Connect with us

Kerala

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ നാളെ

Published

|

Last Updated

തിരുവനന്തപുരം: ചര്‍ച്ചകളും വിവാദങ്ങളുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുന്ന നിന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം യാഥാര്‍ഥ്യമാകുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുതുവര്‍ഷപ്പുലരിയായ നാളെ ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രിയായാകും ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാവുക. എന്നാല്‍, സര്‍ക്കാറിന്റെ ഭാഗത്തു നിന്നോ കെ പി സി സിയില്‍ നിന്നോ ഇക്കാര്യത്തില്‍ ഇന്നലെ രാത്രി വൈകിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തത്കാലം മാറ്റി നിര്‍ത്തിയാണ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. നിയമസഭാ സമ്മേളനം കഴിയുന്നതു വരെ രമേശ് ചെന്നിത്തല തന്നെ കെ പി സി സി പ്രസിഡന്റായി തുടരും. നിയമസഭാ സമ്മേളനത്തിനു ശേഷം വിപുലമായ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. ഇതോടനുബന്ധിച്ചാകും പുതിയ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുക. രമേശ് ചെന്നിത്തലയുടെ സ്ഥാനത്തേക്ക് ജി കാര്‍ത്തികേയന്റെ പേരാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. മന്ത്രിസ്ഥാനം നഷ്ടമാകുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെയും പേരുകള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുമുണ്ട്.
എ കെ ആന്റണിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ തലസ്ഥാനത്ത് നടന്ന തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ധാരണയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ മുഖം മിനുക്കുക ലക്ഷ്യമിട്ട് ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നേരത്തേ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ഉള്‍പ്പടെയുള്ളവരുമായി എ കെ ആന്റണി ആശയവിനിയമം നടത്തി. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചത് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച ചര്‍ച്ചകളാണെന്നും അതിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നുമുള്ള ആവശ്യം ചര്‍ച്ചകളില്‍ ഉയര്‍ന്നു.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായും ആന്റണി ചര്‍ച്ചകള്‍ നടത്തി. എം എല്‍ എമാര്‍, എം പിമാര്‍, കെ പി സി സി ഭാരവാഹികള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം സാമുദായിക അസന്തുലിതാവസ്ഥയാണെന്ന നിലപാട് ഐ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിനു മുമ്പു തന്നെ രമേശിന്റെ മന്ത്രിസഭാ പ്രവേശം ഉണ്ടാകണമെന്ന് ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു. എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ ഇടഞ്ഞുനില്‍ക്കുന്നതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള അതൃപ്തിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖച്ഛായ മെച്ചപ്പെടുത്താന്‍ രമേശിന്റെ മന്ത്രിസഭാ പ്രവേശം സഹായിക്കുമെന്ന വിലയിരുത്തലില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാറിന് വരുത്തിയ ക്ഷീണം പരിഹരിക്കണമെന്ന ആവശ്യവും രമേശിന് അനുകൂല ഘടകമായി തീരുകയായിരുന്നു.
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍ തുടങ്ങിയവരെയാണ് ചെന്നിത്തലക്കു പകരം കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചത്. എന്നാല്‍, വി എം സുധീരനെ പ്രസിഡന്റാക്കുന്നതിനെ എ വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു.
പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാനാകില്ലെന്ന നിലപാട് ഐ വിഭാഗവും സ്വീകരിച്ചു. ഇതോടെ കെ പി സി സി അധ്യക്ഷസ്ഥാനത്ത് ചെന്നിത്തല തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

 

Latest