National
മോദിക്ക് തന്ത്രമൊരുക്കിയയാള്‍ മഹാസഖ്യത്തിന്റെ വിജയശില്‍പ്പി

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തെ ഉജ്ജ്വല വിജയത്തിലേക്കെത്തിച്ച പ്രചാരണതന്ത്രങ്ങള്‍ക്ക് പിന്നില്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച ബുദ്ധി കേന്ദ്രം. ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറാണ് ആ തന്ത്രശാലി. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചാരണത്തിന് രൂപരേഖ തയ്യാറാക്കിയതും പ്രശാന്തും സംഘവുമാണ്.
2011ല്‍ ഐക്യരാഷ്ട്രസഭയിലെ ജോലി രാജിവെച്ചാണ് 35കാരനായ പ്രശാന്ത് പബ്ലിക്ക് റിലേഷന്‍ രംഗത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കിയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. ചായ് പെ ചര്‍ച്ച, ബാല്‍ നരേന്ദ്ര, എല്‍ സി ഡി സ്‌ക്രീന്‍, മോദി ഗെയിംസ് തുടങ്ങിയ പുത്തന്‍ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രശാന്തിന്റെ തലയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അമിത് ഷായുമായുള്ള തര്‍ക്കങ്ങളാണ് പ്രശാന്തിനെ മഹാസഖ്യത്തി ന്റെ ക്യാമ്പില്‍ എത്തിച്ചത്. നിതീഷിന്റെ പ്രചാരണ രൂപരേഖ തയ്യാറാക്കിയത് ഐ ഐ ടി ബിരുദക്കാരും എം ബി എക്കാരും അടങ്ങുന്ന പ്രശാന്തിന്റെ സംഘമാണ്. തങ്ങളെ പി ആര്‍ ഏജന്‍സി മാത്രമായി ബി ജെ പി പരിഗണിക്കുന്നു എന്ന വിമര്‍ശവുമായാണ് പ്രശാന്ത് അവരുമായുള്ള ബന്ധംവിട്ട് കഴിഞ്ഞ ജൂണില്‍ മഹാസഖ്യത്തിന്റെ പ്രചാരണം ഏറ്റെടുത്തത്.
പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നല്‍കിയ ഐപാക്ക് എന്ന സംഘടന അഞ്ച് മാസം മുന്‍പാണ് ബീഹാര്‍ ദൗത്യം ഏറ്റെടുത്തത്. നിതീഷിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഐപാക്ക് എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകള്‍, ജനസമ്മതിയുള്ള നേതാക്കള്‍, ബി ജെ പി തന്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പാറ്റ്‌നയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്ത് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരില്‍ മഹാസഖ്യം പുറത്തിറക്കിയ ദര്‍ശനരേഖയുടെയും പിന്നില്‍ ഐപാക്കായിരുന്നു.