Connect with us

Kerala

അധികാരം നഷ്ടപ്പെടുമ്പോള്‍ ആരുമുണ്ടാകില്ലെന്നത് എല്ലാവര്‍ക്കും ബാധകം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അധികാരം നഷ്ടപ്പെടുമ്പോള്‍ ആരും കൂടെയുണ്ടാകില്ലെന്ന കാര്യം എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാരായം നിരോധിച്ചപ്പോള്‍ വീര്യം കൂടിയ മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെ പ്രായോഗികതയായി കണ്ടവരാണ് സര്‍ക്കാര്‍ നിലപാടിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി എം സുധീരന്റെ പ്രസ്താവനയും കെ സി ബി സിയുടെ പ്രതിഷേധവും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ പി സി സി പ്രസിഡന്റ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. അത് എല്ലാവര്‍ക്കും ബാധകവുമാണ്. കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ട് വഴിക്കാണെന്ന പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന,് താന്‍ ഒരുവിധത്തിലുള്ള ഏറ്റുമുട്ടലിനുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷത്തോടു പോലും ഞാന്‍ ഏറ്റുമുട്ടാറില്ല. എവിടെയും ഒഴിഞ്ഞുമാറി പോകുന്നയാളാണ്. ഈ സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങില്ല. അധികാരത്തില്‍ വന്നു 100 ദിവസത്തിനുള്ളില്‍ ശക്തമായ സന്ദേശമാണ് മദ്യലോബിക്ക് കൊടുത്തത്. നയം പൂര്‍ണ വിജയത്തിലെത്തിക്കാനാണ് മാറ്റം വരുത്തിയത്.
യു ഡി എഫ് പ്രഖ്യാപിച്ച മദ്യനയം സമൂഹത്തില്‍ ഒരു പോറലും ഇല്ലാത്തവിധം വിജയകരമായി നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. മദ്യനയത്തിലെ മാറ്റം ഭരണത്തുടര്‍ച്ച ഇല്ലാതാക്കുമെന്ന സുധീരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ലിമെന്റിലേക്ക് രണ്ട് സീറ്റുപോലും കിട്ടില്ലെന്ന് പറഞ്ഞിടത്താണ് 12 സീറ്റു നേടിയതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മദ്യനയം വിജയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. യു ഡി എഫ് തന്നെ വീണ്ടും അധികാരത്തില്‍ വരും. വിവാദങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലും റിസല്‍ട്ടിലുമാണ് വിശ്വസിക്കുന്നത്. മദ്യനയത്തില്‍ വലിയമാറ്റം വരുത്തിയെന്ന പ്രചാരണമാണ് നടക്കുന്നത്. ഞായറാഴ്ചയിലെ ഡ്രൈ ഡേ ഒഴിവാക്കിയത് മാത്രമാണ് മാറ്റം.
ഡ്രൈ ഡേ ഏര്‍പ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദി താനാണ്. എന്റെ മനസ്സില്‍ തോന്നിയ ആശയമാണത്. മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ വേഗത്തില്‍ നടപ്പാക്കുകയും തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്‍വലിക്കുകയും ചെയ്യും. ഡ്രൈ ഡേ ചുരുങ്ങിയകാലം കൊണ്ട് തെറ്റാണെന്നു ബോധ്യപ്പെട്ടു. മദ്യത്തിന്റെ ഉപയോഗത്തിനോ ലഭ്യതക്കോ വര്‍ധനവുണ്ടാകാത്തവിധം ബാറുകളുടെ ആകെ പ്രവര്‍ത്തനസമയത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് ഡ്രൈ ഡേ പിന്‍വലിച്ചത്. മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ വൈന്‍, ബിയര്‍ പാര്‍ലറുകള്‍ നിരോധിച്ചിരുന്നില്ല. ആ ഷാപ്പുകളെല്ലാം തുടരുകയായിരുന്നു. ഏതൊരു നയവും നടപ്പാക്കുമ്പോള്‍ അതിന്റെ പ്രായോഗികത കണ്ട് ആവശ്യാനുസരണം മാറ്റം വരുത്തുകയെന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലേക്കുള്ള സുപ്രധാന കാല്‍വെയ്പ്പായിരുന്നു എ കെ ആന്റണിയുടെ ചാരായനിരോധം. അതിനുശേഷമാണ് ബിവറേജസ് കോര്‍പറേഷന്റെ 338 റീടെയില്‍ ഷോപ്പുകള്‍ വന്നത്. ഇന്നു വിമര്‍ശിക്കുന്നവര്‍ അന്നെവിടെയായിരുന്നു?. ആ തീരുമാനത്തെ ഞാനും അനുകൂലിച്ചതാണ്.
കാരണം, ചാരായ നിരോധനം വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ അങ്ങനെയൊരു സംവിധാനം ആവശ്യമാണ്. അതാണ് പ്രായോഗികത. ഇന്നു വൈനും ബിയറും എതിര്‍ക്കുന്നവര്‍ ചാരായം നിരോധിച്ചശേഷം വീര്യംകൂടിയ മദ്യം ലഭ്യമാകുന്ന സാഹചര്യമൊരുക്കി. അന്നത്തെ പ്രായോഗികത ഇന്നു വൈന്‍, ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ സ്വീകരിക്കാത്തതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. മദ്യനയം വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ തൊഴില്‍, ടൂറിസം രംഗത്തെ പ്രശ്‌നങ്ങളും പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest