Articles
അഅ്‌സം ഖാന്റെ എരുമകളും മനുഷ്യരുടെ മാനവും

പോലീസുകാരനെ കടിച്ച നായ കസ്റ്റഡിയില്‍
ലക്‌നോ: മുന്‍ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച തെരുവ് നായക്കെതിരെ കേസെടുത്തു. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ വിജയ് സിംഗിനെ ഈ മാസം 13നാണ് നായ കടിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ പോലീസാണ് ഈ ചരിത്ര സംഭവത്തിന് അവകാശികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 289ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(17.02.2014)
* * * * * *
അഅ്‌സം ഖാന്റെ മോഷ്ടിച്ച എരുമകളെ കണ്ടെത്തി; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി
ലക്‌നോ: ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഅ്‌സം ഖാന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഏഴ് എരുമകളെയും കണ്ടെത്തി. പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് എരുമകളെ കണ്ടെത്താനായത്. കൃത്യവിലോപത്തിന് മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് മന്ത്രിവസതിക്ക് സമീപമുള്ള അതീവ സുരക്ഷയുള്ള ഫാം ഹൗസില്‍ നിന്ന് എരുമകളെ തട്ടിക്കൊണ്ടുപോയത്. വലിയ ഇരുമ്പ് ചങ്ങല മോഷ്ടാക്കള്‍ മുറിച്ചു മാറ്റി. എസ് സധ്‌ന ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരുമകളെ കണ്ടെത്താന്‍ ജില്ല മുഴുവന്‍ അരിച്ചുപെറുക്കി. വിക്‌ടോറിയ രാജ്ഞിയേക്കാള്‍ പ്രസിദ്ധമാണ് തന്റെ എരുമകളെന്ന് കഴിഞ്ഞ ദിവസം അഅ്‌സം ഖാന്‍ പറഞ്ഞിരുന്നു.
(04.02.2014)
* * * * * *
മുസാഫര്‍ നഗര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകര്‍: എസ് പി നേതാവ്
ലക്‌നോ: മുസാഫര്‍ നഗര്‍ കലാപത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ യാചകരെന്ന അധിക്ഷേപവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ്. ക്യാമ്പില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകരാണെന്നാണ് എസ് പി നേതാവും ശ്രാവസ്തിയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ആതിഖ് അഹ്മദ് അധിക്ഷേപിച്ചത്.
“എല്ലാ സമൂഹങ്ങളിലും സമുദായങ്ങളിലും യാചകത്തൊഴിലാളികള്‍ ഉണ്ട്. യഥാര്‍ഥ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് 15 ലക്ഷം രൂപയും ജോലിയും നല്‍കി. എന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ യാചന തുടരുകയാണ്. അവര്‍ പ്രൊഫഷനല്‍ യാചകരല്ലാതെ മറ്റെന്താണ്?”- മാഫിയാ ബന്ധം ആരോപിക്കപ്പെട്ട നേതാവ് കൂടിയായ ആതിഖ് ചോദിച്ചു.
(02.02.2014)
കഴിഞ്ഞ രണ്ടാഴ്ചക്കിടെ വന്ന വാര്‍ത്തകളാണിവ. ഇവ കൂട്ടി വായിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം രണ്ട് രീതിയില്‍ വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യാം. വ്യവസ്ഥിതിയുടെ വിവേചനവും അതേസമയം അധികാരവും ആഭിജാത്യവും കൈമുതലായവരുടെ വിഷയത്തിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ഥതയും എപ്രകാരമാണെന്ന് വ്യക്തമായി വരക്കുന്നുണ്ട് ഇവ. മന്ത്രിയുടെ എരുമകളെ കാണാതായാല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും കൃത്യവിലോപത്തിന് പോലീസുകാര്‍ക്കെതിരെ നാലാം പക്കം നടപടിയെടുക്കുകയും ചെയ്യുന്ന വ്യവസ്ഥിതി. മുന്‍ എസ് ഐയെ പട്ടി കടിച്ചാല്‍ പട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ അതീവ ശുഷ്‌കാന്തി കാണിക്കുന്ന നിയമപാലകരുടെ അത്യുത്കൃഷ്ട മാതൃക. അതേസമയം, സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളും അബലരും ദുര്‍ബലരും ഇരകളാക്കപ്പെടുമ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലും കൂട്ടാക്കാത്ത വ്യവസ്ഥിതിയുടെ കാവലാളുകള്‍. ദളിത്/ മുസ്‌ലിം പെണ്‍കുട്ടികളുടെ മാനം പിച്ചിച്ചീന്തുമ്പോള്‍, സമൂഹത്തിലെ ദുര്‍ബലര്‍ ആക്രമിക്കപ്പെടുമ്പോള്‍/ കൊല ചെയ്യപ്പെടുമ്പോള്‍ നടപടികള്‍ക്ക് പരമാവധി അമാന്തം കാണിക്കുന്നവര്‍ തന്നെയാണ് എരുമകള്‍ക്കും പട്ടികള്‍ക്കും പിന്നാലെ പായുന്നതും. മന്ത്രിമാരുടെ എരുമകള്‍ക്കും പോത്തുകള്‍ക്കും ലഭിക്കുന്ന സംരക്ഷണത്തിന്റെ ഏഴയലത്തെങ്കിലും എത്തുന്നുണ്ടോ പ്രസ്തുത സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിന് എന്നത് ചിന്തനീയമാണ്. കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ആഭ്യന്തര മന്ത്രാലയം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ കാനേഷുമാരിയായിരുന്നു അത്. അതിങ്ങനെ; 2013ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിനാണ് ഒന്നാം സ്ഥാനം. മൊത്തം 247 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇവിടെ നടന്നതായാണ് കണക്ക്. ഇതില്‍ ഔദ്യോഗിക കണക്ക് പ്രകാരം 77 പേര്‍ മരിച്ചിട്ടുണ്ട്. 88 വര്‍ഗീയ സംഘര്‍ഷങ്ങളുമായി മഹാരാഷ്ട്രയാണ് രണ്ടാമത്. മധ്യപ്രദേശില്‍ 84, കര്‍ണാടകയില്‍ 73, ഗുജറാത്തില്‍ 68, ബീഹാറില്‍ 63, രാജസ്ഥാനില്‍ 52 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങളുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12 പേരും മധ്യപ്രദേശില്‍ 11 പേരും മരിച്ചു. ഏറ്റവും കൂടുതല്‍ പരുക്ക് പറ്റിയവരുടെ എണ്ണത്തിലും യു പി തന്നെയാണ് മുന്നില്‍; 360 പേര്‍. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരമാണ് സംഘര്‍ഷങ്ങളുടെ വിഷയത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തുള്ളത്. മൊത്തം ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉത്തര്‍പ്രദേശില്‍ 2516 പേര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന്റെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളും യു പിയും തമ്മിലുള്ള അന്തരം മനസ്സിരുത്തി വായിക്കേണ്ടതുണ്ട്. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ നടന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് യു പിയിലേത്. നിക്ഷിപ്ത താത്പര്യത്തിനും ഭംഗുര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി സാമുദായിക മൈത്രിയും നാട്ടിലെ സമാധാനാവസ്ഥയും ബലി കഴിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇതില്‍ പ്രധാന പ്രതികള്‍. പ്രാദേശിക തലം മുതല്‍ മുകളിലേക്ക് പോകുമ്പോള്‍ സമൂഹ മനഃസാക്ഷിയുടെ പക്കലുള്ള പ്രതിപ്പട്ടികക്ക് വൈപുല്യം കൈവരും. മുസാഫര്‍ നഗറില്‍ സംഭവിച്ചത് ഇതിന് മകുടോദാഹരണമാണ്. പ്രാദേശിക തലത്തില്‍ പരിഹരിക്കപ്പെടുമായിരുന്ന ഒരു വിഷയം സംസ്ഥാനമൊന്നാകെ കത്തിപ്പടരാന്‍ പാകത്തില്‍ എരിതീയില്‍ എണ്ണ പകരുകയും പരമാവധി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തതില്‍ അഅ്‌സം ഖാന്‍ അടക്കമുള്ള യു പിയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് നാട്ടില്‍ പാട്ടാണ്. രാഷ്ട്രീയ മസില്‍ പ്രകടിപ്പിക്കാനുള്ള ഉത്തമ വേദിയായിട്ടാണ് രാഷ്ട്രീയ നേതൃത്വം പലപ്പോഴും ഇത്തരം, പ്രാദേശിക തര്‍ക്കങ്ങളെ കാണുന്നത്. രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള ഭിന്നത ഇന്നല്ലെങ്കില്‍ നാളെ, ഒരേ വേദിയില്‍ തോളോട് തോള്‍ ചേരുന്നതിലോ ഷേക്ക് ഹാന്‍ഡിലോ തീരുമെങ്കിലും സമൂഹത്തില്‍ ഉടലെടുക്കുന്ന ചകിതാവസ്ഥയും ഭിന്നതയും അവിശ്വാസവും ഒരിക്കലും മായാത്ത പച്ചകുത്തലാകും.
മുസാഫര്‍ നഗര്‍ തന്നെയെടുക്കുകയാണെങ്കില്‍ ഒരു ജില്ലയിലെ 46 ശതമാനം വരുന്ന ജനവിഭാഗം പൂര്‍ണമായും അഭയാര്‍ഥികളായിരിക്കുകയാണ്. ഒരു ജില്ലയില്‍ നിന്ന് വലിയൊരു വിഭാഗം വീടും കാര്‍ഷിക ഭൂമിയും മറ്റ് എല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് പ്രാണരക്ഷാര്‍ഥം അന്യനാട്ടില്‍ അഭയം തേടിയിരിക്കുന്നു. അതിഭീകരമാണ് ഈ അവസ്ഥ. അന്യനാട്ടില്‍ ഒന്നു മുതല്‍ എല്ലാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ദിനേനയുള്ള അപ്പക്കഷണത്തിന് വഴി കാണണം, പ്രത്യേകിച്ച് സ്ത്രീകളുടെ മാനം പിച്ചിച്ചീന്തപ്പെടാത്ത ഒരു അവസ്ഥ സൃഷ്ടിച്ചെടുക്കണം തുടങ്ങി ഒരുപാട് പ്രതിസന്ധികളെയാണ് തരണം ചെയ്യേണ്ടത്. സെപ്തംബര്‍ ആദ്യവാരമുണ്ടായ കലാപത്തിന്റെ കെടുതികള്‍ ഇപ്പോഴും അനവരതം തുടരുകയാണെന്ന് ദി ഹിന്ദു കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് ചെയ്തു. മക്കളോടൊപ്പം രണ്ട് മുറികളടങ്ങിയ വീട് നിര്‍മിക്കാന്‍ കഷ്ടപ്പെടുന്ന മുഹമ്മദ് ശമീമിന്റെ കഥയാണ് ഹിന്ദുവിന്റെ ലേഖകന്‍ വിവരിക്കുന്നത്. ഒമ്പത് മക്കള്‍ക്ക് പാര്‍ക്കാനാണ് ഈ ചെറിയ കൂര നിര്‍മിക്കുന്നത്. കലാപ വേളയില്‍ 13 പേര്‍ കൊല്ലപ്പെട്ട ലിസാദ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ശമീം. ക്യാമ്പില്‍ വെച്ച് നടന്ന സമൂഹ വിവാഹത്തില്‍ ശമീമിന്റെ മൂത്ത മകന്‍ ആസിഫും പങ്കെടുത്തു. അവിവാഹിതകളായ പെണ്‍കുട്ടികളുടെ മാനം സംരക്ഷിക്കാനുള്ള ഏക പ്രതിരോധ മാര്‍ഗമാണ് ഈ സമൂഹ വിവാഹം. മറ്റൊരു പ്രധാന പ്രതിസന്ധി, യുവാക്കളുടെയും കുട്ടികളുടെയും വിദ്യാഭ്യാസമാണ്. സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും ഇവര്‍ പുറത്താക്കപ്പെടുന്നു. നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന ജാട്ട് വിദ്യാര്‍ഥികള്‍ തങ്ങളെ ഭയപ്പാടോടെ കാണുന്നുവെന്ന് പലരും വേദനയോടെ പങ്ക് വെക്കുന്നു. ഒരു തരം അരികുവത്കരണവും ഭീതിയുത്പാദനവുമാണ് കലാലയങ്ങളില്‍ നടക്കുന്നത്. ഈ ചെറിയ വിവരണത്തില്‍ ഇരകളുടെ നിലവിലെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, സാമുദായിക വെല്ലുവിളികളും പ്രതിസന്ധികളും വ്യക്തമാണ്. അതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്ര വാര്‍ത്ത ഇങ്ങനെ വായിക്കാം; വിവിധ കേസുകളിലായി 235 പേര്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 349 പേര്‍ക്കെതിരെ പ്രാദേശിക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും 108 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി ആരംഭിക്കുകയും ചെയ്തു. 987 പ്രതികളില്‍ 336 പേരെയാണ് അറസ്റ്റ് ചെയ്തത്. ആറ് കൂട്ട ബലാത്സംഗ സംഭവങ്ങളില്‍ 27 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ വേദ്പാല്‍ എന്നയാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കലാപത്തില്‍ മൊത്തം 566 കേസുകളില്‍ 6244 പേരെയാണ് പ്രതി ചേര്‍ത്തത്. അറസ്റ്റിലായ പ്രതികളുടെ എണ്ണമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആറ് ബലാത്സംഗ കേസുകളില്‍ പിടിക്കാനായത് ഒരാളെ മാത്രം!
എരുമകളുടെയും തെരുവുനായകളുടെയും കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതിയെങ്കിലും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അഭിമാനം നഷ്ടപ്പെട്ട ഇരകള്‍ക്ക് കുറച്ചെങ്കിലും സ്വാസ്ഥ്യം കൈവരുമായിരുന്നു. തെരുവുനായയുടെ കടിയേറ്റ് മുന്‍ എസ് ഐയുടെ കാലില്‍ നിന്ന് വന്ന രക്തത്തിന്റെ നിറവും മുസാഫര്‍നഗറിലും ശംലിയിലും വര്‍ഗീയ പേ പിടിച്ച അസുരന്‍മാരുടെ രൗദ്രാക്രമണത്തെ തുടര്‍ന്ന് ന്യൂനപക്ഷങ്ങളുടെ ചങ്കില്‍ നിന്ന് വന്ന ചോരയുടെയും നിറത്തില്‍ വ്യത്യാസമുണ്ടായിരുന്നോ? രണ്ടിലും ഇരട്ട നീതിയും സമീപന രീതിയും ഉണ്ടായതെങ്ങനെ? മന്ത്രിയുടെ ആലയില്‍ അതീവ സുരക്ഷയെന്ന ചട്ടക്കൂടില്‍ പാരതന്ത്ര്യത്തിന്റെ തേക്കിയരക്കം നടത്തുന്ന എരുമകളെ മോഷ്ടിച്ചതാണോ, മാതാപിതാക്കളുടെയും/ പ്രിയതമന്റെയും സംരക്ഷണത്തില്‍ കഴിയവെ, ആയുധങ്ങളും ആള്‍ബലവും പ്രകടിപ്പിച്ച് പാവപ്പെട്ട സ്ത്രീകളുടെ മാനം കവര്‍ന്നതാണോ മനഃസാക്ഷിയെ ഉലക്കേണ്ടത്? ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ തന്നെ രാഷ്ട്രീയ അപ്പോസ്തലന്‍മാര്‍ തയ്യാറാകില്ലെന്നതാണ് വസ്തുത.