Connect with us

Articles

ഇതെങ്ങനെ സെമിഫൈനലാകും?

Published

|

Last Updated

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് വിശേഷിപ്പിക്കപ്പെട്ടത്. എങ്ങനെയാണ് ഇതൊരു സെമിഫൈനലായത്, അല്ലെങ്കില്‍ ഇതെന്തുകൊണ്ടാണ് സെമിഫൈനലായി ചിത്രീകരിക്കപ്പെട്ടത് എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഡല്‍ഹി, മിസോറാം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അവയില്‍ മിസോറാമിലെ ജനവിധിയെ രാജ്യം വലിയ തോതില്‍ പരിഗണനക്കെടുത്തില്ല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മനോഭാവം ഇവിടെയും തുടര്‍ന്നുവെന്ന് ചുരുക്കം. ഡല്‍ഹി ഒഴികെ മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് നടന്നത്. ഡല്‍ഹിയിലാകട്ടെ, രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി, മത്സരത്തെ ത്രിമുഖമാക്കിയത്, ഡല്‍ഹിയില്‍ മാത്രം സ്വാധീനശക്തിയായ ആം ആദ്മി പാര്‍ട്ടിയാണ്. 2014ലെ പൊതു തിരഞ്ഞെടുപ്പിനെ ഫൈനലായി കണ്ടാല്‍, അതില്‍ പ്രധാന കളിക്കാരാകേണ്ട പാര്‍ട്ടികള്‍ക്കൊന്നും പ്രാതിനിധ്യമില്ലാത്ത തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന് ചുരുക്കം.
മധ്യപ്രദേശിലും ഡല്‍ഹിയിലും ഏതാനും സീറ്റുകളില്‍ സ്വാധീനമുള്ള ബി എസ് പി, രാജസ്ഥാനില്‍ ഏതാനും സീറ്റില്‍ സ്വാധീനമുള്ള സി പി എമ്മുമൊഴിച്ചാല്‍, സമാജ്‌വാദി, ജനതാദള്‍ (യുനൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്ന് തുടങ്ങി ഫൈനലില്‍ കളിക്കേണ്ട പാര്‍ട്ടികള്‍ക്കൊന്നും ഈ തിരഞ്ഞെടുപ്പില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. പിന്നെ ഇതെങ്ങനെ സെമി ഫൈനലാകും. സെമി ഫൈനലെന്ന പ്രചാരണത്തിന് പിന്നില്‍, വ്യക്തമായ അജന്‍ഡയുണ്ടായിരുന്നുവെന്ന് വ്യക്തം. നരേന്ദ്ര മോദി, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്നത് തന്നെയാണ് സെമി ഫൈനലെന്ന പ്രചാരണം ആരംഭിച്ചതിന്റെ അടിസ്ഥാനം. വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി ജെ പി ജയം പ്രതീക്ഷിച്ചിരുന്നു. രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. ഏത് പ്രതികൂല സാഹചര്യം രൂപപ്പെട്ടു വന്നാലും മൂന്ന് – രണ്ട് എന്ന സ്‌കോറിനെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസം ബി ജെ പിക്കുണ്ടായിരുന്നു. കോണ്‍ഗ്രസുമായി താരതമ്യം ചെയ്താല്‍ മൂന്ന് ഒന്നിന്റെ വിജയം അവര്‍ നേടുകയും ചെയ്തു. ഡല്‍ഹിയില്‍ അവരുടെ പ്രതീക്ഷകള്‍ കെടുത്തിയത് ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ്. അത്തരമൊരു മുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസോ ബി ജെ പിയോ പ്രതീക്ഷിച്ചില്ലെന്ന് സമ്മതിക്കുമ്പോള്‍ ഈ പാര്‍ട്ടികളുടെ ജനബന്ധത്തിന്റെ തോത് അത്രയേയുള്ളൂവെന്ന പരമാര്‍ഥം തുറന്ന് പറയുകയാണ് ചെയ്യുന്നത്.
ഈ ഫലം പുറത്തുവരും മുമ്പ് ബി ജെ പിയുടെ വിജയം പ്രതീക്ഷിച്ചവരാണ് ഇതൊരു സെമി ഫൈനലാണെന്ന ചിത്രീകരണം സമര്‍ഥമായി നിര്‍വഹിച്ചത്. അത്തരമൊരു ഫലത്തെയാണ് വ്യവസായ ലോകവും കാംക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നയുടന്‍ ഓഹരി വിപണികള്‍ കുത്തനെ ഉയര്‍ന്നത്. ചുരുക്കത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടത്, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം നരേന്ദ്ര മോദി പ്രചാരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ്. ആ പ്രചാരണം ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്‌തോ എന്നാണ്. ഒപ്പം കോണ്‍ഗ്രസിന്റെ പ്രചാരണവേദിയില്‍ മുഖ്യ സ്ഥാനം അലങ്കരിച്ച രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാനായോ എന്നതും. 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകത്തോടെ, ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പിന് മുമ്പ്, 2003ല്‍ ഇതുപോലൊരു തിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് ഛത്തിസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും വിജയിച്ച് ബി ജെ പി മുന്നിലെത്തുകയും ചെയ്തു. പക്ഷേ, 2004ലെ “ഫൈനലി”ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണം പരാജയം രുചിക്കുന്നത് രാജ്യം കണ്ടിരുന്നുവെന്നത് കൂടി ഇതിനെ സെമി ഫൈനലായി കാണുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ സാധൂകരണം നല്‍കേണ്ടതുണ്ടായിരുന്നു നരേന്ദ്ര മോദിക്ക്. നാല് സംസ്ഥാനങ്ങളിലുണ്ടാകുന്ന വലിയ വിജയം, രാജ്യത്തെ ഇതര ഭാഗങ്ങളിലുള്ള ജനങ്ങളില്‍ തനിക്ക് അനുകൂലമായ മനോഭാവം രൂപപ്പെടുത്തുമെന്നും അദ്ദേഹം കണക്ക് കൂട്ടിയിട്ടുണ്ടാകണം. അതുകൊണ്ടാണ് വലിയ റാലികള്‍ സംഘടിപ്പിച്ച് വലിയ പ്രചാരണം നടത്താന്‍ മോദി തയ്യാറായത്. അതില്‍ മധ്യപ്രദേശിലെ ഫലം മോദിയുടെ കണക്കിലേക്ക് എഴുതിച്ചേര്‍ക്കാന്‍ ബി ജെ പി പോലും തയ്യാറാകില്ല. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃമികവ് ബി ജെ പിക്ക് സൃഷ്ടിച്ചു നല്‍കിയ അനുകൂല സാഹചര്യം മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതിരുന്നതിന്റെ ഫലമാണ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം അവിടെ സമ്മാനിച്ചത്. രാജസ്ഥാനില്‍ ബി ജെ പിക്ക് വിജയമൊരുക്കിയതില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോട്ടും വഹിച്ച പങ്ക് സുപ്രധാനമാണ്. പൊതുവില്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷങ്ങളെപ്പോലും അകറ്റുന്നതില്‍ ഗെഹ്‌ലോട്ട് വിജയിച്ചു. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന നിലയില്‍ മാത്രമാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മോദിയുടെ പങ്ക്.
മോദിക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് പ്രതിഫലിക്കേണ്ടിയിരുന്നത് ഡല്‍ഹിയിലും ഛത്തിസ്ഗഢിലുമായിരുന്നു. നഗര മേഖലകളില്‍ ബി ജെ പിക്ക് നേരത്തെ തന്നെയുള്ള മുന്‍കൈയും യുവ വോട്ടര്‍മാരുടെ സാന്നിധ്യവുമാണ് ഡല്‍ഹി മാതൃകയായി സ്വീകരിക്കാന്‍ കാരണം. മോദി എറ്റവുമധികം സമയം പ്രചാരണത്തിന് ചെലവിട്ട സംസ്ഥാനമെന്ന നിലയിലാണ് ഛത്തിസ്ഗഢിനെ സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാറിനെതിരെ (പൊതുവില്‍ യു പി എ സര്‍ക്കാറിനെതിരെയും) നിലനിന്ന ശക്തമായ വിരുദ്ധവികാരം ബി ജെ പിക്ക് വേണ്ടി സമാഹരിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചതേയില്ല. അതൃപ്ത പൗരന്‍മാരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, യുവാക്കളുടെ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകുമെന്ന് മുന്‍കൂട്ടി കാണാന്‍ പോലും ബി ജെ പിക്ക് സാധിച്ചില്ല, പ്രചാരണ നേതൃത്വമേറ്റെടുത്ത് പല റാലികള്‍ നടത്തിയ നരേന്ദ്ര മോദിക്കും സാധിച്ചില്ല. കോണ്‍ഗ്രസിനൊരു ബദലായി ദേശീയ പാര്‍ട്ടിയായ തങ്ങള്‍ മാത്രമേയുള്ളൂവെന്ന ബി ജെ പിയുടെയും കരുത്തുള്ള നേതൃത്വമേകാന്‍ താനേയുള്ളൂവെന്ന മോദിയുടെയും വാദങ്ങളെയാണ്, ആം ആദ്മി പാര്‍ട്ടിയെ വിശ്വസിക്കാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞത്.
പ്രചാരണ സമയത്തില്‍ വലിയൊരു വിഹിതം ഛത്തിസ്ഗഢിന് വേണ്ടി മോദി നീക്കിവെച്ചപ്പോള്‍, അവിടെ ബി ജെ പി ജയിച്ചത് ഏറെ വിയര്‍പ്പൊഴുക്കിയാണ്. നേരത്തെ തന്നെ അജിത് ജോഗിയെ ചുമതലയേല്‍പ്പിച്ച് കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നുവെങ്കില്‍ രമണ്‍ സിംഗിനൊരു മൂന്നാമൂഴം പ്രയാസകരമാകുമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. നഗരമേഖലയില്‍ മാത്രമല്ല, താരതമ്യേന ഭേദപ്പെട്ട പ്രതിച്ഛായ നിലനിര്‍ത്തിയ മന്ത്രിസഭയുണ്ടായിരുന്ന ഛത്തീസ്ഗഢിലെ ഗ്രാമമേഖലകളിലും മോദിക്ക് ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ചുരുക്കം. മോദി നീക്കിവെച്ച സമയമാണ്, കഷ്ടിച്ചൊരു ജയത്തിലേക്ക് നയിച്ചതെന്ന് വാദിച്ചാല്‍, അത്രമാത്രമേ ഈ ദേശീയ നേതാവിന് സാധിക്കൂ എന്ന് സമ്മതിക്കേണ്ടിവരും. സെമി ഫൈനലെന്ന് പ്രഘോഷിച്ച്, അതിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദിക്ക് “ദേശ് കി നേതാ” പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ യത്‌നം വൃഥാവിലായെന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന പ്രാധാന്യം. അതിലേക്ക് ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്ലാറ്റ്‌ഫോമില്‍ തന്നെ നിലയുറപ്പിക്കുന്ന അരവിന്ദ് കെജ്‌രിവാളെന്ന അരാഷ്ട്രീയക്കാരന്‍ നല്‍കിയ സംഭാവന ചെറുതല്ല.
അതിനൊപ്പം ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമായി വായിക്കേണ്ടത് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളാണ്. ഭരിക്കുന്ന പാര്‍ട്ടിയെ മടുത്താല്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയില്‍ അഭയം കാണുന്ന പതിവു രീതി ഉപേക്ഷിക്കാന്‍ ജനങ്ങള്‍ സന്നദ്ധരായിരിക്കുന്നുവെന്നതാണ് അത്. അഴിമതിക്കെതിരായ പരസ്യ നിലപാടുകള്‍ക്കപ്പുറത്ത്, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടൊന്നും ആം ആദ്മി പാര്‍ട്ടി മുന്നേട്ടുവെച്ചിട്ടില്ല. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും കരം കുറക്കുമെന്ന, ഡല്‍ഹിയെ സംബന്ധിച്ച് പ്രായോഗികമല്ലാത്ത വാഗ്ദാനമാണ് ഈ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി നല്‍കിയത്. എന്നിട്ടും അവരെ വിശ്വാസത്തിലെടുക്കാന്‍ അവിടുത്തുകാര്‍ തയ്യാറായി. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത 12 സീറ്റില്‍ ഒമ്പതിടത്തും ആം ആദ്മി പാര്‍ട്ടി വിജയിച്ചുവെന്നത്, യുവാക്കളും ഉപരിമധ്യവര്‍ഗവും മാത്രമല്ല, ആ പാര്‍ട്ടിക്ക് പിന്തുണയര്‍പ്പിച്ചത് എന്നതിന് തെളിവാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ആ അളവില്‍ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു ജനമനസ്സില്‍.
രാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തുണ്ടോ എന്ന് നോക്കിനില്‍ക്കാന്‍ ജനം സന്നദ്ധരായില്ല. നയപരമായ കാര്യങ്ങളില്‍ വ്യക്തമായ നിലപാടുണ്ടോ എന്ന് ചിന്തിക്കാനും തയ്യാറായില്ല. രണ്ട് തരത്തില്‍ അപകടകരമാണ് ഈ സാഹചര്യം. ഉയര്‍ന്നു വരിക, ആം ആദ്മി പാര്‍ട്ടിയെപ്പോലെ അരാഷ്ട്രീയവാദികളുടെ കൂട്ടായ്മയായിരിക്കുമെന്നതാണ് ഒന്ന്. തൊട്ടുമുന്നില്‍ കാണുന്ന വസ്തുതകള്‍ക്കപ്പുറത്തുള്ള സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ചോ അവ രൂപപ്പെട്ട പശ്ചാത്തലത്തെക്കുറിച്ചോ ഉറച്ച കാഴ്ചപ്പാടുകളില്ലാതെ, ഊതിവീര്‍പ്പിച്ച ദേശീയതയും അതിനെപ്പൊലിപ്പിക്കുന്ന രാജ്യസ്‌നേഹ വാചാടോപങ്ങളും മാത്രമാണ് ഇക്കൂട്ടരുടെ മൂലധനം. അത്തരം പാര്‍ട്ടികളില്‍ വിശ്വാസമര്‍പ്പിക്കാന്‍ ജനം സന്നദ്ധരാകുന്നത്, വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് കാരണമായേക്കാം. നയനിലപാടുകളുടെ അടിസ്ഥാനത്തില്‍, ജൈവികവും സ്വാഭാവികവുമായി രാഷ്ട്രീയ പ്രവര്‍ത്തനം ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടേക്കാം. അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പ്രയോഗ രീതികള്‍ പോലും പുച്ഛിക്കപ്പെടുകയും ചെയ്‌തേക്കാം.
പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് നയനിലപാടുകളില്‍ വ്യക്തത വരുത്തി, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇടക്കെപ്പോഴെങ്കിലും റാലികള്‍ സംഘടിപ്പിച്ച്, ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തതില്‍ കുണ്ഠിതം പൂണ്ടിരിക്കുന്ന ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സന്ദേശം നല്‍കുന്നുണ്ട് ആം ആദ്മി പാര്‍ട്ടി. അടിസ്ഥാന രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത വരുത്തുന്ന നേതൃതല ചര്‍ച്ചകള്‍ക്കൊപ്പം ജനങ്ങള്‍ മുഖത്തോടുമുഖം നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ അവരുടെ വിശ്വാസമാര്‍ജിക്കാനാകുമെന്ന പാഠം. ആ പാഠം പഠിക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ്. ബീഹാറില്‍ ആരംഭിച്ച് ഇവിടെ വരെ എത്തിനില്‍ക്കുന്ന അദ്ദേഹത്തിന്റെ പഠനപ്രക്രിയ ലോക്‌സഭയില്‍ കൂടി ആവര്‍ത്തിച്ചാല്‍, ഫൈനലില്‍ മോദിക്കാകും വിജയമെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതുണ്ട്.
രജതരേഖ: രാജസ്ഥാനിലെ വലിയ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനൊരു സാധ്യത തുറന്നുനല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച മൃഗീയ ഭൂരിപക്ഷം വസുന്ധര രാജെ സിന്ധ്യയിലെ റാണീസ്വഭാവത്തെ പുറത്തെത്തിക്കുമെന്ന് ഉറപ്പ്. അത് ബി ജെ പിക്കുള്ളില്‍ തന്നെ ഉണ്ടാക്കാന്‍ ഇടയുള്ള ആഘാതം ചെറുതാകില്ല. കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കാന്‍ പാകത്തിലുള്ള ഭരണം ഏതാനും മാസം കൊണ്ട് അവര്‍ കാഴ്ച വെക്കുമെന്ന് ഉറപ്പ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest