Connect with us

Business

സൂചിക ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചില്‍

Published

|

Last Updated

ഓഹരി വിപണിക്ക് നേരിട്ട തിരിച്ചടി മൂലം മുന്‍ നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപ അലിഞ്ഞ് ഇല്ലാതായി. വില്‍പ്പന സമ്മര്‍ദത്തില്‍ വിപണി ആടി ഉലഞ്ഞതോടെ വാരാന്ത്യം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് സൂചിക നീങ്ങി.
മൊത്തം 1,00,921.74 കോടി രൂപയാണ് വിപണി മൂല്യത്തില്‍ നിന്ന് അലിഞ്ഞ് ഇല്ലാതായത്. ബോംബെ സൂചിക പോയവാരം 1004 പോയിന്റും നിഫ്റ്റി 301 പോയിന്റും താഴ്ന്നു. ഒരാഴ്ച്ചക്കിടയിലെ നഷ്ടം മൂന്നര ശതമാനം.
സണ്‍ ഫാര്‍മയുടെ വിപണി മൂല്യം 21,534 കോടി രൂപയും ഇന്‍ഫോസീസിന്റെ മൂല്യത്തില്‍ 21,327 കോടി രൂപയും കുറഞ്ഞു. റ്റി സി എസ്, ആര്‍ ഐ എല്‍, ഐ റ്റി സി, ഒ എന്‍ ജി സി, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, എസ് ബി ഐ എന്നിവക്കും തളര്‍ച്ചനേരിട്ടു.
നിഫ്റ്റിക്ക് സൂചിക 8,620 ല്‍ നിന്നുള്ള തകര്‍ച്ച വന്നടിഞ്ഞത് 8273 പോയിന്റിലാണ്. നിഫ്റ്റി സാങ്കേതികമായി ദുര്‍ബലാവസ്ഥയിലാണ്. എങ്കിലും ഒരു പുള്‍ ബാക്ക് റാലി പ്രതീക്ഷിക്കാം. വ്യാഴാഴ്ച ഏപ്രില്‍ സീരിസ് സെറ്റില്‍മെന്റാണ്.
ബോംബെ സൂചിക 28,539 വരെ ഉയര്‍ന്ന അവസരത്തിലെ വില്‍പ്പന സൂചിക 27,344 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം സെന്‍സെക്‌സ് 27,437 ലാണ്. സെന്‍സെക്‌സ് മൂന്ന് മാസങ്ങളിലെ താഴ്ന്ന റേഞ്ചിലാണ്. സൂചിക രണ്ടാഴ്ചകളില്‍ അഞ്ച് ശതമാനം ഇടിഞ്ഞു.
മുന്‍ നിരയിലെ 30 ഓഹരികളില്‍ 28 എണ്ണത്തിന്റെയും നിരക്ക് ഇടിഞ്ഞു. ടാറ്റാ സ്റ്റീലും റ്റി സി എസും മാത്രമാണ് മികവ് കാണിച്ചത്. ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍ വിഭാഗം ഓഹരി വിലകള്‍ ഇടിഞ്ഞു.
മുന്‍ നിര ഓഹരിയായ വിപ്രോ ഓഹരി വില പത്ത് ശതമാനം ഇടിഞ്ഞു. സണ്‍ ഫാര്‍മ, സിപ്ല, ഡോ: റെഡീസ്, ഇന്‍ഫോസീസ്, ഹിന്‍ഡാല്‍ക്കോ, എസ് ബി ഐ, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്‌സ്, ബജാജ് ഓട്ടോ, ഏ ആര്‍ ഐ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു.
കോര്‍പറേറ്റ് മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തന ഫലങ്ങള്‍ക്ക് നിക്ഷേപകരുടെ പ്രതീക്ഷക്ക് ഒത്തു തിളങ്ങാനായില്ല. എല്‍-ലിനോ പ്രതിഭാസം മണ്‍സൂണിനെ ദുര്‍ബലമാക്കുമെന്ന കാലാവസ്ഥ വിലയിരുത്തലുകളും വിപണിക്ക് പോയവാരം തിരിച്ചടിയായി.
രൂപയുടെ വിനിമയ നിരക്ക് മുന്നര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 63.56 ലേക്ക് ഇടിഞ്ഞു. പോയവാരം ബി എസ് ഇ യില്‍ 19,165 കോടി രൂപയുടെയും എന്‍ എസ് ഇ ല്‍ 1,16,053 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.

Latest