National
മുസാഫര്‍നഗര്‍: മുസ്‌ലിം നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാകുന്നു

ലക്‌നോ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം വിസമ്മതിച്ചു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഖാദിര്‍ റാണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിനയച്ച കത്തില്‍ മുസാഫര്‍നഗര്‍ ജില്ലാ മജിട്രേറ്റ് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനും ജില്ലാ മജിസ്‌ട്രേറ്റുമായ കുശാല്‍ രാജ്ശര്‍മ ഒപ്പ് വെച്ച കത്താണ് സര്‍ക്കാറിനയച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി രംഗ്‌നാഥ് പാണ്ഡെ, മുസ്‌ലിം നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച സാധ്യത അന്വേഷിച്ചയച്ച കത്തിനുള്ള മറുപടിയിലാണ് ഇത് നിരസിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് മറുപടി നല്‍കിയത്.
അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും ശര്‍മ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലെത്തിയ സ്ഥിതിക്ക് ഇത് നടക്കില്ലെന്ന് ജില്ലാ ഭരണകൂടവും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം വിവാദമായതോടെ, തങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം മാത്രമാണ് ഇക്കാര്യത്തില്‍ തേടിയതെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ വ്യക്തമാക്കി.