Articles
ഈ വിധി ചരിത്രപരം, ജനപക്ഷം
ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണ മേഖലാ ബഞ്ചിന്റെ ചരിത്രപരവും മഹത്തരവുമായ ഉത്തരവ് ജുഡീഷ്യറിയുടെ ജനപക്ഷ നിലപാടായി ഇടം നേടുമെന്നതില്‍ രണ്ട് പക്ഷമില്ല. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട മേഖലയില്‍ ഒരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധ സമിതി അംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ നിര്‍ദേശം ജുഡീഷ്യല്‍ ഉത്തരവുകളുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടും എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
കേരളത്തിന്റെത് മാത്രമായ ഭൂമിശാസ്ത്ര പ്രത്യേകതകളില്‍ ഇനിയുമൊരു വിമാനത്താവളം സംസ്ഥാനത്തിന് ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല. നാട്ടിലേക്കൊഴുകിയെത്തുന്ന വിദേശ നാണ്യ വരുമാനത്തില്‍ കണ്ണുംനട്ട് എബ്രഹാം കലമണ്ണില്‍ എന്ന വ്യവസായിയുടെ എയര്‍സ്ട്രിപ്പ് നിര്‍മാണം എന്നതിനുമപ്പുറത്തേക്ക് വിമാനത്താവള പദ്ധതി എന്ന നിലയില്‍ ഇത് മാറിയതിനു പിന്നില്‍ കേരളത്തെ വിറ്റുതിന്നു കൊണ്ടിരിക്കുന്ന ഒരു ലോബിയുടെ ലാഭക്കണ്ണ് ഉണ്ടോ എന്നതാണ് ജനങ്ങള്‍ പരിശോധിക്കേണ്ട വസ്തുത.
തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം ആറന്മുളയുടെ മുഖമുദ്രയാണ്. ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളിയും പമ്പയുടെ മണല്‍പ്പരപ്പില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനും അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദു മത കണ്‍വെന്‍ഷനും ലോകാത്ഭുതങ്ങളില്‍ ഒന്നായ ആറന്മുള കണ്ണാടിയും ആറന്മുള വേല കളിയും ആറന്മുള ക്ഷേത്രത്തില്‍ നിന്നും അധിക ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന കിടങ്ങന്നൂര്‍ വിജയാനന്ദ ആശ്രമവുമെല്ലാം ആ മേഖലയുടെ പ്രധാന്യത്തിന് തെളിവാണ്. ഹൈന്ദവവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടാണ് വിമാനത്താവള നിര്‍മാണത്തിനായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരം മുറിക്കേണ്ടിവരുമെന്ന വാര്‍ത്ത പ്രചരിച്ചത്.
ഗള്‍ഫ് നാടുകള്‍ അടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്നും വിദേശനാണ്യം കേരളത്തിലേക്ക് ഒഴുകിയെത്തുന്നതിന്റെ ന്യൂക്ലിയര്‍ എന്ന നിലയിലും ആറന്മുള പിന്നീട് അറിയപ്പെട്ടു. ആ പ്രദേശത്തിന് ചുറ്റിനുമുള്ള രണ്ട് മൂന്ന് ജില്ലകളില്‍ നിന്നും വിദേശത്ത് പാര്‍ക്കുന്നവരില്‍ അവരുടെ നാട്ടിലെ ബന്ധുക്കളെ ലക്ഷ്യംെവച്ചുകൊണ്ട് വ്യവസായ ഭീമമാര്‍ ലാഭക്കണ്ണുകളോടെ പടുത്തുയര്‍ത്തിയ ആശയത്തെ തുടര്‍ന്നാണ് ആറന്മുള വിമാനത്താവള പദ്ധതി പിറവിയെടുത്തത്. ഈ പിറവിക്കുപിന്നില്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയയുടെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. കേവലമൊരു എയര്‍സ്ട്രിപ്പ് നടത്തി വിനോദസഞ്ചാര മേഖലയില്‍ നിന്നും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു പ്രാദേശിയ വ്യവസായിയുടെ സ്വപ്‌നങ്ങളെയാണ് ഇടതു, വലതു മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വത്തെയും ഭരണാധികാരികളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടും വിലക്കെടുക്കാവുന്നവരെ വാങ്ങിക്കൊണ്ടും ഈ മാഫിയ വിമാനത്താവള നിര്‍മാണമെന്ന നിലയിലേക്ക് എത്തിച്ചത്.
ആറന്മുള ക്ഷേത്രത്തിനും കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദാശ്രമത്തിനും ഇടയില്‍ കിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും പരിസ്ഥിതി പ്രാധാന്യം അര്‍ഹിക്കുന്ന പ്രദേശമാണ്. ഈ നെല്‍വയല്‍- തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള പ്രസക്തിയും വളരെ വലുതാണ്. പമ്പാ നദിയിലേക്ക് വന്നു ചേരുന്ന കോഴിത്തോട് എന്ന ജലപ്രവാഹവും ഈ പ്രദേശത്താണ്. 2004 ല്‍ ഇത് ഉള്‍പ്പെടെ വരുന്ന വയലുകളും ചോലത്തടങ്ങളും എബ്രഹാം കലമണ്ണില്‍ എന്ന വ്യവസായി എയര്‍സ്ട്രിപ്പ് നിര്‍മാണത്തിനായി വാങ്ങിക്കൂട്ടി. 2010 ല്‍ കെ ജി എസ് എന്ന വന്‍കിട കമ്പനി ഈ സ്ഥലങ്ങള്‍ എബ്രഹാം കലമണ്ണിനെ കബളിപ്പിച്ച് സ്വന്തമാക്കി. പ്രസ്തുത കമ്പനിയുമായി ബന്ധപ്പെട്ട് യു പി എ ചെയര്‍മാന്‍ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയുടെ പേരും ഉയര്‍ന്നുവന്നു. ഒരു നാടും ജനതയും മുഴുവന്‍ വിമാനത്താവള നിര്‍മാണത്തെ എതിര്‍ത്തിട്ടും സ്ഥലം എം പിയും രാഷ്ട്രീയ നേതൃത്വത്തിലെ ചിലരും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നില്‍ കോര്‍പറേറ്റുകാരുടെ താത്പര്യമാണെന്നാണ് പതുക്കെ സംശയിക്കപ്പെടുന്നത്. 2010 സെപ്റ്റംബര്‍ എട്ടിന് സര്‍ക്കാര്‍ നല്‍കിയ സ്വേച്ഛാധിപ അനുമതിയെ തുടര്‍ന്നാണ് ജനകീയ സമരം ആറന്മുളയില്‍ ശക്തിപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം എല്ലാ നിബന്ധനകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ വ്യവസായ മേഖലാ പ്രദേശമായി ഇവിടം പ്രഖ്യാപിച്ചതോടെ സമരങ്ങള്‍ വലിയ തോതില്‍ വളര്‍ന്നു. സ്ഥലത്തെ ഇടതുപക്ഷ എം എല്‍ എ വിമാനത്താവള നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് വോക്‌സ്‌ഫോര്‍ ശൈലിയില്‍ ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ സ്വന്തം കൈപ്പടയില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് കൊടുത്ത നിര്‍ദേശം പിന്നീട് ഏറെ വിവാദമായിരുന്നു.
തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാരും ആറന്മുള വിമാനത്താവള പദ്ധതിയെ പിന്തുണച്ചത് അത്ഭുതവും ആശ്വര്യവുമാണ് ജനങ്ങളില്‍ വളര്‍ത്തിയത്. നിര്‍ദിഷ്ട വിമാനത്താവള പദ്ധതിയില്‍ സമുന്നത യു ഡി എഫ് നേതൃത്വം പോലും അറിയാതെ പത്ത് ശതമാനം ഓഹരി എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയയുടെ സമ്മര്‍ദം മൂലമെന്ന ആക്ഷേപത്തെ ഇതേവരെ ചെറുക്കാന്‍ കഴിഞ്ഞിട്ടില്ല. യു പി എ സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തിനിടയില്‍ ആറന്മുള പദ്ധതി ഉള്‍പ്പെട്ടപ്പോള്‍ പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന വിശ്വാസം ജനങ്ങളില്‍ രൂഢമൂലമാകുകയും അദൃശ്യശക്തികളുടെ ഇടപെടലുകള്‍ മറനീക്കി പുറത്തുവരികയും ചെയ്തു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എല്‍ ഡി എഫ്, യു ഡി എഫ് വ്യത്യാസമില്ലാതെ കേരളത്തിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവരെ സ്വാധീനിച്ചാണ് ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ അണിയറ നീക്കങ്ങള്‍ നടന്നത്. പണത്തിലും പദവിയിലും മാത്രം കണ്ണുകളുള്ള ഉദ്യോഗസ്ഥ മേലാളന്മാര്‍ എന്തെഴുതിക്കൊടുത്താലും നാടിനെയോ ജനങ്ങളേയോ നോക്കാനുള്ള കണ്ണുകള്‍ മൂടിക്കെട്ടി അതിനുകീഴെ തൂല്യം ചാര്‍ത്തിക്കൊടുക്കുന്ന ഭരണാധികാരികള്‍ കൂടിയുള്ളപ്പോള്‍ ആര്‍ക്കും ഈ നാട്ടില്‍ എന്തും ആകാമെന്ന അഹങ്കാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ദുഷ്ടസന്തതിയാണ് ആറന്മുള വിമാനത്താവള പദ്ധതി. ഏക്കറു കണക്കിന് പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവിടുത്തെ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ കണ്ണും അടച്ച് നിശ്ചലമായിരുന്നത് വിമാനത്താവള പദ്ധതിക്കു വേണ്ടി ഒഴുക്കിയ കറന്‍സികളുടെ അംശം പറ്റിയതു കൊണ്ടു മാത്രമാണ്. ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയില്‍ പരിസ്ഥിതിയെയും ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസ സംഹിതകളേയും തകിടം മറിക്കാന്‍ പണം വാങ്ങി പരിശ്രമിച്ചവരുടെ വലിയ നിര ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്നിലുണ്ടെന്നത് ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ കണ്ണ് തുറന്നു കാണേണ്ട വസ്തുതയാണ്.
ജനാധിപത്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ആ നേതൃത്വത്തിന്റെ ശക്തമായ സാന്നിധ്യത്തിന്റെ ഉറവിടമാണ് എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും. ഭരണഘടനയുടെ എഴുതപ്പെട്ട മൂന്ന് തൂണുകളില്‍ ഇവ പരസ്പരപൂരകങ്ങളാണ്. പണത്തിന്റെ പൊന്‍പ്രഭയിലും സ്വാധീനത്തിന്റെ ധൃതരാഷ്ട്രാലിംഗനങ്ങളിലും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ വെണ്‍മയില്‍ കറുപ്പ് പുരട്ടുന്ന ചിലര്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആശ്വാസമാകേണ്ടത് ജുഡീഷ്യറിയാണ്. ആ കടമയാണ് ദേശീയ ഹരിത ൈട്രബ്യൂണലിന്റെ ദക്ഷിണമേഖലാ ബഞ്ച് ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ കോടതി ഉത്തരവിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ആ ചരിത്ര ദൗത്യം ജുഡീഷ്യറി നിര്‍വഹിച്ചപ്പോള്‍ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ ഉയര്‍ന്ന ജനവികാരത്തെ ചുമലിലേറ്റി വഴിവിട്ട ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കുമെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിച്ച ഭരണഘടനയുടെ അപ്രഖ്യാപിത നാലാം തൂണായികരുതുന്ന മാധ്യമ ലോകത്തിനും അഭിമാനിക്കാം.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
