Kerala
പത്മനാഭസ്വാമിക്ഷേത്രം റിപ്പോര്‍ട്ടില്‍ ക്രമക്കേടെന്ന് തത്സ്ഥിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്ന് മൂന്നാമത് തത്സ്ഥിതി റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച രേഖകളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്.
ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി അന്യാധീനപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ട്രസ്റ്റിന്റെ പ്രമാണപ്രകാരം ഭൂമി വില്‍ക്കാന്‍ ട്രസ്റ്റ് അധികൃതര്‍ക്ക് അധികാരമില്ലെന്നിരിക്കെ അധികൃതര്‍ ഭൂമികൈമാറിയത് ഗുരുതരമായ ക്രമക്കേടാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റിന്റെ കൈവശമുള്ള പല സ്വത്തുക്കള്‍ക്കും വ്യക്തമായ ഉടമസ്ഥതാരേഖയില്ല.
ട്രസ്റ്റിന്റെ കണക്കുകള്‍ സ്ഥിരമായി ഓഡിറ്റ് ചെയ്തിരുന്ന സ്ഥാപനത്തിന്റെയും പ്രത്യേക ഓഡിറ്റ് നടത്തിയ ചെന്നൈയിലെ സ്ഥാപനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണ്. ആ സാഹചര്യത്തില്‍ രണ്ടിലൊരു ഓഡിറ്റ് കണക്ക് തെറ്റെന്ന് കണക്കാക്കണം. 2011 മുതല്‍ 14 വരെ ട്രസ്റ്റിന്റെ കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്ക് ചെലവാക്കിയ തുകയേക്കള്‍ കുറവാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവാക്കിയിരിക്കുന്നത്. ട്രസ്റ്റിന്റെ കെട്ടിടങ്ങള്‍ക്ക് 72 ലക്ഷം രൂപ ചെലവാക്കിയപ്പോള്‍, ക്ഷേത്രത്തിനുവേണ്ടി ചെലവാക്കിയത് 15 ലക്ഷം മാത്രമാണ്. ക്ഷേത്രത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് 40 ഓഡിറ്റ് സംശയങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 22.75 ലക്ഷം രൂപ പാത്രങ്ങള്‍ വാങ്ങാന്‍ ചെലവായതായി കാണിക്കുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ അറ്റകുറ്റപ്പണിക്ക് 59.16 ലക്ഷം രൂപയും കാണിച്ചിട്ടുണ്ട്. ആദായനികുതി റിട്ടേണിലും തെറ്റായ വിവരങ്ങളാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ ചെലവുകളെല്ലാംതന്നെ ട്രസ്റ്റിന്റെ സ്ഥിരാസ്ഥിയില്‍ പെടുന്നതാണെന്ന് വിനോദ് റായ് ചൂണ്ടിക്കാട്ടി. ട്രസ്റ്റിന്റെ കീഴിലുള്ള കല്യാണമണ്ഡപങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഇതില്‍ നിന്നുള്ള വരുമാനങ്ങളില്‍ ആദായനികുതി ഇളവ് തേടിയിരുന്നത്. എന്നാല്‍, ട്രസ്റ്റ് സ്വതന്ത്രമാണെന്ന് അവര്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ ആദായനികുതിയിളവ് അവകാശപ്പെടാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ആദ്യത്തെ തത്സ്ഥിതി റിപ്പോര്‍ട്ടിന് ശേഷമാണ് ട്രസ്റ്റിന്റെ കണക്കുകള്‍ പ്രത്യേകമായ ഓഡിറ്റിംഗിന് വിധേയമാക്കിയതെന്ന് വ്യക്തമായതായിട്ടുണ്ട്. സുപ്രീം കോടതി നിയമിച്ച സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുടെ ഓഡിറ്റ് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ ഇത് എന്ന് സംശയിക്കേണടിയിരിക്കുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തിന്റെ കണക്കുകള്‍ക്കുപുറമേ, ട്രസ്റ്റിന്റെ കണക്കുകളും വിനോദ് റായി ഓഡിറ്റ് ചെയ്യുന്നത്.