Connect with us

Gulf

സഊദി അറേബ്യ 2.11 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു

Published

|

Last Updated

ജിദ്ദ: ഈ വര്‍ഷം ഇതുവരെ 2.11 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി അറേബ്യ. ഇതില്‍ 12,000 ഉംറ തീര്‍ഥാടകര്‍ രാജ്യത്തെത്തിയിട്ടുണ്ട്. ഹജ്ജ് മന്ത്രി ബന്ദര്‍ ഹജ്ജാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എത്ര തീര്‍ഥാടകര്‍ രാജ്യത്ത് പ്രതിദിനം എത്തുന്നുണ്ടെന്നും അവര്‍ക്ക് എത്രത്തോളം സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകുന്നുണ്ടെന്നും ഹജ്ജ് മന്ത്രാലയം നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
തിര്‍ഥാടകര്‍ക്ക് മതിയായ സൗകര്യം ചെയ്തു നല്‍കാത്ത ഉംറ, ടൂറിസ്റ്റ് സംഘങ്ങളെ നിരീക്ഷിക്കാനും സംവിധാനമുണ്ട്. 70 രാജ്യങ്ങളില്‍ നിന്ന് 60 ലക്ഷം പേര്‍ ഉംറക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രതന്നെ പ്രാദേശിക തീര്‍ഥാടകരും ഉംറക്കെത്തുമെന്ന് ഹജ്ജ് മന്ത്രാലയം ജിദ്ദ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മര്‍ഗാലാനി അറിയിച്ചു. തിര്‍ഥാടകര്‍ എത്തിയ ശേഷം തിരിച്ചുപോകുന്നത് വരെ നിരീക്ഷിക്കാന്‍ പുതിയ ഇലക്‌ട്രോണിക് സംവിധാനമൊരുക്കിയതായി ഇദ്ദേഹം പറഞ്ഞു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും ജിദ്ദ പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക.
തീര്‍ഥാടകരുടെ താമസം, യാത്രാ സംവിധാനം എല്ലാം മന്ത്രാലയം നിരീക്ഷിക്കും. ഉംറ വിസയിലെത്തുന്നവരെല്ലാം രാജ്യത്തുന്നിന്ന് തിരിച്ചു പോകുന്നുണ്ടെന്ന് അതാത് സംഘങ്ങള്‍ ഉറപ്പുവരുത്തുകയും ഇക്കാര്യം കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. നേരത്തെ ഉംറ വിസയിലെത്തി പിന്നീട് സഊദിയില്‍ ജോലി ചെയ്യുന്ന സാഹചര്യം ഇനി അനുവദിക്കില്ല. നിതാഖാത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. ഉംറ തീര്‍ഥാടകരുടെ യാത്ര പൂര്‍ണമായും ഇലക്‌ട്രോണിക് സംവിധാന പ്രകാരമാകും.തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ് ഡ്രൈവര്‍മാര്‍ക്ക് മൊബൈല്‍ വഴി മന്ത്രാലയം നിര്‍ദേശം നല്‍കും. എല്ലാ ബസുകളും വൃത്തിയുള്ളതും എ സി സൗകര്യമുള്ളതുമാണെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഉംറ കമ്പനികള്‍ തീര്‍ഥാടകര്‍ക്ക് എല്ലാ സൗകരങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വീഴ്ച കണ്ടെത്തുന്നവര്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും.

---- facebook comment plugin here -----

Latest