National
രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന പരാമര്‍ശത്തില്‍ ഔട്ട്‌ലുക്ക് ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന വിവാദ പരാമര്‍ശം ഔട്ട്‌ലുക്ക് വാരിക പിന്‍വലിച്ചു. പരാമര്‍ശം രാജ്‌നാഥ് സിങ്ങിന്റേതല്ലെന്നും അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റേതാണെന്നും ഔട്ട്‌ലുക്ക് അറിയിച്ചു. പരാമര്‍ശം തെറ്റായി വരാനിടയായതിലും രാജ്‌നാഥ് സിങ്ങിനും മുഹമ്മദ് സലീമിനും ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഔട്ട്‌ലുക്ക് വാരിക അറിയിച്ചു.
ലോക്‌സഭയില്‍ ഇന്നലെ അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പരാമര്‍ശം തര്‍ക്കത്തിനിടയാക്കിയത്. 800 വര്‍ഷത്തിനു ശേഷം അധികാരത്തിലെത്തുന്ന ഹിന്ദു ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് രാജിനാഥ് പറഞ്ഞെന്ന ഔട്ട്‌ലുക്കില്‍ വന്ന പരാമര്‍ശത്തിനെതിരെ സിപിഐഎം അംഗം മുഹമ്മദ് സലീം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സലീം ഇക്കാര്യം തെളിയിക്കണമെന്നും സലീം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചിരുന്നു. ഇന്നും വിഷയം സഭയില്‍ വരാനിരിക്കെയാണ് ഒട്ട്‌ലുക്കിന്റെ തിരുത്തും ഖേദപ്രകടനവും.