Articles
നിലവറയിലെ സ്വര്‍ണവും നിലക്കാത്ത സംശയങ്ങളും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷം കോടികളുടെ സ്വര്‍ണ ഉരുപ്പടികള്‍ ഏത് രാജാവിന്റെ കാലത്ത് സൂക്ഷിച്ചുവച്ചതാണ്? എന്തിനുവേണ്ടി ക്ഷേത്രത്തിനുള്ളില്‍ നിലവറകള്‍ നിര്‍മിച്ചു എന്നുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഒരു അന്വേഷണം ആവശ്യമാണ്. ചരിത്രകഥകള്‍ പഠിക്കാത്ത പാമരകൂട്ടങ്ങള്‍ വിളിച്ചുപറയുന്ന പാഴ്‌വാക്കുകള്‍ കേട്ട് ചരിത്ര ഗവേഷകരും ചരിത്ര വിദ്യാര്‍ഥികളും അത്ഭുതപ്പെടുകയും തലതല്ലിച്ചിരിക്കുകയുമാണ്.
തിരുവിതാംകൂര്‍ എന്ന രാജ്യത്തിന്റെയും ഇവിടെ ഭരണം നടത്തിവന്നിരുന്ന മഹാരാജാക്കന്മാരുടെയും ചരിത്രപരമായ കഥകളാണ് പഠന വിധേയമാക്കേണ്ടത്. അപ്പോള്‍ മാത്രമേ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയത് എന്ന് മുതലാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ രാജവംശങ്ങളില്‍ എന്തുകൊണ്ടും മുമ്പന്തിയില്‍ നില്‍ക്കുന്ന രാജവംശമാണ് തിരുവിതാംകൂര്‍ രാജവംശം. പുരാവസ്തു പരിശോധകര്‍ക്കും പുരാലിപികളുടെ അന്വേഷകര്‍ക്കും ഈ രാജവംശത്തിന്റെ തുടക്കം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. പഴയ തമിഴ് സംസ്‌കൃത ഭാഷകളില്‍ എഴുതിയ താളിയോലകള്‍ കളിമണ്‍ ഫലകങ്ങളിലെ രേഖപ്പെടുത്തലുകള്‍, കരിങ്കല്‍ പാളികള്‍, ക്ഷേത്രഭിത്തികള്‍ , ക്ഷേത്രങ്ങളിലെ മണി-വിളക്ക് എന്നിവകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരണങ്ങള്‍ തുടങ്ങി പലതും ചരിത്രാന്വേഷികള്‍ കണ്ടെത്തിയിട്ടുണ്ട്. രാജാക്കന്മാരുടെ പേരുവിവരങ്ങളും ഭരണകാലഘട്ടവും രാജ്യത്തിന്റെ അതിരുകളും തലസ്ഥാനവും മറ്റും ഈ വിധത്തിലുള്ള കഠിനമായ അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്.
ലോകപ്രസിദ്ധ ചരിത്രാന്വേഷകനായിരുന്ന ഫാദര്‍ റവ. മാറ്റിയേഴ്‌സ് എഴുതിയ ദ്രുതദയയുടെ നാട് എന്ന ഗ്രന്ഥത്തില്‍ തിരുവിതാംകൂറിന്റെ കുറെയധികം കഥകള്‍ വിവരിക്കുന്നുണ്ട്. സവൃത്ഥിയുടെ നാട് എന്ന അര്‍ഥം വരുന്ന ധാരാളം പേരുകള്‍ തിരുവിതാംകൂറിനുള്ളതായി അദ്ദേഹം പ്രസ്താവിക്കുന്നു. ദക്ഷിണ പഥത്തിലെ മൂന്ന് സാമ്രാജ്യങ്ങളില്‍ ഒന്നായ ചേരനാടാണ് തിരിവിതാംകൂര്‍ എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ചോളം- പാണ്ഡ്യം എന്ന മറ്റു നാടുകള്‍ ചേരനാടിന്റെ അയല്‍ രാജ്യങ്ങളും. ചേരരാജാക്കന്മാരെ കുലശേഖരപെരുമാള്‍ എന്നാണ് വിളിച്ചിരുന്നത്.
എ ഡി 216ല്‍ വീരകേരളന്‍ എന്ന പേരില്‍ ഒരു രാജാവ് ഇവിടെ ഭരണം നടത്തിയതായി രേഖയുണ്ട്. വീര കേരളന് ശേഷം രാജ്യം പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടുവെന്നും ചേരനാടിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്ത ഒരു ചെറിയ പ്രദേശത്തെയാണ് പിന്നീട് തിരുവിതാംകൂര്‍ എന്ന് വിളിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഇവിടെ ഒരു ഐതീഹ്യ കഥ കൂടി നിലനില്‍ക്കുന്നുണ്ട്. പരശുരാമകഥ. പരശുരാമന്‍ തന്റെ ആയുധമായിരുന്ന മഴു കടലിലേക്ക് എറിഞ്ഞ് കടല്‍ നീക്കി കര സൃഷ്ടിച്ചുവെന്നും ഈ കരയെ കേരളമെന്ന് പേരിട്ടെന്നും 64 ഗ്രാമങ്ങളാക്കി വിഭജിച്ച് 64 ബ്രാഹ്മണര്‍ക്ക് ഭരണാധികാരം ദാനം ചെയ്ത് എന്നുമാണിക്കഥ. എന്നാല്‍ പരശുരാമന് അവതരിക്കും മുമ്പ് മഹാബലിയെന്ന അസുര ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നുവെന്ന കഥ പരശുരാമന്റെ മഴു എറിഞ്ഞ കഥയെ പിന്നിലാക്കി നമ്പൂതിരി ബ്രാഹ്മണരുടെ മേല്‍ക്കോയ്മ അരക്കിട്ട് ഉറപ്പിക്കുവാനുള്ള ഒരു തമാശ മാത്രമാണ് മഴു എറിഞ്ഞ കഥ! ഇവിടെ തിതുവിതാംകൂറിലെ രാജാക്കന്മാരുടെ കഥകള്‍ പഠിക്കുന്ന ചരിത്ര വിദ്യാര്‍ഥികള്‍ക്ക് വളരെ കൗതുകം ഉളവാക്കുന്ന ഒന്നാണ് രാജാക്കന്മാരുടെ പേരുകള്‍. മിക്ക പേരുകളും ഒന്നുപോലെയാണ്. തന്മൂലം ഭരണ സാരഥ്യം സ്വീകരിച്ച വര്‍ഷം മുന്‍ഗാമി പിന്‍ഗാമി തുടങ്ങിയ വസ്തുതകളും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.
അതിപുരാതന കാലഘട്ടത്തിലെ രാജാക്കന്മാരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും കൊല്ലവര്‍ഷം 364 മുതല്‍ ഭരണം നടന്നിട്ടുള്ള 38 രാജാക്കന്മാരുടെ പേരുവിവരങ്ങള്‍ വളരെ കൃത്യമായി ലഭിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 828- എ ഡി 1653 വരെ തിരുവനന്തപുരത്ത് കൊട്ടാരം നിര്‍മിക്കുവാനോ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നിരീക്ഷിക്കുവാനോ തിരുവിതാംകൂര്‍ രാജാക്കന്മാരെ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന സംഘം അനുവദിച്ചിരുന്നില്ല.
എ ഡി 1653ല്‍ ആദിത്യ വര്‍മ്മയെന്ന തമ്പുരാന്‍ തിരുവന്തുപരത്ത് നിര്‍മിച്ച കൊട്ടായം എട്ടുവീട്ടില്‍ പിള്ളമാര്‍ തീയിട്ടുനശിപ്പിച്ചു. തമ്പുരാന്‍ തിരുവനന്തപുരത്തുനിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കള്ളിയാര്‍ നദിക്കരയില്‍ ഒരു കൊട്ടാരം തീര്‍ത്തു. അവിടെ താമസിച്ചുവരവെ ശത്രുക്കള്‍ അദ്ദേഹത്തെ ചതിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് അനന്തിരവള്‍ ഉമയമ്പറാണി ഭരണം തുടങ്ങി. എന്നാല്‍ ശത്രുക്കള്‍ റാണിയുടെ അഞ്ച് പുത്രന്മാരെ ഒരു കുളത്തില്‍ മുക്കിക്കൊന്നുകളഞ്ഞു. ഏറ്റവും ഇളയ പുത്രനായിരുന്ന രവിവര്‍മ്മയെ കൊന്നുകളയുവാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉമയമ്മ റാണി രവിവര്‍മ്മയേയും കൂട്ടി നെടുമങ്ങാട്ട് വന്ന് താമസിച്ചു. ചരിത്രത്തിലെ ഈ വസ്തുതകള്‍ ഓര്‍മപ്പെടുത്തുന്നത് എ ഡി 1653ല്‍ പ്പോലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് തിരുവനന്തപുരത്തും ശ്രീപത്മനാഭക്ഷേത്രത്തിലും ജീവിക്കുവാന്‍ അനുമതി ഇല്ലായിരുന്നുവെന്നതാണല്ലോ.
കൊല്ലവര്‍ഷം 500-ാമാണ്ടില്‍ എ ഡി 1325 -ല്‍ ഭരണം നടത്തിയ ആദിത്യ വര്‍മ്മ കോലത്തുനാട്ടില്‍ നിന്നും ദത്തെടുത്ത രണ്ട് കുമാരന്മാര്‍ ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ താമസിച്ചിരുന്നു. ഇവരാണ് ആറ്റിങ്ങല്‍ മൂത്ത തമ്പുരാനും ഇളയ തമ്പുരാനും. ഈ തമ്പുരാക്കന്മാര്‍ ആരും രാജാവായിരുന്നില്ല. എ ഡി 1680ല്‍ മുഗള്‍ രാജവംശത്തിലെ ഭരണാധികാരികളുടെ ഒരു സൈനാധ്യപന്‍ വമ്പിച്ച സൈന്യങ്ങളുമായി തെക്കന്‍ തിരുവിതാംകൂറിലെത്തി. കണ്ണില്‍ കാണുന്നതെന്തും കൊള്ളയടിച്ചുകൊണ്ട് ഈ അക്രമകാരികള്‍ തിരുവനന്തപുരത്തിന് തെക്ക് ഭാഗത്ത് മണക്കാട് എന്ന സ്ഥലത്ത് താവളം ഉറപ്പിച്ചു. ഈ വിവരം അറിഞ്ഞ എട്ടുവീട്ടില്‍ പിള്ളമാര്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അടച്ചുപൂട്ടി സ്ഥലം വിട്ടു.
ഉമയമ്മ റാണി തന്റെ ബന്ധുവായിരുന്ന കേരള വര്‍മയെ വിവരം ധരിപ്പിച്ചു. വടക്കേ മലബാറില്‍ നിന്നും കിട്ടാവുന്നത്ര ആയുധങ്ങളും സൈന്യങ്ങളുമായി കേരളവര്‍മ്മ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. ഒളിപ്പോര്‍ യുദ്ധത്തില്‍ മുഗള്‍ സൈന്യാധിപന്‍ വധിക്കപ്പെട്ടു. അവരുടെ ആയുധങ്ങളും കുതിരകളും കുറെയധികം പടയാളികളും പിടികൂടപ്പെട്ടു. ഉമയമ്മ റാണി കേരള വര്‍മയെ സൈന്യാധിപനായി നിയമിച്ചു.
കിളിയാര്‍ക്കരയിലെ പുത്തന്‍ കോട്ടയെന്ന കൊട്ടാരം പൊളിച്ചുകൊണ്ടുവന്ന് തിരുവനന്തപുരത്ത് രണ്ട് കൊട്ടാരങ്ങള്‍ നിര്‍മിക്കുന്ന ജോലിയാണ് തുടര്‍ന്ന് കേരളവര്‍മ്മ നടത്തിയത്. ഇതാണ് വലിയ കോയിക്കല്‍ കൊട്ടാരവും തേവാരത്തു കൊട്ടാരവും. വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ താമസിച്ചുവന്ന കേരളവര്‍മ്മയെ ശത്രുക്കള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എ ഡി 1680ല്‍ ആയിരുന്നു ഈ ദാരുണമായ സംഭവം നടന്നത്.
ഉമയമ്മ റാണിക്ക് പ്രായം അധികമായി. തന്റെ ഏക പുത്രന് തുണയായി ആരുമില്ലല്ലോ യെന്ന ചിന്ത റാണിയെ വേദനിപ്പിച്ചു. തുടര്‍ന്ന് പതിവുപോലെ കോലത്ത് നാട്ടില്‍ നിന്നും രണ്ട് കുമാരന്മാരേയും രണ്ട് കുമാരിമാരെയും ദത്തെടുത്തു. ഇവരില്‍ മൂത്ത കുമാരന്‍ ഉണ്ണികേരളവര്‍മ്മയും ഇളയ കുമാരന്‍ രാമവര്‍മ്മയും എന്ന് അറിയപ്പെട്ടു. കുമാരിമാരില്‍ മൂത്ത കുമാരി അകാലചരമം പ്രാപിച്ചു. ഇളയ കുമാരി കൊല്ലവര്‍ഷം 881-ല്‍ എ ഡി 1706ല്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുട്ടിയാണ് ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ. എ ഡി 1684ല്‍ രവിവര്‍മ്മ നാടുനീങ്ങുമ്പോള്‍ ദത്തെടുത്ത മൂത്ത കുമാരന്‍ ഉണ്ണികേരളവര്‍മ്മയും തുടര്‍ന്ന് എ ഡി 1724ല്‍ രാമവര്‍മ്മയും സിംഹാസനത്തില്‍ വന്നെത്തി. പിന്നീട് എ ഡി 1729ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായി.
സംഭവബഹുലമായ ഒരു കാലഘട്ടം ആരംഭിക്കുകയായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരെ 42 പേരെ പിടികൂടി മുഖമണ്ഡപം എന്ന സ്ഥലത്ത് വെച്ച് തൂക്കിലേറ്റി. അവരുടെ മഠങ്ങള്‍ തകര്‍ത്തു. കണക്കറ്റ സമ്പത്തുകള്‍ കണ്ടുകെട്ടി. സ്ത്രീകളെയും കുട്ടികളേയും മുക്കുവര്‍ക്ക് ദാനം ചെയ്തു. അവരുടെ വംശം തീര്‍ത്തും നശിപ്പിച്ചു. പടയോട്ടം നടത്തി രാജ്യം വടക്കന്‍ പറവൂര്‍ വരെ വിസ്തൃതപ്പെടുത്തി. ദേശിംഗനാട് – കായംകുളം – ചെമ്പകശ്ശേരി – തെക്കംകൂര്‍ – വടക്കുംകൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ മൊത്തം കൊള്ളയടിച്ചു. രാജകൊട്ടാരത്തിലെ നിധിശേഖരങ്ങള്‍ മൊത്തം പിടിച്ചെടുത്തു.
കീഴടങ്ങിയ നാട്ടുരാജാക്കന്മാര്‍ വീണ്ടും ഒത്തുചേര്‍ന്ന് സംയുക്ത പോരാട്ടത്തിന് തയ്യാറെടുത്തു. ഈ പ്രതിവിപ്ലവത്തെ നേരിടുവാന്‍ മൈസൂര്‍പുലി ഹൈദരലി ഖാന്റെ സഹായം തേടി. മൈസൂര്‍ പട പാലക്കാട് ചുരത്തില്‍ തമ്പടിച്ചു. ഈ വിവരമറിഞ്ഞ ഇടപ്രഭു മാടമ്പികള്‍ മൊത്തം കണക്കറ്റ സ്വര്‍ണപണ്ഡങ്ങളുമായി മാര്‍ത്താണ്ഡ വര്‍മയുടെ കാല്‍ക്കല്‍ വീണു. തിരുവനന്തപുരത്ത് താമസിക്കുവാന്‍ അനുമതിക്കായി കേണു. ഒടുവില്‍ കുറെ സ്വര്‍ണ ഉരുപ്പടികള്‍ ഹൈദര്‍ അലിക്ക് കാഴ്ചവെച്ച് പട്ടാളത്തെ പിന്‍വലിപ്പിച്ചു. ഈ വിധത്തില്‍ കവര്‍ന്നുകൂടിയ സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുവാന്‍ ക്ഷേത്ര പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുകയായി. എ ഡി 1731ല്‍ ക്ഷേത്രം പണി തുടങ്ങി. നേപ്പാളിനും വടക്ക് ഗുണ്ടക് എന്ന സ്ഥലത്തുനിന്നും 12000 സാളഗ്രാമങ്ങള്‍ കൊണ്ടുവന്നു. മഹാവിഷ്ണുവിന്റെ ബിംബം നിര്‍മിച്ചു. പുതിയ കൊടിമരം – ഒറ്റക്കല്‍ മണ്ഡലം ശീവേലി പുരം തുടങ്ങിയ പണികള്‍ ചെയ്തു. ശീവേലി പുരം കരിങ്കല്‍ നിര്‍മിതിയാണ്. കിഴക്ക് പടിഞ്ഞാറായി 420 അടിയും തെക്ക് വടക്കായി 226 1/2 അടിയും അളവില്‍ 20 അടി വീതിയും 23 അടി ഉയരവും വരുന്ന കരിങ്കല്‍ നിര്‍മിതിയാണിത്. 13 അടി ഉയരം രണ്ടര അടി വ്യാസം വരുന്ന 268 കരിങ്കല്‍ തൂണുകള്‍ 25 അടി നീളം ഒന്നര അടി ഘനം – രണ്ടര അടി വീതിയുള്ള കരിങ്കല്‍ ഫലകങ്ങള്‍ കൊണ്ടാണ് മട്ടിപ്പാവ് തീര്‍ത്തിരിക്കുന്നത്. വൈദ്യുതിയോ ആധുനിക കാലഘട്ടത്തിലെ യന്ത്രസാമഗ്രികളോ ഒന്നും ഇല്ലാതിരുന്ന കാലത്തെ ഈ നിര്‍മിതിക്ക് 100 ആനകളും 6000 കൂലിപ്പണിക്കാരും കഠിനമായി പ്രയത്‌നിച്ചു. കിഴക്കേ ഗോപുരവും മാര്‍ത്താണ്ഡവര്‍മ്മ നിര്‍മിച്ചിച്ചതാണ്. രഹസ്യഅറയും നിധി ശേകണവും ഒക്കെ ഈ മഹാരാജാവ് തന്നെ ചെയ്തിട്ടുള്ളതാണ്. എല്ലാം ഭദ്രമായി തീര്‍ത്ത ശേഷം എ ഡി 1750 ജനുവരി 17ന് തിരുവിതാംകൂറും രാജാവിന്റെ അധികാരവും കിരീടവും വാളും എല്ലാം ശ്രീപത്മനാഭന് ദാനം ചെയ്തു എന്ന പ്രഖ്യാപനവും നടത്തി. ശ്രീപത്മനഭ ദാസനായി ഭരണം തുടരുമെന്നും കല്‍പ്പിച്ചു.
പലരും വിശ്വസിക്കും വിധം മാര്‍ത്താണ്ഡവര്‍മ്മ ഒരു ഭക്തന്‍ ഒന്നുമല്ലായിരുന്നു. രവിവര്‍മയുടെ മക്കള്‍ പപ്പുതമ്പിയും കുഞ്ഞുതമ്പിയും സ്വന്തം പിതാവിന്റെ രാജ്യാവകാശമാണ് ചോദിച്ചത്. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ അവരെ നിര്‍ദയം വധിക്കുകയായിരുന്നു. അമ്പലപ്പുഴ നാട്ടുരാജ്യത്തെ യുദ്ധം ചെയ്യുവാന്‍ മടികാണിച്ച നായര്‍ പട്ടാളത്തെ നീക്കം ചെയ്ത ശേഷം പീരങ്കിയുമായി ലന്ത കപ്പിത്താന്‍ ഡുലനായിയെ പറഞ്ഞുവിട്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണന്‍ കോപിക്കുമെന്ന് പറഞ്ഞാണ് നായര്‍ പട്ടാളം പിന്‍മാറിയത്.
സ്വന്തം നാട്ടിലും വിദേശികളടക്കം ഒട്ടേറെ ശത്രുക്കള്‍ ഈ രാജാവിന് ഉണ്ടായിരുന്നു. അവരുടെ പ്രത്യാക്രമണം ഭയന്നാണ് ഈ വിധത്തിലുള്ള കളികള്‍ നടത്തിയതും. കൊല്ലവര്‍ഷം 933 മിഥുനം 27ന് എ ഡി 1758ല്‍ 53-ാമത്തെ വയസില്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങി. ചരിത്രം പഠിക്കാത്ത പാമരകൂട്ടങ്ങള്‍ രഹസ്യകലവറയും അതിലെ നിധിശേഖരവും തമ്പുരാക്കന്മാരുടെ സ്വത്താണെന്ന് വെറുതെ വിളിച്ചുകൂവുകയാണ്!
~