Articles
ഒരു കുമ്പസാരത്തിന്റെ അസംബന്ധം

“കിഴക്കന്‍ അഹമ്മദാബാദിലെ വത്‌വ പ്രാന്തപ്രദേശത്തെ മഖ്ദൂം നഗറില്‍ സാജിദ് റോ ഹൗസസ് എന്ന പേരില്‍ മുസ്‌ലിംകളുടെ ഗെറ്റോ (നഗരങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്ന ചേരി പ്രദേശം) ഉണ്ട്. പത്ത് മീറ്റര്‍ മാത്രം അകലെ ഒരു മതിലിനപ്പുറം ധര്‍മഭൂമി സൊസൈറ്റി എന്ന പേരില്‍ ഹിന്ദുക്കളും താമസിക്കുന്നു. എന്നാല്‍ ഇവ തമ്മിലെ സാമ്യം പേരില്‍ അവസാനിക്കുന്നു. വര്‍ഗീയമായി ഭിന്നിക്കപ്പെട്ട അഹമ്മദാബാദിലെ ചുരുക്കം ചില മിശ്ര അയല്‍പക്കമാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് ഇവിടേക്ക് കുടിയേറിയതാണ് പല മുസ്‌ലിം കുടുംബങ്ങളും. വര്‍ഗീയമായി ഏറെ ഭിന്നിക്കപ്പെട്ട ഗുജറാത്തിലെ നഗരങ്ങളില്‍ നിന്ന് വത്‌വ പോലെയുള്ള ഗെറ്റോകളിലേക്ക് മുസ്‌ലിംകള്‍ ഈയാംപാറ്റകളെ പോലെ അടുക്കുകയാണ്. മുഖ്യധാരയുടെ സര്‍വ സൗജന്യങ്ങളും പരിലാളനകളും പറ്റുന്ന ഹിന്ദു സമൂഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനാലും വിവേചന വ്യവസ്ഥിതിക്ക് അടിമകളാകുന്നതിനാലും നഗരങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ പ്രാന്തവത്കരിക്കപ്പെടുകയാണ്. സാജിദ് റോ ഹൗസസില്‍ 150 വീടുകളും മഖ്ദൂം നഗറിലെ ഖുതുബെ ആലം നഗറില്‍ 500 വീടുകളുമാണുള്ളത്. ചെളിയും മാലിന്യവും നിറഞ്ഞ വെള്ളമാണ് ഇവര്‍ക്കുള്ളത്. ഈച്ചകളും കൊതുകുകളും ഇരച്ചുകയറുന്നിടം. അഴുക്കുചാലുകളില്ലാത്തതിനാല്‍ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം തളം കെട്ടിനില്‍ക്കുന്നു. ബി ജെ പിയുടെ ഭരണത്തിലുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മാലിന്യ വണ്ടിയും നിര്‍ത്തിയിട്ടിരിക്കുന്നു. അധികാരികളുടെ കണ്ണില്‍ ഇവര്‍ നിയമവിരുദ്ധ താമസക്കാരാണ്. ഇവിടെയുള്ള ഒരു വീടിന്റെ മുകള്‍ ഭാഗത്ത് കയറി ചുറ്റുപാടും നിരീക്ഷിച്ചാല്‍ കാണാം മതിലിനപ്പുറമുള്ള ധര്‍മഭൂമി സൊസൈറ്റിയിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നത്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ധര്‍മഭൂമി സൊസൈറ്റി “നിയമവിധേയ”മായാണ് പ്രവര്‍ത്തിക്കുന്നത്. പടിഞ്ഞാറന്‍ അഹമ്മദാബാദിലെ ജുഹാപുരയില്‍ സാമാന്യം വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയുമുള്ള മുസ്‌ലിംകളാണ്. എന്നാല്‍, അവരും ഗെറ്റോകളില്‍ തന്നെയാണ് താമസിക്കുന്നത്. ചേരിയല്ലാതെ ഗുജറാത്തി മുസ്‌ലിംകള്‍ക്ക് മറ്റൊരു തിരഞ്ഞെടുപ്പ് ഇല്ല. അഹമ്മദാബാദിലെ മറ്റ് മേഖലകളില്‍ ഇവര്‍ക്ക് മുസ്‌ലിംകളായതിനാല്‍ താമസസൗകര്യം ലഭിക്കുന്നില്ല.” (വേള്‍ഡ്‌സ് അപ്പാര്‍ട് ഇന്‍ എ ഡിവൈഡഡ് സിറ്റി -ദി ഹിന്ദു 2013 ഒക്‌ടോ. 28)
ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മുസ്‌ലിംകളോട് മാപ്പപേക്ഷിച്ച വാര്‍ത്തക്ക് പറ്റിയ “ചേരുംപടി”യാണ് ദര്‍ശന്‍ ദേശായിയുടെ ലേഖനത്തിലെ ഈ ഭാഗം. മുസ്‌ലിം പൊതുസാമാന്യത്തെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റി ചേരിപ്രദേശങ്ങളിലേക്ക് ഒതുക്കുന്നതിന്റെ നേര്‍ പരിച്ഛേദമാണ് അഹമ്മദാബാദിലേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ ഒതുക്കല്‍ നടപടിക്ക് വേഗം ആര്‍ജിച്ചത് 2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമാണ്. ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ബി ജെ പിക്ക് ഇത് രാഷ്ട്രീയ മൈലേജ് നല്‍കിയെങ്കിലും രാജ്യത്തിന്റെ മതേതരത്വം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ മൂല്യങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകളായി മാത്രം ചുരുങ്ങുകയായിരുന്നു. മതേതരത്വവും ജനാധിപത്യവും കളിയാടുന്നെന്ന് കേളി കേട്ട ഇന്ത്യക്ക് ലോകസമക്ഷം തല കുനിക്കേണ്ടി വന്നു. മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിനേറ്റ വന്‍ ക്ഷതമായി ഇത് ഭവിക്കുകയും ചെയ്തു. 2001 സെപ്തംബര്‍ 11ന് ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇസ്‌ലാമിക/ മുസ്‌ലിം ഉന്‍മൂലനത്തിന്റെ മോദിയന്‍ പതിപ്പാണ് ഗുജറാത്തില്‍ നടമാടിയത്. ഗുജറാത്തികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വണിക സ്വഭാവം ഉപയോഗിച്ച് രാഷ്ട്രീയ ലാഭത്തിന് നിരപരാധികളുടെ ചോര ഉപയോഗിക്കുകയായിരുന്നു മോദി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്ത് വംശഹത്യയില്‍ ഖേദമുണ്ടോയെന്ന റോയിട്ടേഴ്‌സ് ലേഖകന്റെ ചോദ്യത്തിന് കാറിനടയില്‍ പട്ടിക്കുട്ടി പെട്ടാലും ദുഃഖമുണ്ടാകുമെന്ന “നല്ല നിലയിലുള്ള തെറി”യാണ് മോദി ഉപയോഗിച്ചത്. അതിനു ശേഷം എങ്ങുമെത്താത്ത രീതിയിലുള്ള ഒരു “ഖേദപ്രകടനം” മോദി നടത്തിയെങ്കിലും അതൊക്കെ ആരെയോ സുഖിപ്പിക്കാനുള്ള അധര വ്യായാമമായി പരിണമിച്ചുവെന്ന് മാത്രം. പിന്നീട് കഴിഞ്ഞയാഴ്ചയാണ് ബി ജെ പിയുടെ ഭാഗത്ത് നിന്ന് പ്രായശ്ചിത്തത്തിന്റെ വിളിയാളമുണ്ടാകുന്നത്. “കഴിഞ്ഞ കാലത്ത് ബി ജെ പി എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണ്. ഒരു കലാപത്തെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്; അത് 2002ലെ കലാപമാണ്. ഹിതേന്ദ്ര ദേശായ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ കലാപങ്ങളൊന്നുമില്ലായിരുന്നോ? യഥാര്‍ഥത്തില്‍ രാജ്യത്തെ വിഭജനം കാംക്ഷിക്കുന്നവരാണ് വര്‍ഗീയവാദികള്‍; ഞങ്ങളല്ല. മുസ്‌ലിംകള്‍ക്ക് ബി ജെ പി എതിരല്ല. ബി ജെ പിക്കെതിരായ പ്രചാരണങ്ങളില്‍ സമുദായം ഭാഗഭാക്കാകരുത്. ഒരിക്കല്‍ ഞങ്ങളെ പരീക്ഷിക്കൂ. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ലെങ്കില്‍ പിന്നീടൊരിക്കലും പരിഗണിക്കേണ്ട. അധികാരം നേടാനുള്ള രാഷ്ട്രീയമല്ല മറിച്ച് രാഷ്ട്രത്തെ നിര്‍മിക്കാനുള്ള രാഷ്ട്രീയമാണ് ഞങ്ങളുടെത്.” “നരേന്ദ്ര മോദിയുടെ യജ്ഞം: മുസ്‌ലിംകളുടെ പങ്ക്” എന്ന ശീര്‍ഷകത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്. മുസ്‌ലിംകളോട് ഇങ്ങനെയൊരു ഖേദപ്രകടനം നടത്തിയില്ലെന്ന് ശനിയാഴ്ച ബി ജെ പിയുടെ മുസ്‌ലിം മുഖം മുക്താര്‍ അബ്ബാസ് നഖ്‌വി അവകാശപ്പെട്ടു. അല്ലെങ്കിലും പറയാനുള്ളത് പറഞ്ഞ് അവസാനം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുന്നത് ചില രാഷ്ട്രീയക്കാരുടെ സ്ഥിരം ഏര്‍പ്പാടാണ്. (ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പൂനെയില്‍ വെച്ച് ചാനലുകള്‍ക്കെതിരെ കൊലവെറി നടത്തി. കോണ്‍ഗ്രസിനെതിരെ വാര്‍ത്ത കൊടുത്താല്‍ ചാനലുകളുടെ പിന്നാമ്പുറങ്ങളിലുള്ളവരെ തകര്‍ത്തുകളയും എന്നായിരുന്നു ആ ഭീഷണി. അന്ന് വൈകുന്നേരം തന്നെ ടിയാന്‍ അത് നിഷേധിച്ചു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ക്കെതിരെ രാജ്യത്തുടനീളം സോഷ്യല്‍ മീഡിയകളിലൂടെ പ്രചണ്ഡപ്രചാരണം നടത്തിയതിനെ കുറിച്ചാണ് തന്റെ പരാമര്‍ശമെന്ന് ഷിന്‍ഡെ റിനോ തൊലിക്കട്ടിയോടെ പ്രതികരിച്ചു.)
ബി ജെ പിയുടെ മാപ്പ് മുസ്‌ലിംകള്‍ കാംക്ഷിക്കുന്നില്ല എന്നതാണ് സത്യം. സംഘ് പരിവാറിന്റെ നിയന്ത്രണമുള്ളിടത്തോളം കാലം (അതില്ലാതായാലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല) ന്യൂനപക്ഷ വിരോധവും ഹിന്ദു രാഷ്ട്ര സംസ്ഥാപനവും നിലനിര്‍ത്താനാണ് ബി ജെ പി എന്ന രാഷ്ട്രീയ സംവിധാനം ശ്രമിക്കുക. മുസ്‌ലിംകളെ തുടച്ചുനീക്കുകയെന്ന ലക്ഷ്യമാണ് സംഘ് വെച്ചുപുലര്‍ത്തുന്നും അത് പുലരാന്‍ അക്ഷീണം ശ്രമിക്കുന്നതും. ഗുജറാത്ത് അതിന്റെ ലക്ഷ്യം കണ്ട പരീക്ഷണ ഭൂമികയാണ്. അതുകൊണ്ടാണല്ലോ സമ്പത്തും വിദ്യാഭ്യാസവും ഉള്ള മുസ്‌ലിംകള്‍ക്ക് പോലും അവിടെ ചേരി പ്രപഞ്ചങ്ങളുടെ ഭാഗമാകേണ്ടി വന്നത്. ഗുജറാത്തിന്റെ ദേശീയ പതിപ്പാണ് നരേന്ദ്ര മോദിയെന്ന നാഗ്പൂരിലെ മുമ്പത്തെ കുശിനിക്കാരനിലൂടെ സംഘ് ലക്ഷ്യമിടുന്നത്. സംഘിന്റെ ഗോതമ്പും പരിപ്പും ചായയും ഭക്ഷിച്ച് വളര്‍ന്ന മോദിക്ക് അധികാരം ലഭിച്ചാല്‍ 2002ലെ ഗുജറാത്ത് 2015ലോ 2016ലോ ഇന്ത്യയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ ഉണ്ടാകുമെന്നത് സംശയിക്കുന്നതില്‍ തെറ്റെന്താണ്? അത് ഒരുപക്ഷേ, ഡല്‍ഹിയോ മുംബൈയോ ഹൈദരാബാദോ അല്ലെങ്കില്‍ തിരുവനന്തപുരം തന്നെയുമോ ആകാം. അതിന്റെ ശംഖൊലികളാണ് ബി ജെ പിയും മോദിയും അഷ്ടദിക്കുകളിലും മുഴക്കുന്നതും. രണ്ടാഴ്ച മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദി നടത്തിയ വിദ്വേഷം തുളുമ്പുന്ന പ്രസംഗം ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ മാത്രം രാജ്യം സ്വീകരിച്ചാല്‍ മതിയെന്നും അവര്‍ക്ക് അസം മാത്രമല്ല രാജ്യമൊന്നടങ്കം അഭയം നല്‍കണമെന്നും പറഞ്ഞ മോദി, അതുകൊണ്ട് മതിയാക്കാതെ ചില കൂട്ടിച്ചേര്‍ത്തലുകള്‍ നടത്തി. രാഷ്ട്രീയ ഗൂഢോലചനയുടെ ഭാഗമായി എത്തിയ മറ്റൊരു വിഭാഗം അഭയാര്‍ഥികളെ പുറത്താക്കാന്‍ യത്‌നിക്കണമെന്നും. മ്യാന്‍മറിലെ റോഹിംഗ്യയില്‍ ബുദ്ധതീവ്രവാദിളുടെ സംഹാര താണ്ഡവത്തില്‍ ആട്ടിയോടിക്കപ്പെട്ട മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്കും തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളിലേക്കും കുടിയേറുന്നതിനെയാണ് മോദി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാക്കുന്നത്. തനിക്ക് അധികാര ദണ്ഡ് ലഭിച്ചാല്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രകടനപത്രികയാണ് മോദിയുടെ ഈ വാക്കുകള്‍. കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് മോദി ദളിതനാകുന്നത്. അപ്പോള്‍ ഭ്രഷ്ട്, തീണ്ടാപ്പാടകലെ നിര്‍ത്തല്‍, അന്യവത്കരണം തുടങ്ങിയ വാക്കുകള്‍ മോദിയുടെ ചുണ്ടില്‍ വരുത്തുന്നതിന് കോടികള്‍ ചെലവാക്കി നിര്‍ത്തിയ പ്രസംഗ നിര്‍മാതാക്കള്‍ ശ്രമിക്കും. പുരോഗമന പ്രസ്ഥാനങ്ങളുടെ ജിഹ്വയില്‍ മുഴുനീള വര്‍ണ പരസ്യം വരുത്താനും മോദിയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കഴിഞ്ഞിരുന്നു. കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗര്‍ജിക്കുന്ന സിംഹമായി ആ ദേഹം.
ആകയാല്‍, നിഷേധമുണ്ടെങ്കിലും അന്തരീക്ഷത്തിലുള്ള രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍ പോലെയുള്ളത് ഇനിയും പ്രതീക്ഷിക്കാം. പക്ഷേ, അതൊന്നും പുലരുകയില്ല. അധികാരവും അമേരിക്കന്‍ വിസയും ലഭിക്കാനുള്ള ചില പെപ്പര്‍ സ്‌പ്രേകള്‍ മാത്രം. (മോദി വിഷയത്തില്‍ നിലപാട് മാറ്റിയില്ലെന്ന് കഴിഞ്ഞ ദിവസവും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ മാസത്തിലൊരിക്കലെങ്കിലും അമേരിക്ക ഇങ്ങനെ പറയാറുണ്ട്) ആര്‍ എസ് എസ് മൂശയിലൂടെ ഭരണപക്ഷത്തെത്തുന്ന നേതാക്കളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ന്യൂനപക്ഷവിരോധം; പ്രത്യേകിച്ചും മുസ്‌ലിം വിരോധം. മതേതരത്വത്തിന്റെ മുഖമാണെന്ന് എത്ര വിശേഷിപ്പിച്ചാലും അത് തമ്മില്‍ ഭേദം തൊമ്മന്‍ എന്നു മാത്രം. മോദിയുടെ അധികാര മുഷ്‌കില്‍ അടിയറവ് പറഞ്ഞ പല്ല് കൊഴിഞ്ഞ സിംഹമായ അഡ്വാനിയെ മതേതരത്വ മുഖമായി കൊണ്ടാടാനുള്ള ശ്രമം ഇപ്പോള്‍ തകൃതിയാണ്! ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും ആര്‍ എസ് എസ് തുടരുന്നുവെന്നാണ് നബ കുമാര്‍ സര്‍കാര്‍ എന്ന സ്വാമി അസിമാനന്ദയിലൂടെ രാജ്യം കേട്ടത്. ആര്‍ എസ് എസിന് വേണ്ടിയുള്ള, ന്യൂനപക്ഷങ്ങള്‍ക്കെതിരായ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തന്റെ ജന്മദൗത്യമായാണ് അസിമാനന്ദ കണ്ടത്. അതിന് ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭഗവതിന്റെയും ഇന്ദ്രേഷ് കുമാറിന്റെയും മറ്റും എല്ലാ വിധ ഒത്താശകളും ഉണ്ടെങ്കിലും. രാജസ്ഥാനിലെ അംബാല ജയിലില്‍, ഗാന്ധി വധ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് 18 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ കഴിഞ്ഞ സെല്ലില്‍ പാര്‍പ്പിച്ചതില്‍ അതീവ അഭിമാനിയാണ് അസിമാനന്ദ. “ഗോപാല്‍ ഗോഡ്‌സെ കഴിഞ്ഞ അതേ സെല്ലിലാണ് എന്നെയും പാര്‍പ്പിച്ചത്. എന്ന് അസിമാനന്ദ അഭിമാനത്തോടെ പറഞ്ഞതായി “ദി കാരവന്‍” മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “തടവ് ജീവിതം കീഴടക്കിയ ഒരാളെയല്ല ജയിലിലെ ഇരുണ്ട റെക്കോര്‍ഡ് മുറിയില്‍ ഞാന്‍ കണ്ടത്; പ്രത്യുത, മനഃസ്ഥാപം തീരെയില്ലാത്ത ഒരാളെയായിരുന്നു. “എനിക്കെന്ത് സംഭവിച്ചാലും അത് ഹിന്ദുക്കള്‍ക്ക് ശുഭകാര്യമാണ്. ജനങ്ങള്‍ക്കിടയില്‍ ഹിന്ദുത്വയെ അത് ഉദ്ദീപിപ്പിക്കും.” അസിമാനന്ദ പറഞ്ഞു.” (സംഘിന് സ്വാമി അസിമാനന്ദയുടെ മൗലിക സേവനം. ലീന ഗീത രഘുനാഥ്. ദി കാരവന്‍ മാഗസിന്‍). ചുരുക്കത്തില്‍, ബി ജെ പിയുടെ രാഷ്ട്രീയ പൊറാട്ടുനാടകങ്ങളെ ന്യൂനപക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ദളിതുകളേക്കാള്‍ മോശം സ്ഥിതിയിലുള്ള മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക അവസ്ഥയെ ലക്ഷ്യം വെച്ച് യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പ് രാജ്യത്തിന്റെ മതേതരത്വ മുഖത്തിന് ആഘാതമാണെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തി കോടതി വ്യവഹാരത്തിന് തുനിഞ്ഞയാളാണല്ലോ മോദി.
pakabier@gmail. com