Connect with us

Articles

ഹിജാമ: ചരിത്രവും ചികിത്സാരീതിയും

Published

|

Last Updated

ശരീരത്തില്‍ നിന്ന് ചര്‍മത്തിലൂടെ രക്തം പുറത്തുകളയുന്ന പുരാതന ചികിത്സാരീതിയാണ് ഹിജാമ അഥവാ കൊമ്പ് ചികിത്സ. ഹോര്‍ണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റന്‍ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലാണ് ഹിജാമ അറിയപ്പെടുന്നത്. പുരാതന കാലഘട്ടത്തില്‍ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തില്‍ കപ്പിംഗിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നൈല്‍ നദീ തീരത്തെ നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയതെന്ന് കാണാം. ഈജിപ്തുകാര്‍ക്ക് ശേഷം ഗ്രീക്കുകാരും റോമക്കരും പിന്‍തുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വന്‍ പ്രചാരം നേടുകയും ചെയ്തു. കപ്പിംഗ് ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്.
ഈ ചികിത്സാ രീതി യൂറോപ്പിലാകെ ഗ്രാമീണ വൈദ്യന്മാര്‍ പിന്തുടരുകയും ചെലവ് കുറവായതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭിക്കാന്‍ ഇടവരുകയും ചെയ്തു. 18,19 നൂറ്റാണ്ടുകളില്‍ യൂറോപ്പിലും അമേരിക്കയിലും വളരെയധികം പ്രചരിച്ചിരുന്നു. 1860 വരെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ക്ക് അമേരിക്കയിലേയും യൂറോപ്പിലെയും വൈദ്യശാസ്ത്രജ്ഞന്മാര്‍ വെറ്റ്കപ്പിംഗ് കപ്പിംഗിന്റെ വളര്‍ച്ചയില്‍ ഇസ്‌ലാമിക സമൂഹം ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മധ്യകാല വൈദ്യശാസ്ത്ര വിജ്ഞാന കോശങ്ങളില്‍ ഇതേക്കുറിച്ചും ഫിലബോട്ടമി, കോട്ടറൈസേഷന്‍ എന്നിവയെക്കിറിച്ചും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു സീന, അല്‍സഹ്‌റാവി, അല്‍ റാസി, ഇബ്‌നു ഖൗഫ്, ഇബ്‌നു ഖയ്യിം എന്നിവര്‍ ഈ മേഖലയില്‍ വലിയ സംഭാവന നല്‍കിയ പണ്ഡിതരാണ്.
കൊമ്പ് വെക്കുന്ന ഭാഗങ്ങള്‍ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികള്‍ക്ക് പിറകില്‍, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളില്‍ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങള്‍ക്ക് മുകളില്‍, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളില്‍. ആവശ്യമെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കല്‍ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വര്‍ധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വര്‍ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വ്രണങ്ങളില്‍ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു.
കൊമ്പുവെക്കല്‍ ചികിത്സാ രീതി നബി(സ)യുടെ കാലത്തിന് മുമ്പ് തന്നെ അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. നബി(സ) സ്വയം അത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെന്ന് ചരിത്രത്തില്‍ കാണാം. ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്, കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മര്‍ദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. പ്രവാചക വൈദ്യം ഇന്ന് നിലനില്‍ക്കുന്നത് യൂനാനി വൈദ്യശാസ്ത്രത്തിലൂടെയാണ് എന്നതിനാല്‍ യൂനാനി ചികിത്സാ രംഗം ശക്തമായി പ്രചരിക്കുന്നതോടൊപ്പം ഹിജാമയും ജനകീയമായിക്കൊണ്ടിരിക്കുകയാണ്.
മൂന്ന് വര്‍ഷത്തിലധികമായി മര്‍കസ് യൂനാനി ഹോസ്പിറ്റലില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹിജാമ നടന്നുവരുന്നു. ഹിജാമയെ പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും ലക്ഷ്യം വെച്ചാണ് മര്‍കസ് യൂനാനി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് ടൗണ്‍ ഹാളില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Latest