Kerala
ത്വരിതാന്വേഷണം: അടൂര്‍ പ്രകാശിന്റെ ഹരജി തള്ളി
		
      																					
              
              
            കൊച്ചി: വിവാദ ഭൂമി ഇടപാട് കേസില്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി . ദ്രുത പരിശോധന സ്‌റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിഷ്പക്ഷമായി അന്വേഷണം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഉബൈദ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
ഭൂമി നല്‍കാന്‍ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായി മന്ത്രി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണം. ഏപ്രില്‍ 25നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 95.44 ഏക്കറും തൃശൂര്‍ ജില്ലയില്‍ 32.41 ഏക്കറും ഭൂസംരക്ഷണ നിയമത്തില്‍ ഇളവു നല്‍കി ബംഗളുരു ആസ്ഥാനമായ ആര്‍.എം.ഇസഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡിന് നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് റവന്യൂവകുപ്പിന്റെ ഇളവ് നല്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
