Connect with us

Health

എബോള: സംസ്ഥാനത്ത് ശക്തമായ ജാഗ്രത തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: ഡല്‍ഹിയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശം തുടരും. 670 പേരെയാണ് നിരീക്ഷണത്തിന് വിധേയമാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
30 ദിവസത്തെ നിരീക്ഷണത്തിന് ശേഷം 532 പേരെ തിരികെ പോകാന്‍ അനുവദിച്ചു. ബാക്കി 138 പേരെ ഇപ്പോള്‍ നിരീക്ഷിച്ചുവരികയാണ്. 30 ദിവസം കഴിയുമ്പോള്‍ ഇവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും. അതേസമയം, നിലവില്‍ കേരളത്തില്‍ എബോള വൈറസ് ഭീഷണിയില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. എബോള പടരുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആരോഗ്യവകുപ്പ് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കി വരികയാണ്. എബോള വൈറസ് ബാധയെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചതായി മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എബോള നേരിടുന്നതിനായി ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ, നൈജീരിയ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളില്‍ നി ന്നെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിവരികയാണെന്ന് സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റില്‍ പറഞ്ഞു.
വിമാനത്താവളത്തിനോട് ചേര്‍ന്ന് ആറ് ആശുപത്രികളിലാണ് എബോള ബാധ ലക്ഷണം കണ്ടെത്തിയാല്‍ പ്രവേശിപ്പിക്കുന്നതിനായി സംവിധാനമൊരുക്കിയിട്ടുള്ളത്.
വിമാനത്താവളത്തിലും ഇവരെ പരിശോധിക്കും. ഇവിടങ്ങളില്‍ പരിശീലനം നേടിയ ദ്രുതകര്‍മസംഘത്തെയും വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ എബോള പ്രതിരോധപ്രവര്‍ത്തനത്തിനുള്ള പരിശീലനം നേടിയ നാലംഗ മെഡിക്കല്‍ സംഘവും ആറു പേരടങ്ങുന്ന ദ്രുതകര്‍മസംഘവുമാണുള്ളത്. രോഗലക്ഷണമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജനറല്‍ ആശുപത്രിയിലും പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. എബോളയുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസവും ആരോഗ്യവകുപ്പിന് രോഗബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എബോള ബാധിത രാജ്യങ്ങളില്‍ 45,000ത്തിലേറെ മലയാളികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. രക്തപരിശോധനക്കായി ഡല്‍ഹി എന്‍ സി ഡി സി, പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന എബോള വൈറസ് വായുവിലൂടെ പകരില്ല. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗം പകരുക. കഠിനമായ പനി, തൊണ്ടവേദന, ശരീരദേവന, രക്തസ്രാവസാധ്യത എന്നിവയാണ് എബോള രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
രോഗം കടുക്കുന്നതനുസരിച്ച് ഛര്‍ദി, വയറിളക്കം എന്നിവ പിടിപെടും. വൃക്കകളേയും കരളിനേയും ബാധിക്കുന്നതോടെയാണ് മരണം സംഭവിക്കുക. വ്യക്തിശുചിത്വം പാലിച്ചാല്‍ രോഗപ്രതിരോധം ഒരുപരിധിവരെ സാധ്യമാകും. എന്നാല്‍, രോഗപ്രതിരോധത്തിന് ഇതുവരെയായും വാക്‌സിനുകള്‍ കണ്ടുപിടിച്ചിട്ടില്ല.

Latest