Connect with us

First Gear

കെ എ എല്ലിന്റെ പുതിയ ലിയോ ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷ വിപണിയില്‍

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്( കെ എ എല്‍) പുതുതായി രൂപകല്‍പന ചെയ്ത കെ എല്‍ എല്‍ ലിയോ-ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷ വിപണിയിലിറക്കുന്നു. ഓട്ടോറിക്ഷകളുടെ ലോഞ്ചിംഗ് നാളെ തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കെ എ എല്ലിന്റെ പുതിയ ഓട്ടോറിക്ഷ ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്‌കറിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള രേഖകള്‍ മേയര്‍ കെ ചന്ദ്രിക ചടങ്ങില്‍ കൈമാറും.
ലിയോ ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷ നിലവില്‍ വിപണിയില്‍ ലഭ്യമായ ഓട്ടേറിക്ഷകളെക്കാള്‍ 5000-7000 രൂപവരെ വിലയില്‍ കുറവുണ്ടാകും. പ്രതിമാസം 600 ഓട്ടോറിക്ഷകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. ഒപ്പം വികലാംഗര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ ഉടന്‍ വിപണിയിലിറക്കും.
എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്നും പോളിടെക്‌നിക്ക് കോളജുകളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവില്‍ 39 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എ എല്‍ പുതുതായി നിരത്തിലറക്കുന്ന വണ്ടികള്‍ക്ക് കാനറാ ബേങ്ക്, മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വായ്പാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ കെ എ എല്ലിന്റെ മൂന്ന് ചക്ര വാഹനങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക ആഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ഈജിപ്ത് എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തുവരുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഓട്ടോറിക്ഷകളുടെ ആദ്യവില്‍പന ആര്‍ ശെല്‍വരാജ് എം എല്‍ എ നിര്‍വഹിക്കും. വി ശിവന്‍കുട്ടി എം എല്‍ എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ അന്‍സജിത റസ്സല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് എസ് ജയകുമാര്‍ സംബന്ധിക്കും. ഇതുസംബന്ധിച്ച പത്രസമ്മേളനത്തില്‍ കെ എ എല്‍ ചെയര്‍മാന്‍ പി വി മുഹമ്മദ് അരീക്കോട്, എം ഡി. ഇ അബ്ദുല്‍ ലത്തീഫ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ജി ജോസഫ്, കമ്പനി സെക്രട്ടറി എ വി ഗീതാഞ്ജലി പങ്കെടുത്തു.

 

Latest