Kerala
പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തലശേരി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. അതിനിടെ ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ട് വേദനയെ തുടര്‍ന്നാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിച്ച ജയരാജന് ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. സിബിഐ സമര്‍പ്പിച്ച് കേസ് ഡയറിയില്‍ ജയരാജനെതിരെ ഒരു പരാമര്‍ശവുമില്ലെന്നും യുഎപിഎ ജയരാജനെതിരെ മാത്രം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അഭിഭാഷകനായ കെ വിശ്വന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജനില്‍ നിന്നും വ്യക്തമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പൂര്‍ണമായും പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം എട്ട് വരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.