National
യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മേമന്റെ ദയാഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി നേരത്തെ വധശിക്ഷ സ്‌റ്റേ ചെയ്യുകയും ഹരജി പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിടുകയുമായിരുന്നു. തുടര്‍ന്നാണ് തുറന്ന കോടതിയില്‍ വാദം കേട്ട കോടതി ഇന്ന് ശിക്ഷ ശരിവച്ചത്.
20 വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന താന്‍ ജീവപര്യന്തം ശിക്ഷയേക്കാള്‍ തടവില്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേമന്റെ അപേക്ഷ. സ്‌ഫോടനക്കേസില്‍ 2007ലാണ് പ്രത്യേക ടാഡാ കോടതി ഗൂഢാലോചനാ കുറ്റം ചുമത്തി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. ഇതേതുടര്‍ന്ന് യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുകയായിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയെ തുടര്‍ന്ന് ഇത് രാഷ്ട്രപതി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹരജി സമര്‍പ്പിച്ചത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഏകപ്രതിയാണ് യാക്കൂബ് മേമന്‍. 1994ലാണ് മേമന്‍ കാത്മണ്ഡു എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലായത്.
1993 മാര്‍ച്ച് 12 ന് മുംബൈ നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമുമാണ് സ്‌ഫോടനത്തിന് പിന്നിലുണ്ടായിരുന്നവരില്‍ പ്രധാനികളെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.