Kerala
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് രാജകുടുംബം സ്വര്‍ണം കടത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് രാജകുടുംബം സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. മണലില്‍ കലര്‍ത്തി 17 കിലോ സ്വര്‍ണം കടത്തിയതായി മൊഴി ലഭിച്ചെന്നും സ്വര്‍ണക്കടത്തിനു പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു.
കണക്കില്‍ പെടാത്ത സ്വര്‍ണം ഉണ്ടായിരുന്ന ക്ഷേത്രത്തില്‍, മിനുക്ക് പണികള്‍ക്ക് കരാറെടുത്ത തഞ്ചാവൂര്‍ ജ്വല്ലേഴ്‌സാണ് സ്വര്‍ണം കടത്തിയത്. പിന്നീട് തമിഴ്‌നാട്ടിലെ രാജുവെന്ന സ്വര്‍ണ പണിക്കാരന് കരാര്‍ കൈമാറുകയായിരുന്നു. സ്വര്‍ണ പണിക്കാരന്‍ തന്നെ സ്വര്‍ണം കടത്തിയിരിക്കാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മണലില്‍ കലര്‍ത്തി ലോറികളില്‍ കൊണ്ടുപോയ സ്വര്‍ണത്തിന് വ്യക്തമായ കണക്കില്ല. എന്നാല്‍ 17 കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊളി മാലയും മാര്‍ത്താണ്ഡവര്‍മ നല്‍കിയിരുന്നെന്ന് രാജു വെളിപ്പെടുത്തിയതായും, കാണിക്കപ്പെട്ടിയിലെ സ്വര്‍ണപ്പെട്ടി മുറിച്ച നിലയില്‍ കണ്ടെത്തിയതായും അമിക്കസ് ക്യൂറി വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണപ്പണിക്കാരനായ രാജുവിന്റെ മൊഴിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നത്.
തഞ്ചാവൂരിലെ ജ്വല്ലറികള്‍ക്കാണ് ഇങ്ങനെ കടത്തിയ സ്വര്‍ണത്തിലധികവും ലഭിച്ചത്. അധാര്‍മിക മാര്‍ഗത്തിലൂടെ സ്വര്‍ണം ലഭിച്ചതില്‍ കുറ്റബോധം തോന്നിയ ജ്വല്ലറി ഉടമകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കപ്പെട്ടിയും മറ്റും സംഭാവന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണം മിനുക്കുന്നതിനിടെ ആടയാഭരണങ്ങളില്‍ നിന്ന് താഴെ വീഴുന്ന സ്വര്‍ണത്തരികള്‍ മണലില്‍ കലര്‍ത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രം ജീവനക്കാരില്‍ അധിക പേര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും മൊഴി ലഭിച്ചിട്ടുണ്ട്. സംഭാവനയായി ലഭിക്കുന്ന വിദേശ കറന്‍സികള്‍ വെട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ക്ഷേത്ര അധികൃതരുടെ ഇടപെടല്‍ സംശയാസ്പദമാണ്. കാണിക്കയായി ലഭിച്ച സ്വര്‍ണ നാണയങ്ങള്‍ ബിസിനസുകാരന് കൈമാറി. നാണയങ്ങള്‍ എണ്ണുന്നതില്‍ ധനലക്ഷ്മി ബേങ്കിന് ഗുരുതര വീഴ്ച പറ്റി. പുറത്തുനിന്ന് കൊണ്ടുവരുന്നവ ക്ഷേത്രത്തില്‍ പ്രസാദമെന്ന വ്യാജേന വില്‍ക്കുന്നുണ്ട്. ക്ഷേത്ര പാരമ്പര്യത്തിനു വിരുദ്ധമായ നടപടിയാണിതെന്നും അമിക്കസ് ക്യൂറി പറയുന്നു. ഒറ്റക്കല്‍ മണ്ഡപം സ്വര്‍ണം പൂശുന്നതിലും ക്രമക്കേടുണ്ട്. ബി നിലവറയക്കടുത്തുള്ള മുറിയില്‍ നിന്ന് കണക്കില്‍ പെടാത്ത സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. മുതല്‍പ്പാടി പെട്ടികളെന്ന പേരിലുള്ള പെട്ടികളുടെ താക്കോലുകള്‍ നഷ്ടപ്പെട്ടുവെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നപ്പോള്‍ ചില പെട്ടികളില്‍ അമൂല്യമായ രത്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും മറ്റു ചിലത് ശൂന്യമായിരുന്നു.
ക്ഷേത്രത്തില്‍ നിന്ന് കടത്തിയ സ്വര്‍ണം സമീപത്തെ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയവും അമിക്കസ് ക്യൂറി പങ്കുവെക്കുന്നു. കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ കണ്ടെത്തിയ നൈട്രേറ്റിന്റെ സാന്നിധ്യം ഇതിന്റെ വ്യക്തമായ സൂചനയാണ്. ഭൂഗര്‍ഭ അറകളിലേക്ക് കൊട്ടാരത്തില്‍ നിന്ന് രഹസ്യ നടപ്പാതകളുണ്ട്. ഭൂഗര്‍ഭ അറകളിലെ വലിപ്പുകള്‍ പുതിയതാണ്. സുപ്രീം കോടതി ഉത്തരവിന് ശേഷം അറകള്‍ തുറന്ന് സ്വര്‍ണം മാറ്റിയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്മനാഭസ്വാമിയെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന കടുശര്‍ക്കര യോഗം കരിഞ്ചന്തയില്‍ വില്‍ക്കുകയാണ്. 12,008 സാളിഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യ കൂട്ടാണ് കടുശര്‍ക്കര യോഗം. നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയിലെ പ്ലാസ്റ്റിക് കവറില്‍ നിന്ന് ഇവ കണ്ടെത്തിയിട്ടുണ്ട്. പത്മനാഭന് നിവേദ്യം നല്‍കുന്ന പാത്രം ദ്വാരം വീണതാണ്. പഴം ഉപയോഗിച്ച് പാത്രത്തിന്റെ ഓട്ട അടച്ചാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രം സ്വകാര്യസ്വത്തു പോലെ കൈകാര്യം ചെയ്യുന്നുവെന്നും ധാര്‍മികതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ ലംഘിക്കപ്പെട്ടുവെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട,് തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായുള്ള ഭരണ സമിതിക്കു പകരം ക്ഷേത്ര ഭരണത്തിനായി കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണ സംവിധാനം രൂപവത്കരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.