Connect with us

Articles

സമസ്ത: അജയ്യമീ നേതൃപൈതൃകം

Published

|

Last Updated

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ മഹത്തായ ഒരു പൈതൃകത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അര നൂറ്റാണ്ട് ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന നേതാവ് അതിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സമസ്ത മുശാവറയില്‍ ഇത്രയും സുദീര്‍ഘമായ കാലത്തിന്റെ പൈതൃകം അവകാശപ്പെടാന്‍ മറ്റൊരു പണ്ഡിതനില്ല. സുന്നി യുവജന സംഘം, വിദ്യാഭ്യാസ ബോര്‍ഡ് എന്നീ ചരിത്രങ്ങളുടെ സൃഷ്ടിയില്‍ മുഖ്യ പങ്കാളിത്തം വഹിക്കുകയും അവയെ അമരത്തിരുന്ന് നയിക്കുകയും ചെയ്ത മഹാരഥനാണ് നൂറുല്‍ ഉലമ. അജയ്യമായ ഒരു പൈതൃകത്തിന്റെ മഹത്തായ തുടര്‍ച്ചയായാണ് മൗലാനാ എം എ സമസ്തയുടെ അധ്യക്ഷ പദവിയില്‍ അവരോധിതനായിരിക്കുന്നത്.
1985ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 60-ാം വാര്‍ഷിക സമ്മേളനം നടക്കുന്നത്. 1972ലാണ് ഇതിന് മുമ്പ് സമസ്ത വാര്‍ഷികം നടന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അറുപതാം വാര്‍ഷികം മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വേറിട്ട സംഭവമായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സമസ്ത ചരിത്രത്തിന്റെ ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നു. മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, മര്‍ഹൂം പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ എം മുഹമ്മദ് കോയ മാത്തോട്ടം തുടങ്ങിയ പ്രമുഖരായിരുന്നു സ്മരണികയിലെ പ്രധാന എഴുത്തുകാര്‍. അതിന് ശേഷം 29 വര്‍ഷങ്ങളായി സമസ്ത വിപുലമായ വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.
1985ല്‍ 60-ാം വാര്‍ഷികം നടക്കുമ്പോള്‍ മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു സമസ്ത പ്രസിഡന്റ്. സീനിയര്‍ വൈസ് പ്രസിഡന്റും കണ്ണിയത്തിന്റെ അഭാവത്തില്‍ സമസ്ത മുശാവറയുടെ അധ്യക്ഷനുമായിരുന്നു ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി. 85ല്‍ ശംസുല്‍ ഉലമാ ഇ കെ അബുബക്കര്‍ മുസ്‌ലിയാര്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രമുഖനായ കാര്യദര്‍ശിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിലകൊണ്ടു. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടത് കാന്തപുരമായിരുന്നു. 1989ല്‍ സമസ്തയുടെ അമരക്കാരനായി അക്കാലം വരെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആ പദവിയില്‍ തുടര്‍ന്ന ശേഷം ഇപ്പോള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1985ല്‍ സമസ്തയുടെ ജോ.സെക്രട്ടറിയായിരുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ 1989ല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മഹനീയമായ ഒരു പൈതൃകത്തിന്റെ അഭിമാനകരമായ തുടര്‍ച്ച ഇങ്ങനെ. 1985ല്‍ വൈസ് പ്രസിഡന്റ് 1989ല്‍ പ്രസിഡന്റ്. 1989ല്‍ വൈസ് പ്രസിഡന്റ് 2014ല്‍ പ്രസിഡന്റ്. 1985ല്‍ ജോ.സെക്രട്ടറി 1989ല്‍ ജനറല്‍ സെക്രട്ടറി. ചരിത്രത്തിന്റെ ആ ഒഴുക്ക് തടസ്സമില്ലാതെ തുടരുന്നു.
1985ല്‍ സമസ്തയുടെ പ്രധാന കീഴ്ഘടകങ്ങളായി ഉണ്ടായിരുന്നത് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്), കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്). ഔദ്യോഗികമല്ലെങ്കിലും സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം സമസ്തയുടെ കീഴ്ഘടകത്തെപ്പോലെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സമസ്ത സ്മരണികയില്‍ എസ് എസ് എഫിനെ പരിചയപ്പെടുത്തുന്ന ലേഖനമുണ്ട്. 1989ലും സമസ്തക്ക് രണ്ട് കീഴ്ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സമസ്ത കേരള സുന്നി യുവജന സംഘം, രണ്ട് കേരള സ്റ്റേറ്റ് സുന്നി സറ്റുഡന്റ്‌സ് ഫെഡറേഷന്‍. ചരിത്രം അവിഘ്‌നം ഒഴുകിക്കൊണ്ടിരിക്കുന്നു. മുറിയാതെ, അണയാതെ.
മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ശാസ്ത്രീയവും മാതൃകാപരവുമായ സംവിധാനം ഉണ്ടാക്കി ഈ രംഗം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരെ പിടിച്ചു കെട്ടുന്നതില്‍ സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് വിജയിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് എന്ന ആശയത്തിന് ബീജാവാപം നല്‍കുന്നത് അതിന്റെ സ്ഥാപിത നേതാക്കളില്‍ പ്രമുഖനായിരുന്ന മൗലാനാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരായിരുന്നു. 1989ല്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. ഇപ്പോള്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ബോര്‍ഡിന് നേതൃത്വം നല്‍കുന്നു.
1985ല്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റ് പദവിയില്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. അന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. 1989ല്‍ സുന്നി യുവജന സംഘം പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ചരിത്രത്തിന്റെ അനസ്യൂതമായ തുടര്‍ച്ചയും ആധികാരികതയും. വെല്ലാനാകാത്ത പൈതൃകം.
1985ല്‍ പ്രാസ്ഥാനിക സാഹിത്യങ്ങളായി ഉണ്ടായിരുന്നത് നാല് പ്രസിദ്ധീകരണങ്ങള്‍. ഒന്ന് സിറാജ് ദിനപത്രം, രണ്ട് സുന്നി വോയ്‌സ് ദൈ്വ വാരിക, മൂന്ന് സുന്നത്ത് മാസിക, നാല് രിസാല വാരിക. 1989ലും ശേഷവും ഇവ തന്നെ പ്രാസ്ഥാനിക സാഹിത്യങ്ങളായി തുടര്‍ന്നു. മഹിതമായ തുടര്‍ച്ച അന്നും ഇന്നും. പ്രസ്ഥാനത്തിലും സാഹിത്യത്തിലും. പൈതൃകം അക്ഷരത്തില്‍ അല്ല അര്‍ഥത്തില്‍ വേണം. സമസ്ത ഇന്നും പൈതൃകങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ആദര്‍ശത്തിലും സംഘടനയിലും സാഹിത്യങ്ങളിലും.
1926ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപവത്കൃതമാകുന്നത്. കേരള മുസ്‌ലിം നവോത്ഥാനത്തന്റെ അടിക്കല്ലായി ഈ പണ്ഡിത സംഘടന നിലക്കൊണ്ടു. മത പരിഷ്‌കരണവാദം നവോത്ഥാനമായി ആഘോഷിക്കപ്പെടുന്ന കാലത്ത് പരിഷ്‌കരണമോ നവീകരണമോ അല്ല, യഥാസ്ഥിതി നില നിര്‍ത്തുന്നതാണ് നവോത്ഥാനം എന്ന് സമസ്ത സമുദായത്തെ പഠിപ്പിച്ചു. മത പരിഷ്‌കരണവാദത്തിനെതിരെ സമസ്ത ബഹിഷ്‌കരണം പ്രഖ്യാപിച്ചു. മത യുക്തിവാദികള്‍ക്കെതിരെ കടുത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമുദായം സമസ്തയെ സ്വീകരിച്ചു. നവോത്ഥാനത്തിന്റെ പേരില്‍ പുരപ്പുറത്ത് കയറി കൂവിയവര്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു പന്തലില്‍ ഒതുങ്ങുന്നതിന്റെ കാരണമതാണ്.
കേരള മുസ്‌ലിം നേതൃത്വം സമസ്ത ഏറ്റെടുക്കാതെയുള്ള ഒരു ചരിത്രം സങ്കല്‍പിച്ച് നോക്കുക. ഈ നവോത്ഥാന കാപട്യം സമുദായത്തെ എവിടെക്കൊണ്ട് കെട്ടുമായിരുന്നു എന്നും ആലോചിക്കുക. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാന്‍ ആഹ്വാനം ചെയ്ത് അരങ്ങേറ്റം കുറിച്ചവര്‍ ഇപ്പോള്‍ ജിന്ന് പിശാചുക്കളുടെ ബാധയേറ്റ് പിടയുകയാണ്. ആഗോള തലത്തില്‍ മുസ്‌ലിംകളെ ഐക്യപ്പെടുത്തി നിലനിര്‍ത്തുന്ന മദ്ഹബുകളെ തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ വിവിധ ജാതി വിഭാഗങ്ങളായി വേര്‍പ്പെട്ട് കഴിയുന്നു. മത്സരിച്ച് പന്തല്‍ കെട്ടുന്നു. പിളര്‍ന്ന് പൊളിയുന്നു. ഓരോ പൊളിയും ദൈനം ദിനം പിളര്‍ന്ന് കൊണ്ടിരിക്കുന്നു. ഇവരെയാണ് മുസ്‌ലിം സമുദായം സ്വീകരിച്ചിരുന്നതെങ്കില്‍ അവര്‍ പരിഹാസ്യരാകുമായിരുന്നു. നശീകരണത്തെയല്ല യഥാസ്ഥിതി നിലനിര്‍ത്തുന്നതിനെയാണ് നവോത്ഥാനം എന്ന് വിളിക്കുന്നത്. സത്യസന്ധമായ ആ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ഇനി സമസ്തയുടെ അമരത്തിരുന്ന് നൂറുല്‍ ഉലമയും ഖമറുല്‍ ഉലമയും നേതൃത്വം നല്‍കും.
മത പരിഷ്‌കരണങ്ങളെ ചെറുക്കുകയും മതാദര്‍ശങ്ങളെ യഥാസ്ഥിതിയില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു സമസ്തയുടെ പ്രധാന ദൗത്യം. ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സമസ്ത വ്യത്യസ്ത മാര്‍ഗങ്ങള്‍ അവലംബിച്ചു. സമ്മേളനങ്ങള്‍, പഠന ക്യാമ്പുകള്‍, വാദ പ്രതിവാദങ്ങള്‍, ഖണ്ഡന മണ്ഡന പ്രസംഗങ്ങള്‍, മുഖാമുഖങ്ങള്‍, സാഹിത്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവ അതിന്റെ ഭാഗങ്ങളായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ സമസ്തയുടെ അഗ്രേസരന്‍മാരായ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കിയ വാദ പ്രതിവാദങ്ങള്‍ ആദര്‍ശ വൈരികളുടെ വേരറുക്കാന്‍ പാകത്തിലുള്ളവയായിരുന്നു. മത പരിഷ്‌കരണ കൂട്ടായ്മകളെ ഒരു പന്തലില്‍ ഒതുക്കിക്കെട്ടാന്‍ സമസ്തയുടെ ധീരമായ നീക്കങ്ങള്‍ കാരണമായി. മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മര്‍ഹൂം ഇകെ ഹസ്സന്‍ മുസ്‌ലിയാര്‍, ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങി പ്രതിഭാധനരായ പണ്ഡിതന്‍മാര്‍ കഴിഞ്ഞ കാലങ്ങളില്‍ വാദപ്രതിവാദ രംഗത്തും മുഖാമുഖ വേദികളിലും സമസ്തയെ നയിച്ച നേതാക്കളായിരുന്നു. ആദര്‍ശത്തിന്റെയോ മതത്തിന്റെയോ ശത്രുക്കളായി അരങ്ങേറുന്നവരേയും തെരുവിലിറങ്ങി വെല്ലുവിളി ആഭാസങ്ങള്‍ നടത്തുന്നവരേയും ചങ്കുറപ്പോടെ അഭിമുഖീകരിക്കാന്‍ ഇന്നും സമസ്ത നേതൃത്വത്തിന് കഴിയും. തെരുവ് സ്റ്റേജിലേറി മത പരിഷ്‌കരണവാദങ്ങള്‍ പരത്തിപ്പറഞ്ഞ ശേഷം വെല്ലുവിളി ഉയര്‍ത്തുന്നവരെ കരുത്തോടെ അഭിമുഖീകരിക്കാന്‍ പ്രതിഭാത്വവും വൈജ്ഞാനിക ത്രാണിത്വവുമുള്ള പണ്ഡിതന്‍മാര്‍ ഇന്നും സമസ്തയുടെ മുന്‍ നിരയിലുണ്ട്. സുന്നി യുവജന പ്രസ്ഥാനത്തിന്റെ യുവ പണ്ഡിതന്‍മാര്‍ പ്രതിരോധത്തിനും അക്രമണത്തിനും ഒരുപോലെ സജ്ജമാണ്. ശക്തമായാണ് സമസ്ത തുടങ്ങിയത്. അത് ശക്തമായിത്തന്നെ തുടരുന്നു.
താജുല്‍ ഉലമ വിളിക്കുന്നുണ്ട്
താജുല്‍ ഉലമാ, അങ്ങേക്ക് അഭിമാനിക്കാം. തങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച ഈ പ്രസ്ഥാനം ഇന്ന് അജയ്യമാണ്. കേരളത്തില്‍ ഏറ്റവും വലിയ പ്രബോധന പ്രസ്ഥാനമായി വളര്‍ന്ന ഈ സംഘടിത ശക്തി ഇന്ത്യയുടേയും ലോകത്തിന്റേയും പ്രവിശാലതയിലേക്ക് ചുവടു വെക്കുന്നത് ചാരിതാര്‍ഥ്യത്തോടെ നോക്കിക്കണ്ടാണ് അങ്ങ് വിടവാങ്ങിയത്. ഞങ്ങള്‍ ഓര്‍ക്കുന്നു. അങ്ങയുടെ ധീരമായ പ്രഖ്യാപനങ്ങള്‍. എല്ലാവരും ഈ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചിരുന്ന കാലത്ത് “ഒറ്റക്കാണെങ്കിലും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കു”മെന്ന അങ്ങയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം ഈ പ്രസ്ഥാനത്തിന്റെ അണികള്‍ക്ക് ധൈര്യം പകര്‍ന്നു. ഉശിരോടെ മുന്നോട്ട് പോകാന്‍ പ്രചോദനമായി. ഒരു സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളെ കൊല്ലാം പക്ഷേ, തോല്‍പിക്കാനാകില്ല. പിന്നിട്ട പതിറ്റാണ്ടുകള്‍ സാക്ഷി, ഈ പ്രസ്ഥാനം ഇന്ന് വരേ തോറ്റിട്ടില്ല. അങ്ങ് പകര്‍ന്ന് തന്ന ഉശിരും ധീരതയും ഈ സംഘടിത ശക്തിയെ ഇന്നും മുന്നോട്ട് നയിക്കുന്നു.
ഞങ്ങള്‍ ഓര്‍ക്കുന്നു, എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനം. ജന സമുദ്രത്തെ സാക്ഷി നിര്‍ത്തി അങ്ങ് നടത്തിയ ധീരമായ പ്രഖ്യാപനങ്ങള്‍, ആഹ്വാനങ്ങള്‍. അല കടല്‍ പോലെ കടപ്പുറത്തേക്കൊഴുകിയെത്തിയ ഈ പ്രസ്ഥാനത്തിന്റെ ചുണക്കുട്ടികള്‍ അവിടുത്തെ ആഹ്വാനങ്ങള്‍ ശിരസാവഹിച്ച് മുന്നോട്ട് പോയപ്പോള്‍ നാട്ടു നടപ്പുകള്‍ മാറി. ചരിത്ര പ്രസിദ്ധമായ ആ പ്രഖ്യാപനങ്ങളുടെ അലയൊലികളല്ലേ കേരളം ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്.
ഒരു വ്യക്തിയുടെ ചരിത്രം ഒരു പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രമാകുക അപൂര്‍വമാണ്. ഈ അപൂര്‍വതയും തങ്ങളില്‍ ഞങ്ങള്‍ ദര്‍ശിക്കുന്നു. ഒരേ സമയം പണ്ഡിതരാലും വിദ്യാര്‍ഥികളാലും സാധാരണക്കാരാലും ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല. ഫെബ്രുവരി മാസം ഒന്നാം തിയ്യതി എട്ടിക്കുളത്തേക്കൊഴുകിയെത്തിയ ജന ലക്ഷങ്ങള്‍ സാക്ഷി. അങ്ങ് എല്ലാവരുടെയും നേതാവായിരുന്നു.
താജുല്‍ ഉലമാ, അങ്ങയുടെ വിളി ഇപ്പോള്‍ സുന്നീ കേരളം കേള്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി ആ വിളിയാളം കേട്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങള്‍. ആവേശഭരിതരായി തക്ബീര്‍ ധ്വനികള്‍ മുഴക്കിയ ഞങ്ങളോട്,”പോയി പണിയെടുക്കാന്‍” അങ്ങ് പറഞ്ഞതില്‍ പിന്നെ ഞങ്ങള്‍ വിശ്രമിച്ചിട്ടില്ല. ഈ സംഘടിത ശക്തി സദാ കര്‍മ സജ്ജമാണ്. ഞങ്ങള്‍ക്കറിയാം വിശ്വാസികള്‍ക്ക് ഇവിടെ വിശ്രമമില്ലെന്ന്. ഞങ്ങള്‍ക്കറിയാം ഇവിടം സത്യ വിശ്വാസിയുടെ തടവറയാണെന്ന്. കാസര്‍കോട് വെച്ച് അങ്ങ് തിരുവനന്തപുരത്തേക്ക് വിളിച്ചപ്പോള്‍, ഗോള്‍ഡന്‍ ജൂബിലിയില്‍ വെച്ച് അങ്ങ് ഗ്രാമാന്തരങ്ങളിലേക്ക് വിളിച്ചിറക്കിയപ്പോള്‍ ഞങ്ങളത് സാധ്യമാക്കി. ചരിത്രം; അത് പറയാനുള്ളത് മാത്രമല്ല, സൃഷ്ടിക്കാന്‍ കൂടി ഉള്ളതാണെന്ന് ഈ പ്രസ്ഥാനം തെളിയിച്ചു. ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു. തങ്ങള്‍ മലപ്പുറത്തുണ്ടാകും. അങ്ങേക്ക് വേണ്ടി സുന്നീ കേരളം ഇന്ന് മലപ്പുറത്തേക്കൊഴുകും. അനുസ്മരണ സമ്മേളനങ്ങളുടെ ചരിത്രം ഞങ്ങള്‍ മാറ്റി എഴുതും. താജുല്‍ ഉലമ വിളിക്കുന്നുണ്ട്. മലപ്പുറത്തിന്റെ വിരിമാറിലേക്ക്, പുതിയ ചരിത്രമെഴുതാന്‍.