയെ പ്രശംസിക്കാന്‍ ചെല്‍സി ആരാധകര്‍ മടി കാണിച്ചില്ല. ട്വിറ്ററിലൂടെ ചെല്‍സി ആരാധകര്‍ അഭിനന്ദനസന്ദേശം ഒഴുക്കി.
ഇംഗ്ലണ്ടിന്റെ പുതിയ ചാമ്പ്യന്മാരായ ലീസെസ്റ്റര്‍ സിറ്റിയെ ഞാന്‍ ബഹുമാനിക്കുന്നു – മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിസെന്റ് കൊംപാനി പറഞ്ഞു.
ടോട്ടനം കോച്ച് മൗറിസിയോ പോഷെറ്റിനോ ലീസെസ്റ്റര്‍ സിറ്റി ക്ലബ്ബ് താരങ്ങളെയും കോച്ചിനെയും അഭിനന്ദിച്ചു. അടുത്ത സീസണില്‍ ടോട്ടനം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന ശുഭാപ്തിയും പ്രകടിപ്പിച്ചു.