Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കൈവശമുള്ള കുളത്തില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേര്‍ന്നുള്ള ശ്രീപാദം കൊട്ടാരത്തിനുള്ളിലെ കുളത്തില്‍നിന്നാണ് അഞ്ച് സ്റ്റീല്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ്, ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പുകളിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ബോംബുകളില്‍ നാലെണ്ണം സ്‌ഫോടന ശേഷിയുള്ളതാണെന്ന് പോലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ക്വാറിയില്‍ കൊണ്ടുപോയി ബോംബുകള്‍ നിര്‍വീര്യമാക്കി.
പരിശോധനയില്‍ കാലപ്പഴക്കം ചെന്ന ബോംബുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈപ്പുകളില്‍ തുരുമ്പ് പിടിച്ചിട്ടുണ്ട്. 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. 40 സെ മി നീളവും അഞ്ച് സെ മി വ്യാസവുമുള്ളതാണ് ബോംബുകള്‍. കുളത്തിലെവെള്ളം മൂന്ന് അടി വറ്റിച്ച ശേഷം ഒന്നര അടിയോളം ചെളി കോരി മാറ്റിയപ്പോഴാണ് ബോംബ് കണ്ടെത്തിയത്. പുറത്തെടുത്ത ബോംബുകളില്‍ ഒരെണ്ണത്തില്‍നിന്ന് ചെറിയ പുകയും ശബ്ദവുമുയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. അതേസമയം ഏറെ നാളായി വെള്ളത്തിനടിയില്‍ കിടന്ന ശേഷം പുറത്തെടുത്തതിനാലാണ് പുകയും ശബ്ദവുമുണ്ടായതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ശ്രീപാദക്കുളം വൃത്തിയാക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളാണ് കുളത്തിനുള്ളില്‍ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. വൃത്തിയാക്കുന്നതിനിടെ കുളത്തിനുള്ളില്‍നിന്ന് പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്ന രീതിയില്‍ പ്രത്യേക കവാടം കണ്ടെത്തി. ഈ വിവരം തൊഴിലാളികള്‍ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ. കെ എന്‍ സതീഷിനെ അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്യുന്നതിനിടെയാണ് കുളത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട രീതിയില്‍ ചാക്ക് കണ്ടത്. സംശയം തോന്നിയതിനാല്‍ വിവരം പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് മന്ത്രി വി എസ് ശിവകുമാറും സ്ഥലത്തെത്തിയിരുന്നു.
ശ്രീപാദം കൊട്ടാരവും കുളവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമാണുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഓഫീസും ഇവിടെ തന്നെയാണ്. ഇതിനകത്തുകൂടിയല്ലാതെ കുളത്തിലേക്ക് പ്രവേശിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിനാല്‍തന്നെ മുമ്പ് ഏതെങ്കിലും അക്രമ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതാകാം ബോംബെന്ന് സംശയമുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തുനിന്ന് ബോംബ് ശേഖരം കണ്ടെത്തിയത് വന്‍സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു. ബോംബുകള്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ക്ഷേത്രപരിസരത്ത് കഴിഞ്ഞദിവസം പോലീസ് പ്രത്യേക മോക്ഡ്രിലും നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും യാതൊന്നും കണ്ടെത്തിയിരുന്നില്ല.