Kerala
മദ്യനയം പൊളിച്ചെഴുതി; ഡ്രൈ ഡേ ഔട്ട്

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ പൊളിച്ചെഴുതി. നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ ഞായറാഴ്ചത്തെ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള “ഡ്രൈ ഡേ” പിന്‍വലിച്ചു. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ചരിത്രപരമായ തീരുമാനം അട്ടിമറിക്കുന്ന നിലപാട് സ്വീകരിച്ചത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെയും പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെയും എതിര്‍പ്പ് മറികടന്നാണ് പ്രഖ്യാപിത മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയത്.
തൊഴിലാളികളുടെ തൊഴില്‍ നഷ്ടവും ടൂറിസം മേഖലയിലെ പ്രതികരണവും കണക്കിലെടുത്താണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ല എന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫൈവ് സ്റ്റാറിനും അതിനു മുകളിലുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം തുടരും. പുതിയ മദ്യനയം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഞായറാഴ്ച ഡ്രൈ ഡേ പ്രഖ്യാപിച്ച ശേഷം ശനിയാഴ്ചകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ അറുപത് ശതമാനം വരെ വില്‍പ്പന വര്‍ധിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനാലാണ് ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ടൂറിസം മേഖലയെ നിലവിലെ മദ്യനയം ദോഷകരമായി ബാധിച്ചുവെന്ന തൊഴില്‍, ടൂറിസം വകുപ്പുകളുടെ പരാതിയെ തുടര്‍ന്ന് തൊഴില്‍, ടൂറിസം സെക്രട്ടറിമാര്‍ തയ്യാറാക്കി നല്‍കിയ പ്രത്യാഘാത പഠന റിപ്പോര്‍ട്ടിന് അതേപടി അംഗീകാരം നല്‍കുകയാണ് മന്ത്രിസഭാ യോഗം ചെയ്തത്. പുതിയ നയപ്രകാരം അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകള്‍ക്കും ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്നതിന് അനുമതിയും നല്‍കും. തുടര്‍ന്ന് കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിന് അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാണ് നയം മാറ്റത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പകരം ബാറുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ കുറയ്ക്കാനാണ് തീരുമാനം. പുതുക്കിയ സമയക്രമവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് അന്തിമ തീരുമാനമെടുക്കും.
ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അതേ ബാറുകളില്‍ തന്നെ തൊഴില്‍ നല്‍കണമെന്നും തൊഴിലാളികളുടെ പുനരധിവാസം ബാറുടമകള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുക പ്രായോഗികമല്ലാത്തതിനാല്‍ വര്‍ഷം തോറും അടച്ചുപൂട്ടുന്ന പത്ത് ശതമാനം ഔട്ട്‌ലെറ്റുകളില്‍ ഇവക്ക് മുന്‍തൂക്കം നല്‍കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോടെ ഇത്തരത്തിലുള്ള 16 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടും. വരുന്ന ജനുവരി ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങും. നിലവില്‍ ദേശീയ, സംസ്ഥാന പാതകളുടെ സമീപത്ത് ആകെ 163 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.