Connect with us

Ongoing News

മര്‍കസ് 'മസ്‌റ' പ്രൊജക്ട്: കാര്‍ഷിക സംസ്‌കാരത്തിലേക്കുള്ള നൂതന വഴി

Published

|

Last Updated

കേരളത്തിലെ കാര്‍ഷിക മേഖലയുടെ അവസ്ഥ എന്താണ്? ചരിത്രം പറയുന്നു കേരളത്തിലെ സുഗന്ധ വിളകള്‍ കണ്ടുകൊണ്ടാണ് ഇവിടെ വിദേശികള്‍ വന്നത്. എന്നാല്‍ കേരളീയരുടെ ആവശ്യം നെല്ലു തന്നെയായിരുന്നു. അത് നമ്മുടെ ആവശ്യത്തിന് ഇവിടെ ഉല്പാദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നോ?
ഒരു നിമിഷം വെറുതെ ഇരിക്കുന്നത് പാപമെന്ന് കരുതുന്ന അടിയാളന്മാരും അതില്‍ കോപം കൊള്ളുന്ന ജന്മികളും. അദ്ധ്വാനിക്കുന്നവന്റെ തലമുറക്കു അതിനു മാത്രമേ അവകാശമുള്ളൂ എന്ന അലിഖിത തത്വങ്ങള്‍ നില നിന്നിരുന്ന കാലം. മാറ്റം ആവശ്യമായിരുന്നു. മാറ്റത്തിനുവേണ്ടിയുയര്‍ന്ന മുറവിളികള്‍ സമൂഹത്തില്‍ ചില മിഥ്യാധാരണകള്‍ ഉണ്ടാക്കി. അദ്ധ്വാനിക്കുന്നത്, കൃഷിപണി ചെയ്യുന്നത് മാന്യതക്കുറവും മേല്‍നോട്ടക്കാരായി ജന്മിയെപോലെ നടക്കുന്നത് നിലയും വിലയുമുണ്ടാക്കുന്നുവെന്നും. കൃഷിയുടെ മാന്യത ആരും ആരെയും പഠിപ്പിച്ചില്ല.
എന്താണ് പരിഹാരം? നമ്മുടെ മനോഭാവം നമ്മള്‍ മാറ്റിയേ തീരൂ? പാലക്കാട്ടുള്ള ചില കര്‍ഷകര്‍, അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. എന്നാല്‍ നെല്‍കൃഷി തുടങ്ങുന്ന സമയം അവര്‍ അവധിയെടുത്ത് കാര്‍ഷിക മേഖലയില്‍ വ്യാപൃതരാകുന്നു. അത്തരം മനോഭാവം, കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താനുള്ള മനോഭാവം, അത് അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. കൃഷി അവര്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ അടുത്ത തലമുറക്ക് ആ മനോഭാവമില്ലെങ്കിലോ?
മഞ്ഞില്‍ മൂടിക്കിടക്കുന്ന യൂറോപ്പില്‍ ആറു മാസക്കാലം കൃഷി ചെയ്യാന്‍ പറ്റില്ല. ഒരുപാട് പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ കൃഷിയെ ആസ്പദമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയുമല്ല അവരുടേത്. യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും അധീനപ്പെടുത്തി ഭരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഉപഭൂഖണ്ഡം കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഭരണകൂടം നിയോഗിക്കുന്നത് അങ്ങനെയാണ്. പിടിച്ചടക്കാന്‍ അന്യനാടുകള്‍ ഇല്ലാതായപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം കൈയേറാന്‍ ശ്രമിച്ചു.
രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും ശേഷം യൂറോപ്യന്‍മാര്‍ തമ്മിലും യൂറോപ്പും അമേരിക്കയും തമ്മിലും യുദ്ധമുണ്ടാകാന്‍ പാടില്ലെന്ന് സന്ധിയുണ്ടാക്കി. നേരിട്ട് യുദ്ധം ചെയ്യാതെതന്നെ മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നതിനും ആ രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായിരുന്നു ഹരിതവിപ്ലവം. ഹരിതവിപ്ലവം കൊടുംചതിയായിരുന്നു. പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുക മാത്രമാണ് ഹരിതവിപ്ലവം ചെയ്തത്.
ഗ്രാമങ്ങളുടെ സമ്പത്ത് നഗരത്തിലേക്കും നഗരത്തില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്കും കൊണ്ടുപോകുക എന്നതു മാത്രമായിരുന്നു ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ പുതിയൊരു സാമ്പത്തിക സാമ്രാജ്യത്വത്തിലൂടെ ആ രാജ്യങ്ങളെ ചൂഷണം ചെയ്യാമെന്നായിരുന്നു അധീശരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഹരിതവിപ്ലവം അതിന്റെ തുടക്കമായിരുന്നു. പിന്നീട് അതിനെ ആഗോളവത്കരണം, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നൊക്കെ വിളിക്കുന്നു. ഇന്ത്യക്ക് സ്വാശ്രയത്വം നല്‍കലോ ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തരാക്കലോ ആയിരുന്നില്ല ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും സമ്പദ് വ്യവസ്ഥയും ചൂഷണം ചെയ്യുക അത് മാത്രമായിരുന്നു ഒരേയൊരു ഉദ്ദേശ്യം.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എന്നു പറയുന്നത് 90 ശതമാനവും ഗ്രാമങ്ങളെ ആശ്രയിച്ചുള്ളതായിരുന്നു. ഗ്രാമത്തിലെ കര്‍ഷകരെ ആശ്രയിച്ചാണ് നഗരങ്ങളും നഗരത്തിലെ ജനങ്ങളും ജീവിച്ചിരുന്നത്. ഗ്രാമങ്ങളില്‍ വ്യവസായങ്ങളില്ല. സേവനമേഖലകളില്ല. ഇന്ത്യന്‍ കര്‍ഷകര്‍ ഒന്നും വാങ്ങിയിരുന്നില്ല. വിത്ത് വാങ്ങുന്നില്ല. വളം വാങ്ങുന്നില്ല. കീടനാശിനി വാങ്ങുന്നില്ല. പമ്പുസെറ്റ് വാങ്ങുന്നില്ല. കീടങ്ങളില്ല. രോഗങ്ങളില്ല. അവര്‍ക്ക് സ്വന്തമായി കാളയും പശുവുമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൃഷി ചെയ്യുന്നു. ഒന്നിനും നഗരങ്ങളെ ആശ്രയിക്കുന്നില്ല. കര്‍ഷകന്‍ ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യന്‍ പണം എങ്ങനെ അമേരിക്കയുടെയും യൂറോപ്പിന്റെയും കീശയിലെത്തും? ഇന്ത്യന്‍ ജനതയുടെ രീതികള്‍ മൊത്തം മാറ്റണമെന്ന് അവര്‍ ചിന്തിച്ചു. ഇന്ത്യയില്‍ ആയിരക്കണക്കിന് നാടന്‍ നെല്‍വിത്തുകളുണ്ടായിരുന്നു. ഈ പാരമ്പര്യ വിത്തുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കുറഞ്ഞ വിള ലഭിക്കുന്നതെന്ന് ആദ്യമേ ഹരിതവിപ്ലവക്കാരന്‍ പ്രചരിപ്പിച്ചു. നാടന്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍കൃഷിയില്‍ നിന്ന് ഏക്കറിന് 1500 മുതല്‍ 1800 കിലോ വിളവ് ലഭിച്ചിരുന്നു. നാടന്‍ ഗോതമ്പ് ഏക്കറിന് 600 മുതല്‍ 1000 കിലോ വരെ വിളവ് നല്‍കിയിരുന്നു. ഇന്ത്യന്‍ കര്‍ഷകര്‍ വിശ്വാസികള്‍ കൂടിയാണല്ലോ. ഏക്കറിന് 30 ക്വിന്റല്‍ വരെ വിളവ് ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള വിത്തുകളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചു. കാര്‍ഷിക സര്‍വകലാശാലകള്‍ സ്ഥാപിച്ച് പുതിയ ഇനം വിത്തിനും കൃഷിരീതിക്കും പ്രചാരം നല്‍കി.
അതോടെ കര്‍ഷകന് ആഗ്രഹങ്ങള്‍ കൂടി. അവന്‍ എല്ലാം വില കൊടുത്തു വാങ്ങാന്‍ തുടങ്ങി. അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ ആദ്യം വാങ്ങി. ഉത്പാദനം മെച്ചപ്പെടുത്താന്‍ രാസവളം വാങ്ങി. രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെയും വിളയുടേയും പ്രതിരോധശേഷി കുറഞ്ഞു. കീടങ്ങള്‍ അതിക്രമിച്ചു കയറി. രോഗങ്ങള്‍ വന്നു. ഇവയെ നിയന്ത്രിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികളും വില കൊടുത്തു വാങ്ങേണ്ടിവന്നു. അമിതമായ രാസവള പ്രയോഗം മണ്ണിന്റെ കനം വര്‍ധിപ്പിച്ചു. കലപ്പ പറ്റാതായി. നിലം ഉഴുതാന്‍ ട്രാക്ടര്‍ വന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ഇല്ലാത്ത മാരകരോഗങ്ങള്‍ വരാന്‍ തുടങ്ങി. അതോടെ അലോപ്പതിയുടെ വരവായി. സമ്പത്ത് ചൂഷണം ചെയ്യാനുള്ള ഈ മാര്‍ഗം കണ്ടെത്താന്‍ ഹരിതവിപ്ലവത്തിന്റെ അണിയറയില്‍ വന്‍ഗൂഢാലോചനയാണ് നടന്നത്.
അത്യുത്പാദന ശേഷിയുള്ള വിത്തും വളവും കീടനാശിനിയും അലോപ്പതി മരുന്നുകളും വാങ്ങാന്‍ ഗ്രാമങ്ങളില്‍ നിന്ന് പണം നഗരങ്ങളിലേക്ക് ഒഴുകി. പണം നഗരങ്ങളില്‍ നില്‍ക്കുകയാണെങ്കിലും കുഴപ്പമില്ല. ഇന്ത്യയില്‍ തന്നെയാണ് എന്ന് സമാധാനിക്കാം. നഗരം ഒരു ഇടനിലക്കാരന്‍ മാത്രമാണ്. കമ്മീഷന്‍ മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. പണം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വഴി ഇന്ത്യക്ക് പുറത്തേക്കാണ് ഒഴുകുന്നത്. 1,40,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്. എല്ലാ വര്‍ഷവും നമ്മുടെ കോടികള്‍ പുറത്തേക്ക് പോകുന്നു. വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍, അലോപ്പതി, കോസ്മറ്റിക്‌സ് അങ്ങനെ കര്‍ഷകര്‍ ഉപഭോക്താവായി മാറിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ഹരിതവിപ്ലവക്കാരന്‍ ഉദ്ദേശിച്ച സാമ്പത്തിക സാമ്രാജ്യത്വം അവര്‍ വിചാരിച്ചതിലും എളുപ്പം അധീശത്വം നേടി.
രാസവളം ഉപയോഗിച്ചുള്ള കൃഷി കൃഷിക്കാരന് ഗുണം ചെയ്യുന്നുണ്ടെങ്കില്‍, മണ്ണിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നില്ലെങ്കില്‍, ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, വിളകളില്‍ വിഷാംശമില്ലെങ്കില്‍ അംഗീകരിക്കാം. പക്ഷേ, സംഭവിക്കുന്നത് എന്താണ്? മണ്ണും വായുവും വെള്ളവും മലിനമാകുന്നു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു. ആഗോള താപനം രൂക്ഷമാകുന്നു. വന്‍ തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നുണ്ട്. കര്‍ഷകര്‍ കടക്കെണിയിലായി. ആത്മഹത്യ പെരുകി. എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുകയാണ് രാസകൃഷി. പുതിയ പുതിയ രോഗങ്ങള്‍ വന്നു. ഒന്നിനും ഒരു നിയന്ത്രണവുമില്ല. പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ ഭാവിതലമുറക്ക് നിലനില്‍പുണ്ടാകില്ല. വിവേക ശൂന്യമായ ഈ കൃഷിരീതി അവസാനിപ്പിക്കുന്നതിനാണ് ബദല്‍ കൃഷിരീതിയെ ക്കുറിച്ച് ആലോചിച്ചത്.
ആധുനിക ജൈവകൃഷി ഇന്ത്യന്‍ ഫിലോസഫിയല്ല. അത് ഇന്ത്യന്‍ ടെക്‌നോളജിയുമല്ല. അത് വിദേശ ടെക്‌നോളജിയാണ്. ആധുനിക ജൈവ കൃഷി കമ്പോള വത്കരണത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. രാസകൃഷിയേക്കാള്‍ അപകടമാണ് ജൈവകൃഷി. ജൈവകൃഷിയില്‍ നിക്ഷേപ ചെലവ് രാസകൃഷിയുടേതിനേക്കാള്‍ നാലിരട്ടിയാണ്. കര്‍ഷകരെ കൂടുതലായി ചൂഷണം ചെയ്യുന്ന രീതിയാണ് ജൈവകൃഷിയിലുള്ളത്. എന്നാല്‍ പാരമ്പര്യമായ കാര്‍ഷിക രീതിയെ ആധുനിക സാങ്കേതിക വിദ്യകളുമായി കൂട്ടിയിണക്കി പ്രകൃതി സൗഹൃദമായ കാര്‍ഷിക രീതിയാണ് നമുക്ക് അഭികാമ്യം. മണ്ണിലുള്ള ജീര്‍ണിച്ച ജൈവാംശത്തില്‍ നിന്നാണ് ഏതൊരു സസ്യത്തിന്റേയും വേര് പോഷകം വലിച്ചെടുക്കുന്നത്. ഈ ജൈവാംശമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നു പറയുന്നത്. ജൈവാംശം കൂടുന്നത് അനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂടും. ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും മരങ്ങളില്‍നിന്നു വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചാണ് ഈ ജൈവാംശം രൂപപ്പെടുന്നത്. മണ്ണിര കമ്പോസ്റ്റ് ഇന്ത്യന്‍ ടെക്‌നോളജിയല്ല. ഈ ടെക്‌നോളജിയില്‍ വരുന്ന മണ്ണിര മണ്ണ് തിന്നുന്നില്ല. മണ്ണു തിന്നുന്നതാണ് മണ്ണിര.
കാര്‍ഷിക സംസ്‌കാരം മലയാളികളുടെ ഒരു പാരമ്പര്യമായിരുന്നു. മുമ്പ് കാലത്ത് അതി മനോഹരമായ കൃഷിത്തോട്ടങ്ങള്‍ കൊണ്ടാനുഗ്രഹീതമായിരുന്നു കേരളം. ആ കാലത്തേക്ക് സമൂഹത്തെ തിരിച്ചു കൊണ്ട് പോകാനുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതിയാണ് മര്‍കസ് മസ്‌റ (മര്‍കസ് അലയന്‍സ് ഫോര്‍ സീറോ വേസ്റ്റ് മാനേജ്‌മെന്റ്, റീഫോറസസ്‌റ്റെഷന്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍). സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മര്‍കസ് അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് മസ്‌റ. കമ്പോള സംസ്‌കാരത്തിന്റെ വശ്യതയില്‍ മലയാളികള്‍ മറന്നു പോയ കൃഷി പാഠങ്ങളും കാര്‍ഷിക സംസ്‌കാരവും അതി നൂതനമായ സാങ്കേതിക പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് ഈ പദ്ധതി. സാധാരണക്കാര്‍ക്കിടയില്‍ മികച്ച കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് മസ്‌റ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിയിലൂടെ മര്‍കസ് സംസ്ഥാന വ്യാപകമായി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ജൈവ കാര്‍ഷിക പദ്ധതികള്‍ ജനകീയമായി നടപ്പിലാക്കും. ഇത് വഴി വിഷവിമുക്തമായ പച്ചക്കറികളും മംസാഹാരങ്ങളും ക്ഷീരോല്‍പ്പന്നങ്ങളും ഓരോ അടുക്കളയിലും സുലഭമായി ലഭിക്കും. അതിനായി അന്താരാഷ്ട്ര നിലവാരത്തില്‍ ഡയറി ഫാം, ഗോട്ട് ഫാം, പോള്‍ട്ടറി ഫാം, അഗ്രി ഫാം, അക്വാ കള്‍ചര്‍ ഫാം എന്നീ ബൃഹത്തായ സംവിധാനങ്ങളാണ് മസ്‌റ ഒരുക്കുന്നത്. പച്ചക്കറി, ഇറച്ചി, പാല്‍ തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യ വസ്തുക്കള്‍ സ്വയം ഉത്പാദിപ്പിക്കാനും വിഷ വിമുക്തമായ ഭക്ഷ്യ സംസ്‌കാരം നടപ്പിലാക്കാനുമായി വിവിധ ജനകീയ പദ്ധതികളും മര്‍കസ് ആവിഷ്‌കരിച്ചിട്ടുണ്ട്. കര്‍ഷകര്‍, തൊഴിലില്ലാത്ത പ്രവാസികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ പദ്ധതി പ്രയോചനപ്പെടും. അഭ്യസ്തവിദ്യര്‍ക്കും അല്ലാത്തവര്‍ക്കും നേരിട്ട് പങ്കാളികളാകാന്‍ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.