Connect with us

International

പാക് താലിബാനില്‍ ഭിന്നത രൂക്ഷം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് താലിബാനില്‍ ശക്തമായ ഭിന്നത. മുല്ല ഫസലുല്ലയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് മുതിര്‍ന്ന കമാന്‍ഡര്‍ രംഗത്ത് വന്നതോടെയാണ് സംഘടനക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. പാക്കിസ്ഥാനില്‍ നടത്താന്‍ പദ്ധതിയിട്ട വിനാശകരമായ പല ആക്രമണങ്ങളുടെ വിഷയത്തിലും സംഘടനയില്‍ അഭിപ്രായഭിന്നതയുണ്ട്. സംഘടനയില്‍ ഭിന്നതയുണ്ടെന്ന് കമാന്‍ഡര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ടി ടി പി ജമാഅത്തുല്‍ അഹ്‌റാര്‍ എന്ന പേരിലാണ് പുതിയ വിഭാഗം രംഗത്തുവന്നത്. ഉമര്‍ ഖാലിദ് ഖുറാസാനിയാണ് മുഹമ്മദ് ഗോത്ര മേഖലയിലെ സംഘടനയുടെ മേധാവി. താലിബാന്‍ സംഘടനയിലെ പുതിയ വിഭാഗത്തിന് 70 ശതമാനത്തിലധികം താലിബാന്‍ കമാന്‍ഡര്‍മാരുടെയും പോരാളികളുടെയും പിന്തുണയുണ്ടെന്ന് ഖുറാസിനിയെ പിന്തുണക്കുന്ന മുന്‍ താലിബാന്‍ പാക്കിസ്ഥാന്‍ വക്താവ് ഇഹ്‌സാനുല്ല ഇഹ്‌സാന്‍ പറഞ്ഞു. ഫസലുല്ലയുടെ നേതൃത്വത്തെ നിഷേധിക്കുന്നതോടൊപ്പം അദ്ദേഹം സംഘടനക്കെതിരെ പോരാടുന്നവരുമായി സഹകരിക്കുന്നുണ്ടെന്നും വഞ്ചന നടത്തുന്നുണ്ടെന്നും ഇഹ്‌സാന്‍ ആരോപിച്ചു. മുല്ലാ റാദിയോ എന്ന പേരിലും ഫസലുല്ല അറിയപ്പെടുന്നുണ്ട്. ഖുറാസാനി നിലപാടുകളില്‍ കുറേകൂടി കാര്‍ക്കശ്യം പുലര്‍ത്തുന്നയാളാണ്. 2007 മുതല്‍ 2009 വരെ സ്വാത് താഴ്‌വരയിലെ ശക്തനായ നേതാവാണ് ഫസലുല്ല. പാക്കിസ്ഥാന്‍ സര്‍ക്കാറുമായി സമാധാന സംഭാഷണം ആരംഭിച്ചത് മുതലാണ് പാക്കിസ്ഥാന്‍ താലിബാനില്‍ ഫസലുല്ലക്കെതിരെ വിമത ശബ്ദം ഉയര്‍ന്നുവന്നത്. താലിബാന്‍ തടവിലുള്ള 23 സൈനികരെ വധിച്ചു കൊണ്ടാണ് ഖുറാസാനി സമാധാന ചര്‍ച്ചകളെ അട്ടിമറിച്ചത്. ഇതോടെ സംഘടനയില്‍ ഭിന്നത രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് ഖുറാസാനി അഹ്‌റാറുല്‍ ഹന്ദ് എന്ന സംഘടനയുണ്ടാക്കുകയും നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഫസലുല്ല അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നെന്നും ഇത് പാക്കിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടാക്കുന്നുവെന്നും ഖുറാസാനി ആരോപിച്ചു. പുതിയ സംഘടന പാക്കിസ്ഥാനില്‍ ശരീഅത്ത് നിയമം നടപ്പാക്കാന്‍ കഠിന പ്രയത്‌നം നടത്തുമെന്ന് ഇഹ്‌സാനുല്ല വ്യക്തമാക്കി.