Kerala
പി സദാശിവം കേരള ഗവര്‍ണറാകും

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറാകും. സദാശിവത്തിന്റെ നിയമനം സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് സദാശിവത്തെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ തന്നെ രാഷ്ട്രപതി പുറപ്പെടുവിക്കും. ഷീലാ ദീക്ഷിത് രാജിവെച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് സദാശിവത്തെ നിയമിക്കുന്നത്.
തമിഴ്‌നാട് ഈറോഡ് ഭവാനി കടപ്പനല്ലൂര്‍ സ്വദേശിയാണ് സദാശിവം. മദ്രാസ്, പഞ്ചാബ് ഹരിയാനാ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച സദാശിവം 2007ല്‍ സുപ്രീം കോടതി ജഡ്ജിയായി. 2013 ജൂലൈ 19 മുതല്‍ 2014 ഏപ്രില്‍ 26 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളുമായി കഴിഞ്ഞ ദിവസം അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്പാല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നതിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യമെന്നറിയുന്നു. എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മിസോറാമിലേക്ക് സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്.