Connect with us

International

ദക്ഷിണ സുഡാന്‍: വിമത കേന്ദ്രം ലക്ഷ്യമാക്കി സൈനിക നീക്കം

Published

|

Last Updated

ജുബ: ദക്ഷിണ സുഡാനില്‍ സൈന്യത്തിലെ വിമത വിഭാഗം പിടിച്ചെടുത്ത ബൊര്‍ മേഖലയിലേക്ക് സൈന്യത്തെ അയക്കുമെന്ന് പ്രസിഡന്റ് സല്‍വാ കിര്‍. ബൊര്‍ മേഖല തിരച്ചുപിടിക്കാന്‍ സൈന്യം തയ്യാറായിട്ടുണ്ടെന്നും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പാര്‍ലിമെന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റീക് മച്ചറിന്റെ നേതൃത്വത്തിലുള്ള നുവര്‍ വിഭാഗത്തില്‍പെട്ട സൈനികരാണ് കഴിഞ്ഞ ദിവസം ബൊര്‍ നഗരം പിടിച്ചെടുത്തത്. സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രാജ്യത്തെ രണ്ട് പ്രധാന വംശങ്ങള്‍ തമ്മിലുള്ള കലാപമായി മാറിയിരിക്കുകയാണ്. പ്രസിഡന്റ് സല്‍വാ കിറിനെ അനുകൂലിക്കുന്ന ദിന്‍ക വിഭാഗം ശക്തമായ സൈനിക സന്നാഹത്തോടെ ഏറ്റുമുട്ടലിന് തയ്യാറെടുത്തിട്ടുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ചയോളമായി തുടരുന്ന കലാപം അഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. യു എന്‍ സമാധാന സംഘത്തിലെ ഇന്ത്യക്കാരായ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു കൂടാതെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് യു എസ് സൈനിക വിമാനങ്ങള്‍ കലാപകാരികളായ സൈന്യം കത്തിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പ്രധാന എണ്ണ സമ്പന്ന പ്രദേശമായ യൂനിറ്റി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെന്റ്യുവും വിമത സൈന്യം കൈയടക്കിയിട്ടുണ്ട്. റീക് മച്ചറിനെ അനുകൂലിക്കുന്ന സൈന്യം യൂനിറ്റിയടക്കമുള്ള മേഖലയില്‍ കനത്ത ആക്രമണം നടത്തുകയാണെന്ന് ഔദ്യോഗിക സൈനിക വിഭാഗം മേധാവികള്‍ അരോപിച്ചു.
സൈന്യത്തിലെ വിമത സൈനിക വിഭാഗം പിടിച്ചെടുത്ത ബോറില്‍ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും നിരവധി പേരെ പരസ്യമായി വധിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായിട്ടുണ്ടെന്നും ബൊറിലുള്ള യു എന്‍ മനുഷ്യാവകാശ സംഘത്തിലെ കോ ഓര്‍ഡിനേറ്റര്‍ ടോബി ലാന്‍സെര്‍ വ്യക്തമാക്കി. ബൊറിലെ യു എന്‍ ആസ്ഥാനത്ത് മാത്രം 17,000 പേര്‍ അഭയം തേടിയെത്തിയിട്ടുണ്ട്.
അതിനിടെ, ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജൂബയിലെ യു എന്‍ ക്യാമ്പില്‍ അഭയാര്‍ഥികളായി എത്തിയവരുടെ എണ്ണം 40,000 പേര്‍ എത്തിയതായി യു എന്‍ വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഭീതിജനകമാണെന്നും ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലാപം അവസാനിപ്പിക്കാന്‍ റീക് മച്ചര്‍ ചര്‍ച്ചക്ക് സന്നദ്ധമാകണമെന്നും ചര്‍ച്ചക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ചക്ക് മാധ്യസ്ഥം വഹിക്കുമെന്നും സല്‍വാ കീര്‍ വ്യക്തമാക്കി.