Ongoing News
കൊച്ചി തട്ടകം ഇന്നുണരും ഇനി കളി മഞ്ഞയില്‍

കൊച്ചി: കനത്ത മഴ തുടരുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മഞ്ഞയില്‍ കളിച്ചാടാന്‍, ലെറ്റ്‌സ് ഫുട്‌ബോളിന്റെ ആരവം ഗാലറികളില്‍ ഏറ്റുവാങ്ങാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. മഴ മാറിനിന്നാല്‍ ഇന്ന് കലൂര്‍ ജവര്‍ലാല്‍ നെഹുറു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആവേശക്കടലിരമ്പുമെന്ന് തീര്‍ച്ച. ഐ എസ് എല്‍ രണ്ടാം സീസണില്‍ കേരളം അരങ്ങേറുന്നത് വടക്ക് കിഴക്കിന്റെ പോരാളികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ നേരിട്ടു കൊണ്ടാണ്. മഴ കാരണം ഇന്നലെ വൈകുന്നേരം ഇരുടീമുകള്‍ക്കും പരിശീലനത്തിനിറങ്ങാന്‍ സാധിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരം ഉദ്ഘാടനം ചെയ്യും. 7.00നാണ് കളി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ തത്‌സമയം.
പ്രഥമ എഡിഷനിലെ റണ്ണറപ്പുകള്‍ എന്ന പെരുമയുമായി കേരള ടീം എത്തുമ്പോള്‍, അരങ്ങേറ്റം ഒട്ടും മികച്ചതായിരുന്നില്ല നോര്‍ത്ത് ഈസ്റ്റിന്. കരുത്തും പ്രതിഭയുമുണ്ടായിട്ടും അവസാന സ്ഥാനത്തായി പോയി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ വടക്കു കിഴക്കന്‍ സംഘം. എന്നാല്‍, അതെല്ലാം മറന്ന്, ഏറെ പുതുമകളോടെയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിചയത്തിനൊപ്പം പുതുരക്തത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍, തങ്ങളുടെ കുറവുകള്‍ പരിഹരിച്ച് ദുര്‍ബല മേഖലകള്‍ ശക്തിപ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടുവട്ടം മുഖാമുഖമെത്തിയപ്പോള്‍ ഒന്നില്‍ നോര്‍ത്ത് ഈസ്റ്റ് ജയിച്ചു, രണ്ടാമത്തേത് സമനിലയില്‍. ആ ബാധ്യത തീര്‍ക്കുക ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.
ബ്രസീലിന്റെ ഗുസ്മാവോ, സ്‌കോട്ട്‌ലന്‍ഡ് താരങ്ങള്‍ ജെയിംസ് മക്അലിസ്റ്റ്, സ്റ്റീവന്‍ പിയേഴ്‌സണ്‍, ആസ്‌ത്രേലിയയുടെ ആന്‍ഡ്രൂ ബാരിസിച്ച്, ഫ്രഞ്ച് താരങ്ങള്‍ സെഡ്രിക് ഹെങ്ബര്‍ട്ട്, റാഫേല്‍ റോമി, അയര്‍ലന്‍ഡിന്റെ കോളിന്‍ ഫാല്‍വെ തുടങ്ങിയവരൊന്നും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല. തികച്ചും വ്യത്യസ്തമായ ടീമിനെയാണ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രംഗത്തിറക്കുന്നത്. ടീമിലുണ്ടായിരുന്ന മലയാളി താരങ്ങള്‍ സുശാന്ത് മാത്യുവും സി എസ് സബീത്തും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയുന്നില്ല. മധ്യനിര താരം സി കെ വിനീതും സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയും ടീമിലെ മലയാളി താരങ്ങള്‍.
രണ്ട് ടീമിന്റെയും മാര്‍ക്വീ താരങ്ങള്‍ ഇന്നു ബൂട്ടണിയില്ലെന്നത് പ്രധാന നിരാശ. ബ്ലാസ്റ്റേഴ്‌സിന്റെ കാര്‍ലോസ് മര്‍ച്ചേനയ്ക്കും നോര്‍ത്ത് ഈസ്റ്റിന്റെ സിമാവോ സബ്രോസയ്ക്കും തിരിച്ചടിയായത് പരിക്ക്.മര്‍ച്ചേന ചികിത്സയ്ക്കായി സ്‌പെയിനിലേക്ക് മടങ്ങി.മര്‍ച്ചേനയില്ലാത്ത പ്രതിരോധത്തില്‍ കരുത്തനാകേണ്ട സന്ദേശ് ജിംഗാനും മധ്യനിരയിലെ മിന്നും താരമായ കാവിന്‍ ലോബോയും ഇന്നിറങ്ങില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ദേശീയ ടീമില്‍ ഇടം നേടിത താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിലാണ്. അടുത്ത രണ്ട് കളികള്‍ കൂടി ജിംഗാനും ലോബോക്കും നഷ്ടമാകും.
മര്‍ച്ചേനയുടെയും ജിംഗാന്റെയും അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് വില്ല്യംസും പീറ്റര്‍ റാമേജും ബ്രൂണോ പെരോനെയുമായിരിക്കും ഇറങ്ങുക. ഗുര്‍വീന്ദര്‍ സിങ്, സൗമിക് ദേ, രാഹുല്‍ ബെക്കെ, രമണ്‍ദീപ് സിങ് എന്നിവരും പ്രതിരോധത്തിലുണ്ട്. ഗുര്‍വിന്ദര്‍ സിങ്ങാകും നാലാമനായി എത്തുക.
മധ്യനിരയും മികച്ചത്. സ്പാനിഷ് താരം വിക്ടര്‍ ഹെരേര നിയന്ത്രിക്കുന്ന മധ്യനിരയില്‍ ഇരുപത്തിരണ്ടുകാരന്‍ സ്‌പെയ്‌ന്റെ ജോസെ പെരേറ്റോ, പോര്‍ച്ചുഗല്‍ താരം ജോവോ കോയ്മ്പ്ര, ഇരുപത്തിയൊന്നുകാരന്‍ ഇംഗ്ലണ്ടിന്റെ അന്റോണിയോ ജര്‍മന്‍ എന്നിവര്‍ മറ്റു വിദേശ താരങ്ങള്‍. ഇവര്‍ക്കൊപ്പം ഇഷ്ഫഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, പീറ്റര്‍ കാര്‍വാലോ, ശങ്കര്‍ സംപിംഗിരാജ് എന്നിവരുമുണ്ട്. ഇവരില്‍ പരിക്കുള്ള അന്‍േറാണിയോ ജര്‍മന്‍ കളിക്കാന്‍ സാധ്യതയില്ല.
എതിര്‍ വലയില്‍ പന്തെത്തിക്കാനുള്ള പ്രധാന ചുമതല ലെയ്റ്റണ്‍ ഓറിയന്റ് താരം ക്രിസ് ഡഗ്‌നലിനും ആഴ്‌സണല്‍ അക്കാദമിയുടെ സാഞ്ചസ് വാട്ടിനും. മലയാളി താരം മുഹമ്മദ് റാഫി, മന്‍ദീപ് സിങ് എന്നിവരും മുന്നേറ്റത്തെ കരുത്തുറ്റതാക്കുന്നു. മുപ്പതിനാലുകാരന്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ബെയ്‌വാട്ടറാണ് മുഖ്യഗോളി. സന്ദീപ് നന്ദിയും ഷില്‍ട്ടണ്‍ പോളും മറ്റ് കാവല്‍ക്കാര്‍.
പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറുടെ അനുഭവസമ്പത്തും ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. ഇംഗ്ലണ്ട് അണ്ടര്‍ 20, 21 ടീമിനെയും ബഹ്‌റൈന്‍ ടീമിനെയും പരിശീലിപ്പിച്ച ടെയ്‌ലര്‍, ക്രിസ്റ്റല്‍ പാലസ്, ഹള്‍ സിറ്റി, ലീസസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ടീമുകളെയും കളത്തിലിറക്കി. ഇംഗ്ലീഷുകാരന്‍ ട്രെവര്‍ മോര്‍ഗനും, ഇന്ത്യന്‍ മധ്യനിര താരം ഇഷ്ഫഖ് അഹമ്മദും ടെയ്‌ലറുടെ സഹായികള്‍. ഗോള്‍കീപ്പിങ് കോച്ചായി ഓസ്‌ട്രേലിയയുടെ നീല്‍ യങ്ങുമുണ്ട്.
2011ലെ കോപ്പ അമേരിക്കയില്‍ വെനസ്വേലയെ സെമിഫൈനലിലെത്തിച്ച സെസാര്‍ ഫാരിയാസ് നോര്‍ത്ത് ഈസ്റ്റിനെ ഒരുക്കുന്നത്. ഐവറി കോസ്റ്റിന്റെ രാജ്യാന്തര താരം ബുബാക്കര്‍ സനോഗോ, സെനഗലിന്റെ സ്‌െ്രെടക്കര്‍ കമാറ, അര്‍ജന്റീനക്കാരന്‍ വെലെസ് നിക്കോളസ് എന്നിവര്‍ ഫാരിയാസിന്റെ മുഖ്യായുധങ്ങള്‍. പ്രതിരോധത്തില്‍ നോര്‍ത്ത് ഈസ്റ്റിനും ആശങ്കയുണ്ട്. പരിക്കേറ്റ ഐബോര്‍ലാങ് കോങ്ജിക്കും കളിക്കാനാവില്ല. പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം സെഡ്രിക് ഹെങ്ബര്‍ട്ട്, പോര്‍ച്ചുഗീസ് കരുത്തന്‍ മിഗ്വേല്‍ ഗാര്‍ഷ്യ എന്നിവരാണ് പ്രധാനികള്‍. ഒപ്പം റോബിന്‍ ഗുരുങ്, ഐബോര്‍ലാങ് കോങ്ജി, സോഹ്മിംഗ്ലിയാന രാള്‍ട്ടെ, റീഗന്‍ സിങ് തുടങ്ങിയ യുവതാരങ്ങളും ഉള്‍പ്പെടുന്നു. മാര്‍ക്വീ താരം സിമാവോ സബ്രോസയുടെ അഭാവം നിഴലിക്കുമെങ്കിലും, സാംബിയയുടെ കോണ്ട്‌വാനി മോംഗ, സെവിയ്യയുടെ മുന്‍ താരം ബ്രൂണോ അരിയാസ്, പോര്‍ച്ചുഗല്‍ മുന്‍ താരം സൈലാസ് എന്നിവര്‍ കൂടിയാകുമ്പോള്‍ മധ്യനിര മുന്‍ വര്‍ഷത്തേക്കാള്‍ ശക്തം. ഒപ്പം സഞ്ജു പ്രധാന്‍, സിയാം ഹാങ്ഗല്‍, ബോയ്താങ് ഹോകിപ്, അലന്‍ ഡിയോറി, മാര്‍ലാംഗി സ്യൂട്ടിങ്, സെയ്ത്യാസെന്‍ സിങ് എന്നീ ഇന്ത്യന്‍ താരങ്ങളുമുണ്ട്. ഗോളടിക്കാനുള്ള ചുമതല ഐവറികോസ്റ്റ് രാജ്യാന്തര താരം ബൗബാക്കര്‍ സനോഗോ, അര്‍ജന്റീനയുടെ നിക്കോളാസ് വാലസ്, ഘാന താരം ഫ്രാന്‍സിസ് ഡഡ്‌സി, സെനഗലിന്റെ ഡിയോമാന്‍ കമാറ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ഹോളി ചരണ്‍ നര്‍സാരിക്കും. ഗോള്‍ വലയം കാക്കുന്നതില്‍ പ്രമുഖന്‍ ഫ്രഞ്ച് താരം ഗന്നാരൊ ബ്രാസിഗ്ലിയാനോ. ഗോള്‍കീപ്പിങ് പരിശീലകന്റെ റോള്‍ കൂടിയുണ്ട് ഗന്നാരൊക്ക്. ഗന്നാരോക്കൊപ്പം മലയാളിതാരം ടി.പി. രഹനേഷും ലാല്‍തുംമാവിയ രാള്‍ട്ടെയും.
മര്‍ച്ചേനയും ജിംഗാനും
ഇല്ലാത്തത് ബാധിക്കില്ല : പീറ്റര്‍ ടെയ്‌ലര്‍
കൊച്ചി: കാര്‍ലോസ് മര്‍ച്ചേനയുടെയും സന്ദേശ് ജിങ്കാന്റെയും അഭാവം ടീമിന് ക്ഷീണമുണ്ടാക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം കോച്ച് പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകളാണ് പുതിയ സീസണിനായി ടീം നടത്തിയിരിക്കുന്നത്. എല്ലാ മേഖലയിലും ടീം കരുത്തരാണ്. മികച്ച താരനിരയുള്ള ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കടുത്ത മത്സരമാണ് യുണൈറ്റഡില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.