Connect with us

Articles

നമ്മുടെ ജയില്‍ മനോഭാവവും ഡി ജി പി പറഞ്ഞതും

Published

|

Last Updated

ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിന്റെ തലക്ക് പോലീസിന്റെ തൊപ്പിയേക്കാള്‍ പാകമാകുക മെത്രാന്റെ ശിരോവസ്ത്രമാണ്. അദ്ദേഹം ഡി ജി പി ആയിരിക്കുമ്പോള്‍ തന്നെ “ശാലോം ടി വി”യില്‍ നടത്തിവരാറുള്ള ഭക്തിപ്രഭാഷണം കേട്ടിട്ടുള്ള പലരും ഇങ്ങനെ ഒരഭിപ്രായം പറഞ്ഞുകേട്ടിട്ടുണ്ട്. പാവം ഡി ജി പി. “അനേകര്‍ക്കു വേണ്ടി ഒരുവന്‍ ബലി നല്‍കപ്പെടുന്നത് എത്രയോ നല്ലതാകുന്നു” എന്ന വിശുദ്ധവചനം അദ്ദേഹം ഇപ്പോള്‍ സ്വാര്‍ഥമാക്കിയിരിക്കുന്നു. ജയില്‍ മന്ത്രിയും ജയില്‍ സൂപ്രണ്ടും മുഖ്യമന്ത്രിയും ജയിലില്‍ സുഖവാസ ശിക്ഷക്ക് വിധിക്കപ്പെട്ട ഭാഗ്യവാന്മാരായ ജയില്‍ പുള്ളികളും എല്ലാം ചേര്‍ന്നു ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിനെ കുരിശില്‍ തറച്ചിട്ട് “ഈ നീതിമാന്റെ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെ”ന്ന മട്ടില്‍ പരസ്യമായി കൈ കഴുകിയിരിക്കുന്നു. വാര്‍ത്താ ചാനലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ബ്രേക്കിംഗ് ന്യൂസായി നല്‍കാന്‍ എന്തെങ്കിലും ഒരു വാര്‍ത്ത സ്വാഭാവികമായി പിറന്നു വീഴുന്നത് വരെ കാത്തിരിക്കാന്‍ ചാനലുകള്‍ക്കു ക്ഷമയില്ലെന്നു വരികയും ചെയ്തിരിക്കുന്നു. ഗര്‍ഭിണിയുടെ വയറ് മാസം തികയുന്നതിന് മുമ്പ് കീറി കുട്ടിയെ പുറത്തെടുക്കുന്ന ഗൈനക്കോളജിസ്റ്റിനെ പോലെ വാര്‍ത്തകളെ ബലപ്രയോഗത്തിലൂടെ പുറത്തു കൊണ്ടുവന്ന് പ്രേക്ഷകരുടെ കൈയടി വാങ്ങിക്കാന്‍ ചാനല്‍പ്രവര്‍ത്തകര്‍ അത്യുത്സാഹം കാണിക്കുന്നു. ആ വാര്‍ത്താ ശിശുക്കള്‍ മിക്കപ്പോഴും ചാപിള്ളയായി തീരുന്നതില്‍ അവര്‍ക്ക് ആശങ്കയൊന്നും ഇല്ല.
കേരളത്തിന്റെ ജയില്‍ പരിഷ്‌കരണ ചരിത്രത്തില്‍ ഒരു നൂതനാധ്യായം എഴുതിച്ചേര്‍ത്ത അലക്‌സാണ്ടര്‍ ജേക്കബിന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഈ ചുറ്റുപാടിലാണ് “പുതിയ വാര്‍ത്തകള്‍ ചൂടാറാതെ ഞങ്ങള്‍ നിങ്ങള്‍ക്കായി ഇതാ വിളമ്പുന്നു, വേഗം വെട്ടിവിഴുങ്ങിക്കൊള്ളുക” എന്ന മുന്നറിയിപ്പോടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും തത്തുല്യമായ മറ്റൊരു വാര്‍ത്തകിട്ടുന്നതു വരെ അതിനെ ആഘോഷമാക്കുകയും ചെയ്യുന്നത്.
ജയിലിനകത്തുള്ളവര്‍ എങ്ങനെയെങ്കിലും പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പുറത്തുള്ളവര്‍ എങ്ങനെയെങ്കിലും അകത്തുകടക്കാന്‍ പെടാപാട് പെടുകയാണെന്നുതോന്നുന്നു. എന്താണ് ജയില്‍? എന്താണീ ജയില്‍ ചട്ടങ്ങള്‍? ഇതേകുറിച്ചൊന്നും കാര്യമായ മുന്നറിവുകളൊന്നും ഇല്ലാത്ത നമ്മള്‍ സാധാരണക്കാര്‍ക്കു പല പുതിയ അറിവുകളും പകര്‍ന്നുതരുന്നതായിരുന്നു അലക്‌സാണ്ടര്‍ ജേക്കബിന്റെ പത്രസമ്മേളനം. അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടവര്‍ക്കു പോലും എന്താണദ്ദേഹം ചെയ്ത തെറ്റ്, അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ എവിടെയാണ് വസ്തുതാപരമായ പിശകുകള്‍ ഉള്ളത് എന്ന് വ്യക്തമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
നിയമശാസ്ത്രം (Jurisprudence) ഒരു ആധുനിക പഠനശാഖയാണ്. നമ്പറിട്ട് എഴുതി ചിട്ടപ്പെടുത്തിയ കുറേ നിയമസംഹിതകളല്ല നിയമശാസ്ത്രം. ഇതിന് പ്രധാമായും മൂന്ന് ശാഖകളുണ്ട്. അപഗ്രഥനപരം (അനലറ്റിക്കല്‍) സാമൂഹിക ശാസ്ത്രപരം (സോഷ്യോളജിക്കല്‍) സൈദ്ധാന്തികം (തിയറിറ്റിക്കല്‍). ഇതില്‍ അപഗ്രഥനപരം എന്നത് സ്വയം സിദ്ധപ്രമാണങ്ങള്‍ വ്യക്തമായി പ്രഖ്യാപിക്കുകയും സംജ്ഞകളെ നിര്‍വചിക്കുകയും നിയമ വ്യവസ്ഥയെ ആന്തരികമായി പൊരുത്തമുള്ളതും യുക്തിസഹവുമായ ഒന്നായി കാണാന്‍ പൗരനെ പ്രാപ്തമാക്കുന്ന മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. രണ്ടാമത്തെ സാമൂഹിക ശാസ്ത്രപരമായത് നിയമത്തിന് സമൂഹത്തിലുള്ള യഥാര്‍ഥ സ്വാധീനമെന്തെന്നു പരിശോധിക്കുകയും അതോടൊപ്പം നിയമത്തിന്റെ യാഥാര്‍ഥ്യവും നടപടിക്രമം സംബന്ധിച്ചുള്ളതുമായ ഘടകങ്ങള്‍ക്ക് സാമൂഹിക പ്രതിഭാസങ്ങളിലുള്ള സ്വാധീനത്തെക്കുറിച്ചു പഠിക്കുകും ചെയ്യുന്നു. സൈദ്ധാന്തികശാഖയാകട്ടെ, നിയമവ്യവസ്ഥയുടെ സ്വയംപ്രത്യക്ഷമായ ആദര്‍ശങ്ങളുടേയും ലക്ഷ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അതിനെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. ഒരു പരിഷ്‌കൃത നീതിന്യായ വ്യവസ്ഥയില്‍ നിയമശാസ്ത്രം അനുശാസിക്കുന്ന മേല്‍ പറഞ്ഞ വിവിധ ഘടകങ്ങളെ കണക്കിലെടുക്കാതെ ഏതെങ്കിലും ചില തത്പര കക്ഷികള്‍ ആഗ്രഹിക്കുന്നതു പോലെ അവരുടെ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഒരു പഴുതായി നിയമത്തെ ഉപയോഗിക്കുന്നത് ഒരു തരം വ്യഭിചാരമോ ബലാത്‌സംഗമോ ഒക്കെയാണെന്നു പറയേണ്ടിവരും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ കുറേക്കാലമായി നടന്നുവരുന്നത് ഇത്തരം ഒരു വ്യഭിചാരവൃത്തിയാണ്.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും സ്വന്തം ഇരിപ്പിടങ്ങള്‍ പരസ്പരം മാറുന്നതിനൊരവസരം ലഭിക്കുന്നു എന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ നേട്ടമാണ്. ഈ നേട്ടത്തെ തന്നെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കോട്ടമാക്കി ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്ന നടപടികളില്‍ വ്യാപരിക്കുന്നതിന് പകരം, സ്വന്തം പ്രതിയോഗികളോടു പ്രതികാരം ചെയ്യാന്‍ കൈവന്ന അവസരമായി ഭരണം കൈയാളുന്നവര്‍ തങ്ങളുടെ അവസര ലബ്ധിയെ ദുരുപയോഗപ്പെടുത്തുകയാണ്. മുന്‍ സര്‍ക്കാര്‍ ഉന്നതസ്ഥാനങ്ങളില്‍ കുടിയിരുത്തിയ ഉദ്യോഗസ്ഥന്മാരെ ആ സ്ഥാനത്തുനിന്നും പുറത്തുപുകച്ചു ചാടിക്കുന്നു. തങ്ങളുടെ ചൊല്‍പടിക്കു നില്‍ക്കുന്നവരെയാണ് തങ്ങള്‍ക്കു വേണ്ടത് എന്നോരോ മന്ത്രിയും ശഠിക്കുമ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ ഒരു തരം തിരുമുമ്പില്‍ സേവക്കാരായി തരം താഴുന്നു.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ അലക്‌സാണ്ടര്‍ ജേക്കബിന് “ജയില്‍ എന്നാല്‍ എന്തായിരിക്കണം, ജയില്‍ എന്നാല്‍ എന്തായിരിക്കരുത്, എങ്ങനെ ആയിരിക്കണം” എന്നതിനെകുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് കൂടി ആ കാഴ്ചപ്പാട് പകര്‍ന്നു കൊടുക്കാനും രാഷ്ട്രീയ മേലധികാരികളെ തന്റെ നിലപാട് ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇവിടുത്തെ സാധാരണക്കാരുടെ ഗ്രഹണ ശേഷിയില്‍ പോലീസ് സ്റ്റേഷനും ജയിലും തടവറയും കാരാഗൃഹവുമെല്ലാം ഒന്നു തന്നെയാണ്. നമ്മള്‍ക്കിഷ്ടമില്ലാത്തവരെ മാറ്റി താമസിപ്പിച്ചു പീഡിപ്പിക്കുന്ന ഒരു സ്ഥലം. പരിഷ്‌കൃത ലോകത്ത് ഇങ്ങനെ ഒരു സങ്കല്‍പത്തിന് പ്രസക്തിയില്ല. പല നാടുകളിലും പല തരത്തിലാണ് തടവറകളുടെ പ്രവര്‍ത്തനം. ആത്യന്തികമായി ആ നാടിന്റെ സാംസ്‌കാരിക അഭ്യുന്നതിയുടെ അടയാളമായി ആ നാട്ടിലെ ജയിലുകളുടെ പ്രവര്‍ത്തനത്തെ കണക്കാക്കിപ്പോരുന്നു.
വിചാരണാ തടവുകാര്‍ കുറ്റവാളികളെന്നു തെളിയിക്കപ്പെടാത്തവരും വിചാരണാ കോടതി ശിക്ഷ വിധിച്ചിട്ടില്ലാത്തവരുമാണ്. അവരെ ശിക്ഷിക്കപ്പെട്ട കുറ്റവാളികളോടൊപ്പം താമസിപ്പിക്കുന്നതും അവരോടു പെരുമാറുന്നതു പോലെ പെരുമാറുന്നതും നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഭരണകക്ഷിയുടെ പാവയായി പ്രവര്‍ത്തിക്കുന്ന ഒരു കുറ്റാന്വേഷണ ഏജന്‍സി (അതു പോലീസോ ഏതെങ്കിലും പ്രത്യേക അന്വേഷണ ഏജന്‍സിയോ ആകട്ടെ) സംശയങ്ങളുടെ പുകമറ സൃഷ്ടിച്ച ഏതെങ്കിലും ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ പിടികൂടി പ്രകടമായ തെളിവുകളുടെ അഭാവത്തില്‍ കേവലം സംശയത്തിന്റെ പിന്‍ബലത്തോടെ കുറ്റവാളികളായി മുദ്രകുത്തി തടവിലാക്കുന്ന പ്രവണത ഒരു പരിഷ്‌കൃത ഭരണവ്യവസ്ഥക്കും ഭൂഷണമല്ല. വിചാരണ തടവ്, കരുതല്‍ തടവ് തുടങ്ങി ഇന്ന് നിലവിലുള്ള പല ഏര്‍പ്പാടുകളും ഏകപക്ഷീയവും കടുത്ത നീതിനിഷേധവും ആണ്.
നമ്മുടെ മഅ്ദനിയുടെ കാര്യം തന്നെ എടുക്കാം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് രോഗിയും അംഗവൈകല്യം ബാധിച്ചവനുമായ ആ മനുഷ്യനെ ഇങ്ങനെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നത്? ഈ ചോദ്യത്തിനുത്തരം നല്‍കാനാകാത്ത നിയമവ്യവസ്ഥയെ ആര്‍ക്കാണ് മാനിക്കാന്‍ കഴിയുക?
കുറ്റകൃത്യങ്ങള്‍ എത്ര ഗൗരവം ഉള്ളതായാലും അത് ചെയ്ത വ്യക്തിയുടെ അത്ര തന്നെ പ്രാധാന്യം ആ വ്യക്തി ജീവിക്കുന്ന സാമൂഹിക ഘടനകള്‍ക്കും ഉണ്ട്. ഘടനകളുടെ ഭാഗമായി ജീവിക്കുന്ന ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാള്‍ മാത്രമല്ല ആ ഘടനയുമായി ബന്ധപ്പെട്ട നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇതംഗീകരിച്ചുകൊണ്ടുള്ള പുനരധിവാസമാണ് ശിക്ഷയേക്കാള്‍ കൂടുതല്‍ ഒരു കുറ്റവാളി അര്‍ഹിക്കുന്നത്. എപ്പോഴും ഏതെങ്കിലും ചില വ്യക്തികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിരെ പുലഭ്യം പറഞ്ഞുകൊണ്ടിരിക്കുകയും സദാ സമയവും വെറുപ്പിന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നതില്‍ അസ്വഭാവികമായി യാതൊന്നും കാണാത്തവര്‍ക്ക് ഇത്തരം മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്താന്‍ എന്തവകാശമാണുള്ളത്. അടിമുടി വെറുപ്പ്, വിദ്വേഷം, പക, അഴിമതി, തന്‍ പ്രമാണിത്തം ഇതെല്ലാം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരുസമൂഹത്തില്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുന്ന പുഴുക്കുത്തുകളാണ് പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍.
ജയിലിനുള്ളില്‍ നല്‍കുന്ന വഴിവിട്ട ആനുകൂല്യങ്ങള്‍ മാധ്യമങ്ങളെ ചൊടിപ്പിച്ചു തുടങ്ങിയത് ഇടമലയാര്‍ കേസില്‍ അഴിമതികുറ്റത്തിന് കോടതി ശിക്ഷിച്ച ആര്‍ ബലകൃഷ്ണപ്പിള്ള ക്കു നല്‍കിയ വി ഐ പി പരിഗണനയോടെയാണ്. അദ്ദേഹത്തെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുറത്തു വിടുകയും ക്യാബിനറ്റ് റാങ്ക് നല്‍കി ഭരണകൂടത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് പല ഉന്നതര്‍ക്കും സ്വന്തം ശരീരത്തിന്റെ ചൂട് പകര്‍ന്നു കൊടുത്തു എന്നാരോപിക്കപ്പെട്ട സരിതാ കേന്ദ്രീകൃത സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട ജയില്‍ വിവാദത്തിന് ചിറക് മുളക്കുന്നത്.
ഇതിന് പിന്നാലെയാണ് ടി പി വധക്കേസിലെ പ്രതി പി മോഹനന്‍ ഭാര്യ കെ കെ ലതികയുമായി പൊതുസ്ഥലത്ത് വെച്ച് കണ്ടുമുട്ടിയതും സംസാരിച്ചതും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യം എന്ന നിലയില്‍ ചിത്രീകരിച്ചുകൊണ്ടുള്ള പടപ്പുറപ്പാടിന് ചാനലുകള്‍ ഇറങ്ങിത്തിരിച്ചത്. പി മോഹനന്‍ വിചാരണ തടവുകാരന്‍ മാത്രമാണെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളിയല്ലെന്നും ഭാര്യ കെ കെ ലതിക കേരളത്തിന്റെ നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും അവര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലുള്ള നിയമ വ്യവസ്ഥയൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും നമ്മെ ഓര്‍മിപ്പിക്കാന്‍ ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിന് പത്രസമ്മേളനം നടത്തേണ്ടിവന്നു. ഇത് കേട്ടപ്പോഴാണ് ജയില്‍ നിയമങ്ങളെ കുറിച്ച് നമ്മില്‍ പലര്‍ക്കും ഓര്‍മയുണ്ടായത് തന്നെ.
ടി പി വധക്കേസിലെ വിധിപ്രഖ്യാപനം വരാന്‍ പോകുന്നതിന് തൊട്ടുമുമ്പ് വിധിയെ സ്വാധീനിക്കാന്‍ ആരൊെക്കയോ ഗൂഢാലോചന നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഭരണകൂടത്തിന്റെ തന്നെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥനണ്. ഇത് സത്യമെങ്കില്‍ സംഗതി വളരെ ഗൗരവമുള്ളതാണ്.

Latest