National
ഡല്‍ഹി പ്രതിയുടെ വിവാദ അഭിമുഖം: കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള വിവാദ അഭിമുഖത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി, വിദേശ വാര്‍ത്താ ചാനലിന് അഭിമുഖം നല്‍കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിഹാര്‍ ജയില്‍ അധികാരികളോട് വിശദീകരണം തേടിയിട്ടുണ്ട്. അഭിമുഖം ഇന്ത്യന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി എസ് ബസ്സി അഭ്യര്‍ഥിച്ചു.
ചട്ടങ്ങളെല്ലാം പാലിച്ചാണോ അഭിമുഖത്തിന് അനുമതി നല്‍കിയതെന്നും പരിശോധിക്കുന്നുണ്ട്. ചട്ടവിരുദ്ധമായാണ് അനുമതിയെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിനിടെ മുകേഷ് സിംഗിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തി.
ചെയ്ത തെറ്റിനെ തരംതാണ രീതിയില്‍ ന്യായീകരിക്കുന്ന പ്രതിക്ക് കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ സ്ത്രീകള്‍ ഇനിയും ദുരുപയോഗം ചെയ്യപ്പെടുമെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദി പീഡനത്തിനിരയായ പെണ്‍കുട്ടിയാണെന്നാണ് മുകേഷ് സിംഗ് അഭിമുഖത്തില്‍ പറഞ്ഞത്.
രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിംഗിന്റെ അഭിമുഖം ചാനല്‍ എടുത്തത്. പീഡന ശ്രമത്തിനിടെ എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നും എതിര്‍ക്കാതെ സഹകരിച്ചിരുന്നുവെങ്കില്‍ കൊല്ലില്ലായിരുന്നുവെന്നും അഭിമുഖത്തില്‍ മുകേഷ് സിംഗ് പറയുന്നുണ്ട്.
പുരുഷന്മാരല്ല, രാത്രി ഒമ്പത് മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ തന്നെയാണ് ബലാത്സംഗത്തിന് ഉത്തരവാദികളെന്നും ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.