Connect with us

Articles

ജൈവിക ബുദ്ധിജീവികളുടെ ജനിതക പ്രശ്‌നങ്ങള്‍

Published

|

Last Updated

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമം പ്രസിദ്ധീകരിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഒരു കാര്‍ട്ടൂണ്‍ വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഒരു കൈയില്‍ മൊബൈല്‍ ഫോണും മറു കൈയില്‍ തസ്ബീഹ് മാലയും പിടിച്ചു ഓടുന്ന കാന്തപുരത്തിന്റെ ആ കാരിക്കേച്ചര്‍, മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ വരുന്ന മുസ്‌ലിംവിരുദ്ധ കാര്‍ട്ടൂണുകള്‍ വായിക്കാന്‍ ജമാഅത്ത് താത്വികാചാര്യന്മാര്‍ ഇന്ന് ഉപയോഗിക്കുന്ന സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളും വെച്ചും കാര്‍ട്ടൂണുകളും ചിത്രങ്ങളും സിനിമകളും വിശകലനം ചെയ്യാന്‍ മാധ്യമവും പ്രബോധനവും പിന്തുടരുന്ന വിമര്‍ശ രീതികള്‍ ഉപയോഗിച്ചും വായിച്ചു നോക്കിയാല്‍ എങ്ങനെയുണ്ടാകും? മൊബൈല്‍ ഫോണ്‍ കേരളത്തില്‍ നന്നേ ചുരുക്കം ചിലര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലാത്താണ് ആ കാര്‍ട്ടൂണ്‍ ചിത്രം മാധ്യമത്തില്‍ അടിച്ചു വന്നത്. തസ്ബീഹ് മാലയും മൊബൈല്‍ ഫോണും തമ്മിലുള്ള ഒരു തരം ചേരായ്കയായിരുന്നു ആ കാരിക്കേച്ചര്‍ വായനക്കാരുമായി പങ്ക് വെച്ച ഹാസ്യങ്ങളില്‍ പ്രധാനം. “മുസ്‌ലിയാര്‍ മുസ്‌ലിയാര്‍ക്ക് പറ്റിയ പണി മാത്രം എടുത്താല്‍ പോരേ” എന്ന ചോദ്യമാണ് ആ പരിഹാസത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി ചോദിച്ചത്.
പൊതുസമൂഹത്തിന്റെ ഇസ്‌ലാമോ ഫോബിക് നിലപാടുകള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്, പക്ഷേ ഞങ്ങള്‍ക്ക് മുസ്‌ലിംകളോട് സ്വയം ഇസ്‌ലാംഭീതിയുടെ നിറവും മണവുമുള്ള നിലപാടുകള്‍ എടുക്കാം എന്ന സമീപനം ആത്യന്തികമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയെ തന്നെയാണ് ശക്തിപ്പെടുത്തുക. മുസ്‌ലിംകളെ മാതൃഭൂമിയും മനോരമയും പരിഹസിച്ചാല്‍ മുസ്‌ലിംകളെക്കൊണ്ട് പ്രകടനവും പ്രതിഷേധവും നടത്തിക്കാന്‍ മത്സരിക്കുന്നവര്‍, അതിനെ സ്വന്തം പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ വീണുകിട്ടിയ അവസരമായി ആഹ്ലാദിക്കുന്നവര്‍ തന്നെ മുസ്‌ലിംകളെ പരിഹസിക്കുമ്പോള്‍ വിശ്വാസികള്‍ എങ്ങോട്ടാണ് പ്രകടനവും പ്രതിഷേധവും നടത്തേണ്ടത്? ഏത് ചുമരിലാണ് പോസ്റ്റര്‍ ഒട്ടിക്കേണ്ടത്?
ആര്‍ എസ് എസ്സുകാരന്റെ കൈയില്‍ നിന്ന് പൊട്ടാസ് പൊട്ടിയാല്‍ പോലും വാര്‍ത്തയാക്കുന്ന മാധ്യമത്തിനു, കേരളത്തിലെ ഒരു വിഭാഗം സുന്നികള്‍ കാന്തപുരത്തിന്റെ അനുയായികള്‍ക്ക് നേരെ പ്രയോഗിക്കാനുള്ള ബോംബ് നിര്‍മിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് പരുക്കേറ്റ് ആശുപത്രിയിലായപ്പോള്‍ അത് സംസ്ഥാന തലത്തിലെ ഒരു മുഖ്യ വാര്‍ത്ത പോലുമായില്ല. അതേ സംഘടന തന്നെ സ്വന്തം മദ്‌റസക്ക് തീയിട്ടു അതിന്റെ ഉത്തരവാദിത്വം സുന്നികളുടെ മേല്‍ ആരോപിക്കാന്‍ ശ്രമിച്ചപ്പോള്‍, “കാന്തപുരത്തിന്റെ തീവ്രവാദ ഭാവം പുറത്തുവന്നു” എന്ന തലക്കെട്ടില്‍ മദ്‌റസക്ക് തീയിട്ടവരുടെ പത്രപ്രസ്താവനക്ക് അച്ചു നിരത്തുകയായിരുന്നു വെള്ളിമാടുകുന്നിലെ താത്വികാചാര്യന്മാര്‍. മദ്‌റസക്ക് തീയിട്ട മുസ്‌ലിംകളെ പോലീസ് തിരിച്ചറിയുകയും ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടും മാധ്യമത്തിനു നേരത്തെ കൊടുത്ത വാര്‍ത്തയില്‍ പശ്ചാത്താപമൊന്നും തോന്നിയില്ല. കൊത്തിവലിക്കപ്പെടുന്നത് കാന്തപുരത്തിന്റെയും സമസ്തയുടെയും രക്തവും മാംസവുമാകുമ്പോള്‍ അത് കാണാന്‍ ചേന്നമംഗല്ലൂര്‍കാര്‍ക്ക് പണ്ട് മുതലേ പ്രത്യേക ഒരു ഹരമാണല്ലോ.
ഇങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ കാന്തപുരത്തെയും പ്രസ്ഥാനത്തെയും ഇകഴ്ത്താന്‍ മെനക്കെടുന്നതിനിടെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ചേളാരി സമസ്തക്കാരുടെ ഒരു ക്ഷണം കിട്ടുന്നത്. മുസ്‌ലിം കൂട്ടായ്മയിലേക്ക് ഇരിപ്പിടം കിട്ടിയ ആവേശത്തില്‍ മുന്‍ പിന്‍ നോക്കാതെ മണ്ടി പെണ്‍കുട്ടിയുടെ വിവാഹപ്രായം ഉറപ്പിച്ചു കൊടുക്കുകയും വ്യക്തിനിയമ സംരക്ഷണ സമിതിക്ക് ഡല്‍ഹിയിലേക്കു പച്ചക്കൊടി കാണിച്ചു കൊടുക്കയും ചെയ്തു. പൂരം പിരിഞ്ഞപ്പോഴാണ് ജമാത്തെ ഇസ്‌ലാമിക്ക് പൊതുസമൂഹത്തിലെ പ്രതിച്ഛായയെ കുറിച്ചു ബോധോദയം വന്നത്. അപ്പോഴേക്കും മുസ്‌ലിം കൂട്ടായ്മയുടെ മുസ്‌ലിംകളുടെ താറടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രംഗത്തെത്തി. ഇത്തരം കാലഹരണപ്പെട്ട ഏര്‍പ്പാടുകളില്‍ നിന്ന് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്മാറണമെന്ന് കാന്തപുരം പ്രസ്താവനയിറക്കി. പൊതു സമൂഹവും മാധ്യമങ്ങളും അത് എറ്റുപിടിച്ചു. “ഇതു വരെ ഞങ്ങള്‍ യാഥാസ്ഥിതികന്‍, പഴഞ്ചന്‍ എന്നൊക്കെ വിളിച്ചിരുന്ന കാന്തപുരം ഞങ്ങളെ “കാലഹരണപ്പെട്ടവര്‍” എന്ന് വിളിക്കുകയോ?” യഥാസ്ഥിതികതയെയും പുരോഗമന ഇസ്‌ലാമിനെയും കുറിച്ചുള്ള ഒഴുക്കന്‍ മട്ടിലുള്ള വിവരണങ്ങള്‍ക്ക് കാന്തപുരം ഇട്ട പൂര്‍ണ വിരാമത്തിനു മുന്നില്‍ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം ശ്വാസം മുട്ടി. കാന്തപുരത്തെ കുറിച്ച് തങ്ങള്‍ വളര്‍ത്തി പരിപാലിച്ചു പോന്ന വിവരണങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കും? ഇതിനു പകരം വീട്ടിയിട്ട് തന്നെ കട്ടായം എന്നായി വെള്ളിമാടുകുന്നിലെയും ഹിറ സെന്ററിലെയും ശങ്കരാടികള്‍. എങ്ങനെ പകരം വീട്ടും? ശങ്കരാടി എന്ന ജൈവിക ബുദ്ധിജീവിയെ രംഗത്തിറക്കുക തന്നെ. ഇതിനിടയില്‍ ഇടി വെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന പോലെ പിന്നാലെ വന്നു പിണറായി വിജയന്റെ വക ജമാത്തിനു മറ്റൊരു തൊഴി. ആ തൊഴി പിന്നെയും സഹിക്കാം. സഹിക്കാന്‍ പറ്റാത്തത് പാരമ്പര്യ സുന്നികളെ പിണറായി തലോടിയതാണ്.
ഉടനെ ഒ അബ്ദുര്‍റഹ്മാന്‍ ലേഖനം എഴുതി. അതിനെ ഈ കോളത്തില്‍ അടിമുടി പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ ശങ്കരാടിയിലെ ജൈവിക ബുദ്ധിജീവി താത്വിക വിശകലനം നടത്തി പോംവഴികള്‍ കണ്ടെത്തിത്തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഉമര്‍ പുതിയോട്ടിലിന്റെ വാര്‍ത്തകളുടെയും ഒരു വായനക്കാരന്റെ കത്തിന്റെയും രൂപത്തില്‍ മാധ്യമത്തില്‍ കാന്തപുരത്തിനും പ്രസ്ഥാനത്തിനും നേരെ വന്നു കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമത്തില്‍ തന്നെ വന്ന വാര്‍ത്തകളിലെ വിവരങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ത്തു ലേഖകന് ബൈലൈനും കൊടുത്ത് വാര്‍ത്ത എഴുതിപ്പിച്ചത് “കോട്ടക്കല്‍ കഷായത്തില്‍ നിന്ന് കോഴിക്കോടാന്‍ ബിരിയാണി”യിലെക്കുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സിറാജ് ലേഖനത്തിനുള്ള മറുപടിയാണ് എന്നു മനസ്സിലാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വര്‍ഗസ്വഭാവം അറിയുന്നവര്‍ക്ക് ഗോതമ്പ് ഭക്ഷണം തിന്നേണ്ട ആവശ്യമൊന്നുമില്ല.
തങ്ങള്‍ അകപ്പെട്ട പ്രതിസന്ധികളില്‍ നിന്ന്, പിണറായി വിജയന്‍ വിളിച്ച തീവ്രവാദ വിളിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാന്തപുരം തന്നെ ശരണം. അങ്ങനെയാണ് മോഡി വാര്‍ത്ത ജമാത്ത് പത്രത്തിലും ചാനലിലും ഹിറ്റാകുന്നത്. മോഡി വംശഹത്യക്ക് നേതൃത്വം നല്‍കിയ ഗുജറാത്തില്‍ തന്നെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഞ്ച് സ്‌കൂളുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സി ബി എസ് ഇ സ്‌കൂളുകള്‍. പേര് കേട്ടാല്‍ ഇപ്പോഴും പേടിയാകുന്ന ഗുജറാത്തില്‍ എന്ന ആമുഖത്തോടെയാണ് കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ ഉസ്താദ് തന്നെ ആ സ്‌കൂളുകളെ പരിചയപ്പെടുത്തിയത്. മലയാളത്തില്‍ ഒരു പത്രവും ചാനലും നടത്തുക എന്ന ഒരേയൊരു അജന്‍ഡ മാത്രമുള്ള മുസ്‌ലിം സംഘടനക്ക്, നരേന്ദ മോഡി എന്ന കുറ്റവാളിയായ മുഖ്യമന്ത്രിക്ക് പകരം മതേതരവാദിയായ മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് വരെ ഗുജറാത്തിലെ മുസ്‌ലിം കുട്ടികള്‍ സ്‌കൂളില്‍ പോകണ്ട, അതുവരെയും ഫാസിസത്തിനെതിരെ മുദ്രാവാക്യം വിളിച്ചു പത്രമാധ്യമങ്ങള്‍ക്ക് വാര്‍ത്തയും ദൃശ്യവുമായി നിന്ന് കൊള്ളണം എന്നൊക്കെ പറയാം. സുന്നി സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തന പരിധി ചേന്നമംഗല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അല്ലാത്തതിനാല്‍ സുന്നികള്‍ക്ക് അങ്ങനെ പറയാന്‍ സൗകര്യമില്ല. വെള്ളിപറമ്പിലും വെള്ളിമാടുകുന്നിലും ഇരുന്ന് വലതുപക്ഷ ഹൈന്ദവ തീവ്രവാദത്തെ നേരിടുന്നതു പോലെ എളുപ്പമല്ല അഹമ്മദാബാദില്‍ പോയി ഭീതിയില്‍ കഴിയുന്ന മുസ്‌ലിംകള്‍ക്ക് ആശ്രയവും അഭയവും നല്‍കല്‍ എന്നറിയാന്‍ ഡല്‍ഹിയിലുള്ള ഒരു ലേഖകനെയെങ്കിലും ഗുജറാത്തിലെ പ്രാന്തദേശങ്ങളിലേക്ക് അയക്കുക. ഇലക്ഷന്‍ സമയങ്ങളില്‍ പത്രത്തിലും ചാനലിലും സ്ഥലവും സമയവും നിറക്കാന്‍ മാത്രം വാര്‍ത്ത കിട്ടുന്ന വെറുമൊരു സ്ഥലമല്ല സുന്നി സംഘടനകള്‍ക്ക് ഗുജറാത്ത് എന്നറിയാനെങ്കിലും അത് ഉപകരിക്കും. വലതുപക്ഷ ഹൈന്ദവ ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിരോധിക്കാം എന്നറിയാന്‍ മാധ്യമത്തില്‍ വരുന്ന ഫാസിസ്റ്റ്‌വിരുദ്ധ ലേഖനങ്ങള്‍ മാത്രം വായിച്ചാല്‍ മതിയാകില്ല. വെള്ളിമാടുകുന്നു നിന്ന് ഒന്‍പത് രൂപ പോയിന്റുള്ള കോഴിക്കോട് സമസ്ത സെന്ററിലേക്കോ, ഏഴ് രൂപ പോയിന്റുള്ള മര്‍കസിലേക്കോ കൂടി വരിക. തലേക്കെട്ടും താടിയുമുള്ള യാഥാസ്ഥിതിക മുസ്‌ല്യാക്കന്മാര്‍ പറഞ്ഞു തരും. ഇനി ഇത്തരം കീഴാളരുടെ അടുത്തു നിന്ന് അറിവ് തേടുന്നത് ഈയം ചെവിയില്‍ ഒഴിക്കേണ്ട വന്‍ദോഷമായാണ് ജമാഅത്തുകാര്‍ കരുതുന്നതെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയെ രക്ഷിക്കാന്‍ കെ കെ കൊച്ചിന് പോലും കഴിയില്ല. ഏതായാലും വ്യക്തിനിയമ സംരക്ഷണ സമിതി വിളമ്പിയ കോഴിക്കോടന്‍ ബിരിയാണിയുടെ ആലസ്യവും പിണറായി വിജയന്റെ തൊഴിയുടെ വേദനയും മാറാന്‍ കാന്തപുരത്തിന്റെ കൈയില്‍ മോഡിപ്പതാക പിടിപ്പിക്കുക എന്നുപദേശിച്ച ആ ശങ്കരാടിയാണ് യഥാര്‍ഥ ജൈവിക ബുദ്ധിജീവി.
എസ് ബി ചാവാനും ഗുലാം നബി ആസാദും മര്‍കസില്‍ വന്നതിന്റെ വേദന മാധ്യമത്തിനു ഇനിയും മാറിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വായനക്കാരുടെ കത്ത് പറയുന്നത്. അതുപോലൊരു കെറുവിന്റെ ശക്തിയിലാണല്ലോ പണ്ട് ഉസ്താദിന്റെ കാരിക്കേച്ചര്‍ തന്നെ വരച്ചത്. ദേവെഗൗഡ മര്‍കസില്‍ വന്നപ്പോള്‍. ഡല്‍ഹിയില്‍ പോയി തപസ്സിരുന്നിട്ടും വരുമെന്ന് മാലോകരെ ജമാഅത്തുകാര്‍ പെരുമ്പറ കൊട്ടിയറിയിച്ചിട്ടും സംശയാസ്പദമായ പശ്ചാത്തലങ്ങള്‍ ഉള്ള ജമാഅത്ത് പത്രത്തിന്റെ ആഘോഷത്തില്‍ പി ചിദംബരം പങ്കെടുക്കാതെ തിരുവനന്തപുരത്ത് നിന്നു മടങ്ങിപ്പോയതിന്റെ കെറുവ് തീര്‍ക്കേണ്ടത് മുസ്‌ലിയാക്കന്മാരോടല്ല; സ്വന്തം ഭൂതകാലത്തെ സ്വയം വിചാരണ ചെയ്തും തെറ്റുകളും വീഴ്ചകളും തിരുത്തിയുമാണ്. മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തിയിട്ടും കടല്‍ തീരത്തിന് കാവല്‍ നിന്നിട്ടും ചെങ്ങറയില്‍ പോയി ഓണസദ്യ ഉണ്ടിട്ടും എക്‌സ്പ്രസ് ഹൈവയില്‍ കുത്തിയിരുന്നിട്ടും ഒടുവില്‍ മമ്പുറം തങ്ങളെയും വെളിയങ്കോട് ഉമര്‍ ഖാസിയെയും ഇടനിര്‍ത്തി വിളിച്ചപേക്ഷിച്ചിട്ടും തൊലിപ്പുറത്തെ പുള്ളി മായുന്നില്ലെങ്കില്‍ തകരാറ് ജനിതകമാണെന്നു മനസ്സിലാക്കി ചികിത്സിച്ചു തുടങ്ങണം. അറിയാഞ്ഞിട്ടു ചോദിക്കുകയാണ്, ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ മാപ്പ് പ്രകടിപ്പിച്ചതിനു ശേഷമാണോ അംബികാ സോണിക്ക് മുന്നില്‍, മാതാ അമൃതാനന്ദക്ക് മുന്നില്‍ നരേന്ദ്ര മോഡി എന്ന പോലെ, ഒ അബ്ദുര്‍റഹ്മാന്‍ തൊഴുകൈകളോടെ നിന്നത്? ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയില്‍ ഖേദം എഴുതിവാങ്ങിയ ശേഷമാണോ എ കെ അന്റണിക്ക് ജമാഅത്തെ ഇസ്‌ലാമി പരവതാനി വിരിച്ചത്? മോഡിയെ പിന്തുണക്കില്ലെന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷമായിരുന്നോ നരേന്ദ്ര മോഡിയുടെ സ്തുതിപാഠകന്‍ ശ്രീ ശ്രീ രവിശങ്കറിനെ ജമാഅത്തെ ഇസ്‌ലാമിയുടെ ബംഗളൂരു സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തിയത്?
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും സമസ്തയുടെയും രക്തവും മാംസവും നിങ്ങള്‍ ഇനിയും വേവിച്ചു കൊണ്ടേ ഇരിക്കുക. അതിന്റെ ഉശിരില്‍ വെള്ളിമാടുകുന്നിലെ പുരോഗമന ഇസ്‌ലാം തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കട്ടെ. മുമ്പൊരിക്കല്‍ ഒരെഴുത്തുകാരന്‍ ആശങ്കപ്പെട്ടത് പോലെ, കാന്തപുരം ഇല്ലായിരുന്നുവെങ്കില്‍ പുരോഗമനവാദിയാകാന്‍ മലയാളികള്‍ക്ക് വല്ലാതെ കഷ്ടപ്പെടേണ്ടി വരുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയൊക്കെ നിന്ന നില്‍പ്പില്‍ വിയര്‍ക്കേണ്ടിവരുമായിരുന്നു. ഇന്നിപ്പോള്‍ കാന്തപുരത്തെ ഒന്നപലപിച്ചാല്‍ മതിയല്ലോ. നമുക്ക്, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനും വര്‍ഗീയതയെ ചെറുക്കുന്നതിനും വേണ്ടി ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിച്ച, ജസ്റ്റിസ് വി ആര്‍ കൃഷണയ്യര്‍ ചെയര്‍മാനായ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ അമിറ്റിയെ കൊണ്ട് കാന്തപുരത്തിന്റെ “മോഡി അനുകൂല” നിലപാടുകള്‍ക്കെതിരെ ഒരു പ്രസ്താവന ഇറക്കിപ്പിച്ചാലോ? കൃഷ്ണയ്യര്‍ കൂടി അങ്ങ് രക്ഷപ്പെട്ടു പോകട്ടെ!.
പിന്‍കുറി: വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും ഡൈലി ന്യൂസ് അനാലിസിസിന്റെയും ഡെയ്‌ലി മെയ്‌ലിന്റെയും മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന അതേ രീതിശാസ്ത്രം ഉപയോഗിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ വെള്ളിമാട്കുന്നില്‍ നിന്നിറങ്ങുന്ന മാധ്യമം പത്രം എങ്ങനെയൊക്കെയാണ് വാര്‍ത്തകളില്‍ കൈകാര്യം ചെയ്തുപോരുന്നത് എന്ന് വിശകലനം നടത്താന്‍ മീഡിയസ്‌കാന്‍ കൈകാര്യം ചെയ്യുന്ന യാസീന്‍ അശ്‌റഫ് തയ്യാറാകുമോ?, അതോ, യാസീന്‍ അശ്‌റഫിന്റെ മാധ്യമ വിമര്‍ശത്തിന്റെ പരിഗണന കിട്ടാന്‍ മുസ്‌ലിയാക്കന്മാര്‍ തലപ്പാവ് അഴിച്ചുവെച്ചു, താടി ക്ലീന്‍ ഷേവ് ചെയ്ത്, പാന്റ്‌സും കുപ്പായവും ഇട്ട് വരണമെന്നുണ്ടോ?