Connect with us

Kerala

എന്‍ സി പി ഇലക്ഷന്‍ കമ്മിറ്റിയില്‍ ധാരണയായില്ല; പാലാ സീറ്റിനായി നറുക്കെടുപ്പ്

Published

|

Last Updated

കൊച്ചി: പാലാ, കോട്ടക്കല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്‍ സി പി ഇലക്ഷന്‍ കമ്മിറ്റിയില്‍ രൂക്ഷമായ ചേരിതിരിവിനിടയാക്കി. പാലായില്‍ മാണി സി കാപ്പനും ജിമ്മി ജോര്‍ജിനും വേണ്ടി വാദമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍തിയെ നിശ്ചയിക്കാന്‍ വോട്ടെടുപ്പ് നടന്നു. 12 അംഗ കമ്മിറ്റിയില്‍ ആറു പേര്‍ വീതം ജിമ്മി ജോര്‍ജിനും മാണി സി കാപ്പനും വേണ്ടി നിലയുറപ്പിച്ചതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് വിടാന്‍ യോഗം തീരുമാനിച്ചു. പാലാ മണ്ഡലം കമ്മിറ്റിയുടെയും എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കേള്‍ക്കാനും ധാരണയായിട്ടുണ്ട്. 28ന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

സീറ്റു കച്ചവടം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന കോട്ടക്കല്‍ സീറ്റില്‍ വ്യവസായ പ്രമുഖനെ സ്ഥാനാര്‍ഥിയാക്കാനുള്ള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് മറികടന്ന് ഇക്കാര്യത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേള്‍ക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇന്ന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം നടക്കും. ഇതിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കാനും പാര്‍ട്ടി എറണാകുളം ജില്ലാ നിര്‍വാഹക സമിതി ചേര്‍ന്ന് പ്രമേയം പാസാക്കാനും ഒരു വിഭാഗം തീരുമാനിച്ചു. ഇന്ന് വൈകീട്ട് എറണാകുളത്തായിരിക്കും യോഗം. പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വ്യവസായിക്ക് സീറ്റ് നല്‍കുന്നത് അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
അതേസമയം എലത്തൂരില്‍ എ കെ ശശീന്ദ്രനെയും കുട്ടനാട് തോമസ് ചാണ്ടിയെയും വീണ്ടും മത്സരിപ്പിക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി യോഗം കേന്ദ്ര നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു.