Connect with us

Wayanad

പൈതൃകോത്സവത്തിന് ഇന്ന് തിരശ്ശീലവീഴും

Published

|

Last Updated

പനമരം: പട്ടികവര്‍ഗ-പട്ടികജാതി വികസന വകുപ്പ്, കിര്‍ത്താഡ്‌സ്, യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൈതൃകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.
പനമരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മണ്ണിനെ സ്റ്റേഹിച്ച ഒരുകൂട്ടം ജനതയുടെ കലാരൂപങ്ങളും സംസ്‌ക്കാരത്തിന്റെ കലാവിഷ്‌ക്കാരങ്ങളുടെയും സദസ്സായിരുന്നു പൈതൃകഗ്രാമം. ജില്ലയില്‍ ആദ്യമായി സംഘടിപ്പിച്ച മേളയിലൂടെ അന്യംനിന്നുകൊണ്ടിരിക്കുന്ന പട്ടികവിഭാഗക്കാരുടെ പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ലക്ഷ്യമിട്ടത്.
വിവിധ ജില്ലകളില്‍ നിന്നെത്തിയ പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാരുടെ അറുപത് സ്റ്റാളുകളിലായി വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം, കര്‍ഷകര്‍ക്ക് കൃഷിയെക്കുറിച്ച് അറിവ് നല്‍കുന്നതിനായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, നടീല്‍ വസ്തുക്കളുമായി ആറളംഫാം, മൃഗസംരക്ഷണ വകുപ്പിന്റെ ഗോസുരക്ഷ, വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, മ്യൂസിയം മൃഗശാലവകുപ്പ്, കിര്‍ത്താട്‌സിന്റെ ആഭിമുഖ്യത്തില്‍ പുരാവസ്തു മ്യൂസിയം, വംശീയ ഭക്ഷണശാലകള്‍, വാതസംബന്ധമായ രോഗങ്ങള്‍ക്കും അലര്‍ജി, താരന്‍, തലവേദന, ആസ്ത്മ എന്നീ രോഗങ്ങള്‍ക്കുള്ള പാരമ്പര്യ വൈദ്യശാല എന്നിവയുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു. അട്ടപ്പാടി ഗിരിവര്‍ഗ്ഗ കരകൗശല വ്യവസായ സഹകരണ സംഘത്തിന്റെ ചൂരല്‍ ഫര്‍ണിച്ചറുകള്‍, അംബേദ്ക്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്പ്‌മെന്റിന്റെ കീഴില്‍ അമൃത് അണിനിരത്തിയ കാപ്പികൊമ്പില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍, ചിരട്ടയില്‍ പണികഴിപ്പിച്ച വിവിധ കൗതുകവസ്തുക്കള്‍, പാഴ് വസ്തുക്കളാല്‍ നിര്‍മ്മിതമായ ഫഌവര്‍വേയ്‌സുകള്‍, ഈട്ടി, വാക തുടങ്ങിയ ഒറ്റത്തടിയില്‍ തീര്‍ത്ത ആന എന്നിവയും മേളയില്‍ നിരവധിയാളുകളെ ആകര്‍ഷിച്ചു. മേളയില്‍ സോപ്പ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനവും പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യപരിശോധനയും ഉണ്ടായിരുന്നു. കളിമണ്‍ ശില്‍പ്പങ്ങള്‍, പാത്രങ്ങള്‍, പുതുവത്സര ആശംസാകാര്‍ഡുകള്‍, മുള-ഈറ്റ എന്നിവയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ബുക്ക് സ്റ്റാളുകള്‍ എന്നിവയും മേളയിലുണ്ട്.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മത്ത് സ്വാഗതം പറയും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
എം.ഐ.ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ചലചിത്രതാരം ഇന്ദ്രന്‍സ് അതിഥിയാവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ആലിഹാജി, സില്‍വിതോമസ്, എച്ച്.ബി. പ്രദീപന്‍ മാസ്റ്റര്‍, ലിസ്സിജോസ്, മൃണാളിനി. ഐ.ബി, ജോസ് കണ്ടംതുരുത്തി, റോസ്ലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചിന്നമ്മ ജോസ്, ടി. മുഹമ്മദ്, എ.എന്‍. സുശീലന, പനമരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പോള്‍, കെ.കെ. വാസുദേവന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ടി. ഹേമരാജ് തുടങ്ങിയവര്‍ സംസാരിക്കും.
ചടങ്ങില്‍ മാതാപിതാക്കളില്ലാത്ത പട്ടികവര്‍ഗ്ഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വ്വഹിക്കും. പ്രശസ്ത ബാലതാരം രേണുകയ്ക്ക് 25,000/- രൂപയും പ്രശസ്തിപത്രവും, ആസാമില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ അമ്പെയ്ത്ത് മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയിലെ മനീഷയ്ക്ക് 10,000/- രൂപയും പ്രശസ്തി പത്രവും ഗോത്രസാഹിത്യത്തില്‍ മികവ് തെളിയിച്ച ബിന്ദു ദാമോദരന് 5,000/- രൂപയും പ്രശസ്തി പത്രവും നല്‍കും. പട്ടികവര്‍ഗ്ഗക്കാരായ നെല്‍കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണവും മാനന്തവാടി ഉപജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും.

Latest