Connect with us

Ongoing News

തിരഞ്ഞെടുപ്പ്: പ്രാഥമിക ചര്‍ച്ചകള്‍ക്കായി യു ഡി എഫ് യോഗം ജനുവരി മൂന്നിന്

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി യു ഡി എഫ് യോഗം അടുത്ത മാസം മൂന്നിന് ചേരും. സീറ്റ് ചര്‍ച്ച, തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും.
മുന്നണിയെ ശക്തിപ്പെടുത്തുന്നതടക്കം പൊതുവായ കാര്യങ്ങളും അജന്‍ഡയിലുള്‍പ്പെടും. കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടും സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന ഘടക കക്ഷികളുടെ നിലപാടും ആലോചിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് യു ഡി എഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കുമെന്ന് മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് മാണിയും സോഷ്യലിസ്റ്റ് ജനതയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് വിഭജനം സംബന്ധിച്ച് ഘടക കക്ഷികളുടെ അഭിപ്രായം തേടുകയായിരിക്കും ഈ യോഗത്തിലുണ്ടാകുക. യോഗത്തിന് ശേഷം ഓരോ കക്ഷികളും മുന്നോട്ടുവെക്കുന്ന നിര്‍ദേശം കോണ്‍ഗ്രസ് യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച ശേഷമാകും സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുക. ജനുവരി 30ന് കേരളത്തിലെത്തുന്ന പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷിയുമായും ചര്‍ച്ച നടത്തും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് യു ഡി എഫിലാണെന്നും പിന്നീട് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യം ചര്‍ച്ചക്കെടുക്കൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest