Connect with us

Ongoing News

ലെവന്‍ഡോവ്‌സ്‌കിയുടെ അത്ഭുത പ്രകടനം; ഒന്‍പത് മിനിറ്റിനിടെ അഞ്ച് ഗോള്‍

Published

|

Last Updated

ബെര്‍ലിന്‍: ബ്യുണ്ടസ് ലീഗില്‍ അലയന്‍സ് അരീനയിലെ പുല്‍ത്തകിടികളെ പ്രകമ്പനംകൊള്ളിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ മാസ്മരിക പ്രകടനം. ഒന്‍പത് മിനിറ്റിനിടെ അഞ്ച് ഗോള്‍ നേടിയാണ് ലെവന്‍ഡോവ്‌സ്‌കി വിസ്മയിപ്പിച്ചത്. പകരക്കാരുടെ ബെഞ്ചില്‍ നിന്ന് വന്നായിരുന്നു വോള്‍ഫ്‌സ്‌ബെര്‍ഗിനെ ലെവന്‍ഡോവ്‌സ്‌കി നാണംകെടുത്തിയത്.
കളി തുടങ്ങി 26ാം മിനിറ്റില്‍ ബയേണിനെ ഞെട്ടിച്ച് വൂള്‍ഫ്‌സ്‌ബെര്‍ഗാണ് ആദ്യം ഗോള്‍ നേടിയത്. കളി ആദ്യ പകുതി പിന്നിടുമ്പോള്‍ അവര്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷമാണ് കോച്ച് ഗാര്‍ഡിയോള ലെവന്‍ഡോവ്‌സ്‌കിയെ ഇറക്കിയത്. കളത്തിലറങ്ങി സെക്കന്റുകള്‍ക്കകം തന്നെ അദ്ദേഹം ടീമിന് സമനില പിടിച്ചുനല്‍കി. 51ാം മിനിറ്റിലായിരുന്നു അത്. പിന്നീട് കളം കണ്ടത് ലെവന്‍ഡോവ്‌സ്‌കിയുടെ സംഹാരതാണ്ഡവമായിരുന്നു. അടുത്ത മിനിറ്റില്‍ വീണ്ടും ഗോള്‍. ബയേണിന് ലീഡ്. 55ാം മിനിറ്റില്‍ ഹാട്രിക് തികച്ചു. 57ാംമിനിറ്റില്‍ അടുത്ത ഗോള്‍. 60 മിനിറ്റില്‍ കളിയിലെ ഏറ്റവും മനോഹരവും അവസാനത്തേതുമായ ഗോള്‍. ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനം കണ്ട് കോച്ച് പെപ് ഗാര്‍ഡിയോള പോലും തലയില്‍ കൈവച്ചു. ബുണ്ടസ് ലീഗ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പകരക്കാരന്‍ അഞ്ച് ഗോള്‍ നേടുന്നത്. 1977ല്‍  ആറ് ഗോള്‍ നേടിയ മുള്ളര്‍ മാത്രമാണ് ജര്‍മ്മന്‍ ലീഗില്‍ ഒരു മത്സരത്തില്‍ അഞ്ചിലധികം ഗോള്‍ നേടിയ ഏക താരം.

scoreboard-leven