Kerala
വിമതര്‍ തീരുമാനിക്കും, ആര് ഭരിക്കണമെന്ന്
		
      																					
              
              
            തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്ത് അച്ചടക്കത്തിന്റെ വാളുയര്‍ത്തി പടിപ്പുറത്ത് നിര്‍ത്തുന്നവരാണ് വിമതര്‍. നടപടികളെ വെല്ലുവിളിച്ച് ഗോദയില്‍ ഉറച്ച് നിന്ന് പലരും വിജയം കൊയ്യുന്നു. തദ്ദേശ ഭരണത്തില്‍ വിമതരുടെ വിജയം പലയിടത്തും നിര്‍ണായകമാകുന്നതും പതിവ്. നടപടിയെടുത്ത് പുറത്താക്കിയവര്‍ക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വം കെഞ്ചിയാകും പലപ്പോഴും ഭരണം നേടുക. ഇത്തവണയും വിമത വിജയം സംസ്ഥാന വ്യാപകമായുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലടക്കം ഭരണം തീരുമാനിക്കുന്നത് വിമതരാണ്. കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് കാസര്‍കോട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതര്‍ അപ്പാടെ ഭരണം പിടിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാകേഷ് തീരുമാനിക്കും. ഇരുമുന്നണിയുടെയും കണ്ണുകള്‍ രാകേഷിലാണ്. കണ്ണൂര്‍ നഗരസഭിയിലെ 55 ഡിവിഷനുകളില്‍ 27 വീതം യു ഡി എഫും എല്‍ ഡി എഫും നേടിയതോടെയാണ് കോണ്‍ഗ്രസ് വിമതനായ രാകേഷിന്റെ നിലപാട് നിര്‍ണായകമായത്. രാകേഷ് ആര്‍ക്കൊപ്പം പോകുന്നോ അവര്‍ കണ്ണൂര്‍ ഭരിക്കും. കാസര്‍കോട് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ വിമതര്‍ ഭരണം പിടിച്ചതാണ് ഏവരേയും ഞെട്ടിച്ചത്. അഴിമതി ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലെ പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ അടക്കം പത്ത് വിമതരാണ് ഇവിടെ ജയിച്ചത്. നെയ്യാറ്റിന്‍കര മുന്‍സിപ്പിലാറ്റിയില്‍ അഞ്ച് കോണ്‍ഗ്രസ് വിമതര്‍ വിജയിച്ചു. ഇവിടെ യു ഡി എഫിന് ഭരണവും പോയി.
തിരുവനന്തപുരം പളളിച്ചല്‍ പഞ്ചായത്തില്‍ മുക്കുന്നിമല ക്വാറി വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ കെ രാകേഷ് കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ചു. വര്‍ക്കലയില്‍ കോണ്‍ഗ്രസ് പുറത്താക്കിയവര്‍ ചേര്‍ന്ന് രൂപവത്കരിച്ച സ്വതന്ത്ര മുന്നണി ആറ് സീറ്റില്‍ മല്‍സരിച്ച് ഒരിടത്ത് ജയിച്ചു. കൊല്ലം കോര്‍പറേഷനില്‍ ആര്‍ എസ് പിയുടെ രണ്ട് സീറ്റുകളാണ് യു ഡി എഫിലെയും എല്‍ ഡി എഫിലെയും വിമതര്‍ പിടിച്ചെടുത്തത്.
അടൂര്‍ മുനിസിപ്പിലാറ്റിയില്‍ വിജയിച്ച യു ഡി എഫ് വിമതന്‍ മുനിസിപ്പാലിറ്റി ആര് ഭരിക്കണമെന്ന് നിശ്ചയിക്കും. കൊടുമണ്‍ പഞ്ചായത്തിലും വിജയിച്ച ഏക കോണ്‍ഗ്രസ് വിമതന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ആലപ്പുഴയിലെ മുതുകുളം പഞ്ചായത്തില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തിയെങ്കിലും മൂന്ന് കോണ്‍ഗ്രസ് റിബലുകളും ജയിച്ചുകയറി. കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് റിബല്‍ മനോജ് തോമസ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. ചങ്ങനാശേരിയില്‍ കെ പി സിസി നിര്‍വാഹക സമിതിയംഗം ജോസി സെബാസ്റ്റ്യനെ കോണ്‍ഗ്രസ് റിബലാണ് തോല്‍പ്പിച്ചത്. കൊച്ചി കോര്‍പറേഷനില്‍ പതിനഞ്ചിടത്ത് കോണ്‍ഗ്രസ് റിബലുകള്‍ മല്‍സരിച്ചെങ്കിലും ജയിച്ചത് ഒരിടത്ത് മാത്രം. സി പി എമ്മിന്റെ രണ്ട് വിമതരും കൊച്ചിയില്‍ ജയിച്ചു. തൃശൂര്‍ കോര്‍പറേഷനില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു സി പി എം വിമതനും ഭരണം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. എല്‍ ഡി എഫിന് 25ഉം യു ഡി എഫിന് 21ഉം എന്നതാണ് ഇവിടെ കക്ഷി നില. ഒറ്റപ്പാലം നഗരസഭയില്‍ അഞ്ച് സി പി എം വിമതര്‍ ജയിച്ചതോടെ ഇവരുടെ തീരുമാനം ഭരണം തീരുമാനിക്കും. വയനാട് മുട്ടില്‍ പഞ്ചായത്തില്‍ യു ഡി എഫും എല്‍ ഡി എഫും ഒന്‍പത് സീറ്റ് വീതം നേടിയെങ്കിലും ജയിച്ച ഏക കോണ്‍ഗ്രസ് വിമതന്‍ തന്നെയായിരിക്കും ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. മുളളന്‍കൊല്ലി പഞ്ചയാത്തിലും രണ്ട് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതോടെ ഭരണം ആര്‍ക്കെന്നതില്‍ അവ്യക്തതയായി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
