Connect with us

Ongoing News

ത്വലഅല്‍ ബദ്‌റു അലൈനാ...

Published

|

Last Updated


നബിമാര്‍ പരിശുദ്ധരായതുപോലെ അവരുടെ കുടുംബ പശ്ചാത്തലവും പരിശുദ്ധത കൈവരിച്ചതായിരിക്കും. ആദം നബി(അ) മുതല്‍ക്കുള്ള സത്യവിശ്വാസികളായ പിതാക്കളിലൂടെയാണ് പ്രവാചക പിതാവിന്റെ മുതുകിലേക്ക് നബിയുടെ “ഒളിവ്” എത്തിയതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. “അങ്ങ് നിസ്‌കരിക്കുമ്പോഴും സുജൂദ് ചെയ്യുന്ന പിതാക്കളിലൂടെ കടന്നുവന്നപ്പോഴും അങ്ങയെ അനുഗ്രഹിച്ച ഉന്നതനും കാരുണ്യവാനുമായവനില്‍ ഭരമേല്‍പ്പിക്കക” എന്ന ആശയം പഠിപ്പിക്കുന്ന സൂക്തം ഖുര്‍ആനില്‍ കാണാം. നബി(സ) പിറവിയെടുത്തത് സുജൂദ് ചെയ്യുകയെന്ന ഏറ്റവും ഉന്നതമായ ആരാധന ചെയ്യുന്ന വിശ്വാസികളായ പിതാക്കളുടെ പരമ്പരയിലൂടെയാണെന്നും അത് നബിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

വിശ്വാസികളായ പിതാക്കളിലൂടെ വന്നുകൊണ്ടിരിക്കുന്ന നബിയെക്കുറിച്ച് പൂര്‍വകാലത്തെ പ്രവാചകന്‍മാരും അവരുടെ ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്നുമുണ്ടായിരുന്നു. നാം ഗ്രന്ഥം നല്‍കിയവര്‍ സ്വന്തം സന്താനങ്ങളെ അറിയുന്നതു പോലെ നബിയെ അറിയുന്നതാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സ്വന്തം മക്കളെ പോലെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നത് നബി(സ)യെക്കുറിച്ച് വിശദമായ പരിചയപ്പെടുത്തല്‍ നടത്തിയത് കൊണ്ടാണ്.
മക്കയില്‍ ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും കഅ്ബാ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ നടത്തിയ പ്രാര്‍ഥന നോക്കൂ. നാഥാ, അവരില്‍ നിന്റെ സൂക്തങ്ങള്‍ ഓതിക്കൊടുത്ത് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്‌കരണമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ നിയോഗിക്കേണമേ. നബിയുടെ രൂപവും സ്വഭാവവും മാത്രമല്ല, അവിടുന്ന് പിറവിയെടുക്കുന്ന രാജ്യത്തെക്കുറിച്ചും മുന്‍കാലക്കാരില്‍ ശരിയായ അറിവുണ്ടായിരുന്നു എന്നാണ് ഈ പ്രാര്‍ഥനയില്‍ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞുപോയ നബിമാര്‍ മുഴുവനും അന്ത്യപ്രവാചകരെക്കുറിച്ച് ബോധമുള്ളവരും സമൂഹത്തിന് പരിചയപ്പെടുത്തിയവരുമായിരുന്നു. അങ്ങനെ നബിയെ എല്ലാ നിലക്കും പിരിചയപ്പെട്ടു സ്വീകരിക്കാനും സഹായിക്കാനുമായി ലോകം കാത്തിരിക്കുകയായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
നബി(സ) ജനിക്കുന്നത് അറേബ്യയിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലാണ്. നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെ ഒരു ദൂതന്‍ വന്നിരിക്കുന്നു എന്നാണ് ഖുര്‍ആന്റെ വിശദീകരണം. “നിങ്ങളില്‍ നിന്നു തന്നെ” എന്നതിന്റെ വിവക്ഷ അറബികള്‍, മക്കാ നിവാസികള്‍ എന്നൊക്കെയാണ്. നബിയുടെ കുടുംബവുമായി ഏതെങ്കിലുമൊരു വിധത്തില്‍ ബന്ധമില്ലാത്ത ഒരു ഗോത്രവും അറേബ്യയിലുണ്ടായിരുന്നില്ല.
പൂര്‍വ പ്രവാചകന്‍മാരുടെ പാതയില്‍ പ്രബോധനവുമായി സഞ്ചരിച്ച നബി(സ)ക്ക് പൂര്‍വ വേദങ്ങളെ അംഗീകരിക്കുന്ന ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തു.
സന്ദേശങ്ങള്‍ ആദ്യമായി ലഭിച്ചപ്പോള്‍ നബിയുടെ ശരീരം വിറകൊണ്ടു. പര്‍വതത്തില്‍ നിന്ന് വീട്ടിലേക്ക് ഇറങ്ങി വന്ന അവിടുന്ന് മൂടിപ്പുതച്ചുകിടന്നു. ആ സമയം ജിബ്‌രീല്‍ വീണ്ടും സന്ദേശവുമായി വന്നു. പരസ്യപ്രബോധനവുമായി നബി(സ) രംഗത്ത് വന്നപ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. പ്രബോധനം കാര്യക്ഷമമാക്കാനും സ്വതന്ത്രമായി മതകര്‍മങ്ങള്‍ നിര്‍വഹിക്കാനും അല്ലാഹുവിന്റെ അനുമതിയോടെ മദീനയിലേക്ക് ഹിജ്‌റ ചെയ്തു.
യസ്‌രിബ് അന്നുമുതല്‍ മദീനത്തുര്‍റസൂല്‍ (റസൂലിന്റെ നഗരി) ആയിമാറി. മദീനക്കാര്‍ നബിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. “”ത്വലഅല്‍ ബദ്‌റു അലൈനാ മിന്‍ സനിയ്യാത്തില്‍ വിദാഇ… “” നബി മദീനയെ സ്‌നേഹിച്ചു. മദീന നബിയെയും.
അന്നു മുതലിന്നോളം മദീന, വിശ്വാസികളുടെ ആശാകേന്ദ്രമാണ്. ആ മണ്ണിലുറങ്ങുന്നത് റഹ്മത്തുല്ലില്‍ ആലമീന്‍. തൊട്ടടുത്ത് അവിടുത്തെ അനുയായികള്‍ അബൂബക്കര്‍(റ), ഉമര്‍(റ)… എത്ര നോക്കിയാലും മതിവരാത്ത ആ പച്ച താഴികക്കുടം. ചുറ്റും ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങള്‍….
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലല്ലാ…

Latest