Eranakulam
വിശപ്പിനോട് വിടപറഞ്ഞ് യു ഡി എഫ് പ്രകടന പത്രിക

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ആശ്വാസനിധി നിര്‍ബന്ധമാക്കുമെന്നും “വിശപ്പിനോട് വിട” പദ്ധതി ഏല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്നും യു ഡി എഫ് പ്രകടന പത്രിക. ആരും പട്ടിണി കിടക്കാത്ത ഗ്രാമങ്ങളും നഗരങ്ങളും എന്ന ലക്ഷ്യത്തിനായി ഒരു നേരത്തെ ഭക്ഷണമാണ് സൗജന്യമായി നല്‍കുക. ജനപങ്കാളിത്തതോടെയായിരിക്കും പദ്ധതി.
ഇന്നലെ കൊച്ചിയില്‍ നടന്ന യു ഡി എഫ് സംസ്ഥാന കണ്‍വന്‍ഷനില്‍ മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് എകെ ആന്റണിയാണ് യു ഡി എഫിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയത്. ഏല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്തും സൗജന്യമായി വൈഫൈ സംവിധാനം നടപ്പാക്കുമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി നല്‍ കുന്നതിന് അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ഡിജിറ്റില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടും നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്. യുവാക്കളെയും വിദ്യാര്‍ഥികളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഹൈടെക് ഫാമിംഗ് സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പ്രാദേശികമായി ഉത്പാദിപ്പിച്ച അരിയും പച്ചക്കറിയും ന്യായമായവിലക്ക് വിപണനം നടത്താന്‍ സംവിധാനമുണ്ടാക്കും. വിഷരഹിത ഭക്ഷണം എന്ന ലക്ഷ്യം നേടാനായി ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും, ഇതിന് ജനകീയ സമിതി രൂപവത്കരിക്കും, ഗുണനിലവാരമുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
കുടിവെള്ള മലിനീകരണം തടയുന്നതിന് ജന പങ്കാളിത്തതോടെ നടപടി സ്വീകരിക്കുമെന്നും ശാസ്ത്രീയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ഖര, ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കുമെന്നും ഒന്നില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് സംയുക്തമായ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും യു ഡി എഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.