Articles
പഴയ രാജാക്കന്മാരും പുതിയ പ്രജകളും

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസ്വത്താണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളതെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഒരു ലക്ഷം കോടി രൂപയുടെ നടപ്പു മൂല്യമാണ് അതിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ കൈകാര്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മറ്റും മറ്റുമായി വിവാദങ്ങളും നിയമക്കുരുക്കുകളും ഭരണപ്രതിസന്ധികളും എല്ലാമായി വന്‍ വാര്‍ത്താപ്രാധാന്യവും കൈവന്നിട്ടുണ്ട്. രാജാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള പ്രയാണം, ദൈവ വിശ്വാസം, മത ശാസനകളും ശീലങ്ങളും, ആരാധനാക്രമങ്ങള്‍, ക്ഷേത്രനിര്‍മാണങ്ങളും നടത്തിപ്പുകളും ആചാരങ്ങളും, അവിശ്വാസം, അന്ധവിശ്വാസം, യുക്തിവാദം, ഐതിഹ്യം, കെട്ടുകഥകള്‍, ദേവപ്രശ്‌നപരിഹാരങ്ങള്‍, ശാസ്ത്രപുരോഗതി, സുതാര്യത, നിയമ – നീതിന്യായ വ്യവസ്ഥ, ഭരണഘടന, ഭൂവുടമാബന്ധങ്ങള്‍, അതിലുണ്ടായ പുനര്‍വിന്യാസങ്ങള്‍, വര്‍ഗീയതയും ഫാസിസവും, കല/ചരിത്രപഠനം, പുരാവസ്തു ശേഖരണവും സംരക്ഷണവും, ജാതി അസമത്വങ്ങള്‍, മതനിരപേക്ഷ ആധുനിക സമൂഹം, മുതലാളിത്തം, ഭരണകൂടം എന്നിങ്ങനെയുള്ള പരസ്പരബന്ധിതവും അല്ലാത്തതുമായ നിരവധി വിഷയങ്ങളും ഘടകങ്ങളും കൂടിക്കുഴയുകയും വേറിട്ടു പോകുകയും ചെയ്യുന്ന ഒരു സങ്കീര്‍ണ പ്രശ്‌നമായി ഈ വിഷയം മാറിക്കഴിഞ്ഞു. ഇതിന്റെ മുഴുവന്‍ മാനങ്ങളിലേക്കും കടന്നുചെല്ലാനും അപഗ്രഥിക്കാനും ഈ കുറിപ്പിലൂടെ ശ്രമിക്കുന്നില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അഭിപ്രായസ്വരൂപീകരണത്തിന് ജനാധിപത്യവിശ്വാസികളെ സഹായിക്കുന്ന ചില നിലപാടുകള്‍ സംവാദത്തിനായി സമര്‍പ്പിക്കുന്നതില്‍ നാം മടി കാണിക്കേണ്ടതുമില്ല.
കേരളത്തിലും ഇന്ത്യയിലും ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നിട്ട് പതിറ്റാണ്ടുകളായി. ശബരിമലയും ഗുരുവായൂരും അടക്കമുള്ള സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഹിന്ദു ക്ഷേത്രങ്ങളും ഇതിനകം തിരുവിതാംകൂര്‍ ദേവസ്വം, മലബാര്‍ ദേവസ്വം, ഗുരുവായൂര്‍ ദേവസ്വം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ നിയന്ത്രിത ഭരണ സംവിധാനത്തിന്‍ കീഴിലായിത്തീരുകയും ചെയ്തു. എന്നിട്ടും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ഭയന്നു മാറി നില്‍ക്കുകയായിരുന്നു. മാത്രമല്ല, തിരുവിതാംകൂര്‍ രാജവംശത്തിന്റെ പിന്തുടച്ചക്കാര്‍ എന്നു കരുതപ്പെടുന്നവരോടുള്ള വിധേയത്വവും ഭക്തിയും ആരാധനയും മറ്റും ജനാധിപത്യ ഭരണക്കാരില്‍ വലിയൊരു ശതമാനം പേരും തുടര്‍ന്നുവരികയും ചെയ്തു. രാജവംശ പിന്തുടര്‍ച്ചക്കാരില്‍ പലരും ഒരിക്കലും വോട്ട് ചെയ്തിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, കേരള നിയമസഭയുടെ മുഖ്യ ഹാളില്‍ അന്നത്തെ പ്രതീതി രാജാവിനെ (പിന്തുടര്‍ച്ച വഴി സ്ഥാനപ്രമാണി) സ്പീക്കര്‍ തന്നെ വിളിച്ചാനയിക്കുകയും സഭ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ആദരിക്കുകയുമുണ്ടായി. മറ്റൊരിക്കല്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടു മുമ്പിലുള്ള പുത്തരിക്കണ്ടം മൈതാനത്തില്‍ നെല്‍കൃഷി ചെയ്യുകയും അത് വിളഞ്ഞപ്പോള്‍ കൊയ്ത നെല്‍ക്കറ്റ തലയിലേറ്റി സിറ്റി മേയര്‍ രാജാവിന് കാണിക്കയര്‍പ്പിച്ചു എന്നും പത്രത്തില്‍ വായിക്കുകയുണ്ടായി. ജനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശവും അധികാരവും, കൃഷി, പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ എന്നിങ്ങനെയുള്ള സുപ്രധാന വിഷയങ്ങള്‍ രാജാധികാരവും അതിനോടുള്ള ആരാധനയും എന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തിക്കഴിഞ്ഞ പശ്ചാത്തലത്തിലേക്ക് കടത്തിവിടാനുള്ള പരിശ്രമങ്ങളായി ഇതിനെ കാണാവുന്നതാണ്. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യത്തിലുമായി; ബേങ്ക് ദേശസാത്കരണത്തോടൊപ്പം, സ്വാതന്ത്ര്യ ലബ്ധിയുടെ ഘട്ടത്തില്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് ജീവനോപാധിയായി കൊടുത്തുപോന്നിരുന്ന പ്രിവിപേഴ്‌സും കേന്ദ്ര സര്‍ക്കാര്‍ എന്നെന്നേക്കുമായി റദ്ദാക്കുകയുണ്ടായി. ഇന്ത്യാ രാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണത്തിന്റെയും സ്വാതന്ത്ര്യ പൂര്‍ണതയുടെയും സുപ്രധാന ഘട്ടമായി ഇതിനെ വിലയിരുത്താവുന്നതാണ്. ഈയടുത്ത കാലത്ത്, കേരള സര്‍ക്കാര്‍ കോഴിക്കോട് സാമൂതിരി രാജവംശ പിന്തുടര്‍ച്ചക്കാര്‍ക്ക് മറ്റെന്തോ പേരില്‍ പ്രതിമാസ ശമ്പളം കൊടുക്കുന്ന ഏര്‍പ്പാട് പുനരാരംഭിച്ചത്, ചരിത്രപരമായ നയവഞ്ചനയും രാഷ്ട്ര/സമൂഹവിരുദ്ധ നടപടിയുമാണ്.
മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യ, വിനോദ് റായിയെയാണ് ക്ഷേത്രത്തില്‍ നടത്തേണ്ട പ്രത്യേക ഓഡിറ്റിന് നേതൃത്വം കൊടുക്കാന്‍ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത്. ഈ നിയോഗത്തിലൂടെ താന്‍ ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്നും എത്രയും വേഗം തികഞ്ഞ ആത്മാര്‍ഥതയോടെ ഇത് നിര്‍വഹിച്ചു പൂര്‍ത്തിയാക്കും എന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. എന്തായാലും ഇതത്ര എളുപ്പമല്ല പ്രവൃത്തിയല്ല എന്ന കാര്യത്തിലും അദ്ദേഹത്തിന് ധാരണയുണ്ട്. അമിക്കസ് ക്യൂറിയായി കോടതി നിയമിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല ഓഡിറ്റിംഗിന് സുപ്രീം കോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിന്റെ നടത്തിപ്പിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി കൃത്യമായി തെളിഞ്ഞിരിക്കുന്നുവെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അമൂല്യമായ പല ആഭരണ/സ്വര്‍ണ ശേഖരങ്ങളും ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും കോടതി പറയുകയുണ്ടായി. ക്ഷേത്രത്തിന്റെ ട്രസ്റ്റികള്‍ എന്ന നിലയില്‍ രാജകുടുംബത്തില്‍ പെട്ട അനന്തരാവകാശികളെ (സാമാന്യ പത്ര ഭാഷയില്‍ ഇപ്പോഴും പ്രയോഗിക്കപ്പെടുന്ന രാജാവ്/രാജാക്കന്മാര്‍!) ക്ഷേത്ര ഭരണത്തില്‍ നിന്ന് മുക്തമാക്കണമെന്നും കോടതി ഉത്തരവിറക്കി. ക്ഷേത്രാചാരങ്ങളെന്ന നിലക്ക് ആചാരങ്ങളില്‍ അവരെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി ഇളവ് നല്‍കുകയും ചെയ്തു. കോടതികളുടെ സ്ഥിരം ഭാഷയില്‍ പറഞ്ഞാല്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ പെട്ടവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ രാജ്യമില്ലാത്ത രാജാക്കന്മാരെ നല്ല നടപ്പിന് ശിക്ഷിച്ചിരിക്കുന്നുവെന്നും വ്യാഖ്യാനിക്കാം! തുറക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന രണ്ടാം നിലവറ ഏതാനും വര്‍ഷം മുമ്പ് തുറന്നിട്ടുള്ളതായി കോടതിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ചോറ്റുപാത്രത്തില്‍ ആഭരണങ്ങളും ഉരുക്കിയ സ്വര്‍ണവും രാജകുടുംബാംഗങ്ങളും പരിചാരകരും കടത്തിക്കൊണ്ടുപോയതായി തനിക്ക് വിശ്വാസയോഗ്യമായ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തറപ്പിച്ചു പറഞ്ഞിരുന്നു. അന്ന് അവിശ്വാസികളുടെ ജല്‍പ്പനങ്ങളായി പൊതുബോധ/മുഖ്യധാരാ അവബോധം അതിനെ തള്ളിക്കളയുകയും ചെയ്തു. നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജവംശത്തിന്റെ “സല്‍പ്പേരും” “മഹിമ”യും എല്ലാം ഈ സംഭവഗതികളോടെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്.
തിരുവിതാംകൂര്‍ രാജ്യത്തെ പാവപ്പെട്ട പൗരന്മാര്‍ക്കു മേല്‍ ചുമത്തപ്പെട്ടിരുന്ന 314 തരം കരങ്ങളിലൂടെ പിഴിഞ്ഞെടുത്ത പണമാണ് പത്മനാഭ ക്ഷേത്രത്തിന്റെ ഖജനാവിലുള്ളതെന്നും അതിന്റെ യഥാര്‍ഥ അവകാശികള്‍ കേരളത്തിലെ ജനങ്ങളാണെന്നും കോവളം എം എല്‍ എ ആയ ജമീലാ പ്രകാശം തുറന്നടിച്ച് സധൈര്യം അഭിപ്രായം പറയുകയുണ്ടായി. രാജകുടുംബത്തിന്റെ ശേഷിപ്പുകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജഭരണത്തിനെതിരെ സമരം നടത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലെ മുന്‍ഗാമികളെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരത്തെയും തള്ളിപ്പറയുകയാണെന്നും ജമീലാ പ്രകാശം മറുനാടന്‍ മലയാളി എന്ന വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ (കോഴിക്കോട് സാമൂതിരിക്ക് പ്രിവിപേഴ്‌സ് പുനരാരംഭിച്ചതിലൂടെയും) രാജഭക്തി കാട്ടുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് ക്ഷേത്ര ഖജനാവായിരുന്നു പ്രധാന ട്രഷറി എന്നും പാവപ്പെട്ടവരില്‍ നിന്ന് പിഴിഞ്ഞെടുത്ത കരം ഈ ഖജനാവിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
മതാധികാരവും രാഷ്ട്രീയാധികാരവും തമ്മില്‍ വേര്‍പെടുത്താനാകാത്ത വിധം ക്ഷേത്രവും ഭരണകൂടവും തമ്മില്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉണ്ടായിരുന്നത് എന്ന് ജമീലാ പ്രകാശം വിശദീകരിക്കുന്നു. അതുകൊണ്ടു തന്നെ, ഭരണഘടനാനുസൃതമായ ജനാധിപത്യ ഭരണസംവിധാനത്തില്‍ രാജാവിന്റെ സമ്പത്തായി ഉണ്ടായിരുന്നതെല്ലാം പുതിയ കാലത്തെ സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതാണ്. അതനുസരിച്ച്, ക്ഷേത്രസ്വത്തും കേരള സര്‍ക്കാറിന്റെ സ്വന്തമാകേണ്ടതാണ്. എന്നാല്‍, പെട്ടെന്ന് പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ അത് പണമാക്കി മാറ്റി, സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടേണ്ടതൊന്നുമില്ല. അമൂല്യമായതും കലാ/ചരിത്രപ്രാധാന്യമുള്ളതുമായ ആഭരണങ്ങളും വസ്തുവഹകളും മറ്റും ഇതിനായി ആരംഭിക്കുന്ന കാഴ്ചബംഗ്ലാവില്‍ പ്രദര്‍ശിപ്പിക്കുകയും ബാക്കി, സര്‍ക്കാര്‍ പ്രത്യേകം നിര്‍മിക്കുന്ന കടുത്ത ബന്തവസ്സുള്ള ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നതു പോലെ, ഇവയുടെ ഈടിന്മേല്‍ കടപ്പത്രങ്ങളിറക്കി രാജ്യ പുരോഗതിക്ക് പ്രയോജനപ്പെടുത്താവുന്നതുമാണ്.
References:
1. ജമീലാപ്രകാശവുമായുള്ള അഭിമുഖം http://marunadanmalayali.com/index.php? page newsDeta-il&id 36698
2. നിലവറകള്‍ തുറക്കുമ്പോള്‍ (എഡിറ്റര്‍ ഡോ. പി എസ് ശ്രീകല/ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം)
3. കേരളത്തിന്റെ മഹാനിധി – ഡോ. ടി എം തോമസ് ഐസക്ക്(മാതൃഭൂമി 2014 ഏപ്രില്‍ 29)