National
കുട്ടിക്കുറ്റവാളിയുടെ ഗ്രാമത്തിലും പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇന്ന് പുറത്തിറങ്ങാനിരിക്കെ, യുവാവിന്റെ മോചനത്തില്‍ സ്വന്തം ഗ്രാമം രണ്ട് തട്ടില്‍. ചിലര്‍ മോചനത്തില്‍ കടുത്ത രോഷം രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ ശിക്ഷ കഴിഞ്ഞതില്‍ ആശ്വാസം പ്രകടിപ്പിക്കുന്നു. ബദൗന്‍ ജില്ലയിലെ ഗ്രാമത്തിലെ ഒരാള്‍ പറഞ്ഞത്, പുറത്തിറങ്ങിയ കൗമാരക്കാരനെ ഗ്രാമം ഒരിക്കലും സ്വീകരിക്കില്ലെന്നാണ്. ഇത്രയും ക്രൂരത കാണിച്ച ഒരാളെ ഗ്രാമത്തിന് വേണ്ട. ഗ്രാമത്തില്‍ ഒരു സ്ഥാനവും അവനുണ്ടാകില്ല. അവനെ ഇവിടുത്തുകാര്‍ വെറുക്കുന്നു.
അതിനിടെ, പ്രതിയെ മോചനത്തിന്റെ തലേ ദിവസം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. നാട്ടുകാരില്‍ നിന്നും മറ്റും ആക്രമണമുണ്ടാകുമെന്നും പ്രതിയുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇപ്പോള്‍ 20 വയസ്സായ പ്രതിയും മറ്റ് അഞ്ച് പേരുമാണ് ജ്യോതി സിംഗ് എന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. 2012 ഡിസംബര്‍ 16നായിരുന്നു സംഭവം. ചെറുത്ത യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ഒടുവില്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും ജ്യോതി അവിടെ വെച്ച് മരിക്കുകയായിരുന്നു.
സംഭവം ഗ്രാമത്തിന് വലിയ കുപ്രസിദ്ധി നേടിക്കൊടുത്തുവെന്നും പുറത്ത് പഠിക്കുന്ന ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ വരെ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുവെന്നും ഗ്രാമത്തിലെ മുതിര്‍ന്ന അംഗം ഫൂല്‍ചന്ദ്ര പറഞ്ഞു. “ലോകത്തിന് മുന്നില്‍ ഞങ്ങള്‍ നാണംകെട്ടുപോയി. പലര്‍ക്കും പുറത്ത് ജോലി തന്നെ കിട്ടാത്ത സ്ഥിതി വന്നു. അവരെല്ലാം ഗ്രാമത്തിലേക്ക് തിരിച്ചുവരേണ്ടിവന്നു”- ഫൂല്‍ചന്ദ്ര പറഞ്ഞു. അതേസമയം, ജുവൈനല്‍ പ്രതിയുടെ ബന്ധുക്കളും കുടുംബക്കാരും വലിയ ആഹ്ലാദത്തിലാണ്. ദരിദ്ര കുടുംബത്തിന്റെ അത്താണിയായിരുന്നു യുവാവെന്നും അവന് പശ്ചാത്തപിക്കാനും പുതിയ ജീവിതത്തിലേക്ക് തിരച്ചുവരാനും അവസരമൊരുക്കുകയാണ് ഗ്രാമം ചെയ്യേണ്ടതെന്നും കുടുംബവുമായി അടുത്ത ബന്ധമുള്ള ഗ്രാമീണര്‍ പറയുന്നു. മകനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളാരും ഡല്‍ഹിക്ക് പോകില്ലെന്ന് മാതാവ് പറഞ്ഞു. മകന്‍ ഗ്രാമത്തില്‍ മടങ്ങിവരണമെന്നും കുടുംബത്തെ സഹായിക്കണമെന്നുമാണ് ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. “മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികള്‍ പണിക്ക് പോയിട്ടാണ് കുടുംബം പുലരുന്നത്. അവന്‍ തിരിച്ചുവന്നെങ്കില്‍ വലിയ ആശ്വാസമാകുമായിരുന്നു”- അയല്‍ക്കാരും ഇതിനെ പിന്തുണക്കുന്നു. “അവന്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. വലിയ പാഠങ്ങളും പഠിച്ചു. ഇനി ഒരു പുതിയ മനുഷ്യനായിരിക്കും. ഗ്രാമീണരൊന്നാകെ അവനെ പിന്തുണക്കുകയും പുതിയ ജീവിതത്തിലേക്ക് ആനയിക്കുകയുമാണ് വേണ്ടത്. പകരം ഒറ്റപ്പെടുത്തുകയല്ല”- അയല്‍ക്കാരിലൊരാള്‍ പറഞ്ഞു.
ശിക്ഷാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിയെ വിട്ടയക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുന്നത് നീട്ടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മോചിപ്പിക്കരുതെന്ന ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ഡല്‍ഹി ഹൈക്കോടതി, നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് പ്രതിയെ വിട്ടയക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ മോചനം തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി നാളെയാണ് പരിഗണിക്കുന്നത്. എന്നാല്‍ മോചനം സ്‌റ്റേ ചെയ്തിട്ടില്ല.
സംഭവം നടക്കുമ്പോള്‍ 18 വയസ്സാകാന്‍ മാസങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രതിയുടെ ശിക്ഷാ കാലാവധിയായ മൂന്ന് വര്‍ഷം ഇന്നലെ പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതിയായ റാം സിംഗ് വിചാരണാ വേളയില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. മറ്റ് പ്രതികളെ ഡല്‍ഹി കോടതി വധശിക്ഷക്ക് വിധിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.