Connect with us

Kerala

ചൈനയെ പരിചയപ്പെടുത്തി; സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു

Published

|

Last Updated

മലയാളികളുടെ എല്ലാതലങ്ങളേയും സ്വാധീനിച്ചിട്ടുള്ള മഹാ കവിയായിരുന്നു ഒ എന്‍ വി കുറുപ്പ്. കവിതയുടെ എല്ലാ മേഖലകളിലും ശാസ്ത്രീയമായി തന്നെ തന്റെ പാണ്ഡിത്യം തെളിയിക്കാന്‍ അദ്ദേഹത്തിനായി. സര്‍വമലയാളികളുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മഹാകവി. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഉജ്ജയനി എന്ന കൃതിക്ക് ലഭിച്ച സര്‍വസ്വീകാര്യത. എഴുത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കാരണക്കാരായ മൂന്നു പേരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. വയലാറും പി ഭാസ്‌കരനുമാണ് മറ്റു രണ്ടുപേര്‍.
വരികളിലൂടെ ചൈനയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചൈനയെ കുറിച്ച് സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തതും അദ്ദേഹം തന്നെ. വിപ്ലവപ്രസ്ഥാനത്തിന് കവിതകളിലൂടെ കൂടുതല്‍ ശക്തി പകര്‍ന്നു. എന്തുകൊണ്ടും മഹാകവി പദത്തിന് യോഗ്യനായ വ്യക്തി. ജീവിതത്തില്‍ ദൈവികമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതികളിലെല്ലാം ദൈവിക ചൈതന്യം നിറഞ്ഞുനിന്നിരുന്നു. കവിതകളില്‍ തികഞ്ഞ ആധ്യാത്മികനായിരുന്നു ഒ എന്‍ വി. ശരീരം വിട്ടു പോയെങ്കിലും ആ ആത്മാവ് മലയാളയാള ഭാഷയില്‍ എന്നും നിറഞ്ഞു നില്‍ക്കും.
മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം ഒ എന്‍ വി വ്യക്തി മാത്രമായിരുന്നില്ല ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ഒരു കവിക്ക് നേടാന്‍ കഴിയുന്ന എല്ലാ നേട്ടങ്ങളും സൗഭാഗ്യവും അനുഭവിച്ചതിനു ശേഷമാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. പത്മവിഭൂഷണും ജ്ഞാനപീഠവും നേടിയ എന്റെ ഗുരുവിന് സാഷ്ടാംഗ പ്രണാമം.

---- facebook comment plugin here -----

Latest