Connect with us

Articles

ചെയ്യേണ്ടതൊന്നും ചെയ്യാതെ അധികൃതര്‍

Published

|

Last Updated

നടപ്പാക്കാനുള്ളതാണ് നിയമം. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ കാര്യത്തില്‍ ഇതു മറിച്ചാണ്. സര്‍ക്കാറുകള്‍ മാറി വരുന്നതിനനുസരിച്ച് കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. അവസാനം തീരുമാനം പ്രഖ്യാപിക്കും. പതിവുപോലെ വിജ്ഞാപനങ്ങള്‍ ഇറങ്ങുകയും ചെയ്യും. പക്ഷേ ചെയ്യേണ്ടതൊന്നും സമയത്തിന് ചെയ്യില്ല. സമയത്തിന് ഓടിയെത്താത്ത കെ എസ് ആര്‍ ടി സി ബസ് പോലെ തന്നെ.

1966 ല്‍ ഇറങ്ങിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്ത് 73 ദേശസാത്കൃത റൂട്ടുകളാണുള്ളത്. കെ എസ് ആര്‍ ടി സിക്ക് ആവശ്യത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഉണ്ടാകണമെന്ന താത്പര്യത്തോടെയാണ് ഈ റൂട്ടുകളില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ അനുവദിച്ചത്. എന്നാല്‍ ഇവ ഫാസ്റ്റ് ആക്കിയതോടെ പൊതുജന താത്പര്യം നഷ്ടപ്പെട്ടു എന്നു മാത്രമല്ല കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായി. ദേശസാത്കൃത റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് നഷ്ടത്തിലായാല്‍ തൊട്ടുമുന്നിലെ സ്വകാര്യ ബസ് നിര്‍ത്തലാക്കണമെന്നാണ് ചട്ടം. ഇത്തരം റൂട്ടുകളില്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ശേഷിയുടെ പകുതി പോലും യാത്രക്കാരില്ലാതെയാണ് മിക്കപ്പോഴും സര്‍വീസ് നടത്തുന്നത്. ഈ കാരണം കൊണ്ടുമാത്രം ഈ റൂട്ടുകളില്‍ സ്വകാര്യ ഫാസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയും. എന്നാല്‍ ഈ കാരണം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സാധാരണ അഞ്ച് വര്‍ഷത്തേക്കാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാറുള്ളത്. ഇതില്‍ ഓരോ മാസത്തിനും 250 രൂപ വീതം നഷ്ടപരിഹാരം നല്‍കിയാല്‍ കാലാവധിക്ക് മുമ്പുപോലും സ്വകാര്യബസ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയും. ഈ നടപടി കോടതിയില്‍ പോലും ചോദ്യം ചെയ്യാനാകില്ലെന്നിരിക്കെ കടുത്ത പ്രതിസന്ധിക്കിടയിലും ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കെ എസ് ആര്‍ ടി സി. എം ഡിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന വിഷയത്തില്‍ പോലും തുടരുന്ന അലംഭാവത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

 

കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താന്‍ എടുക്കേണ്ട ഇത്തരം തീരുമാനത്തിന് വിപരീതമായി കെ എസ് ആര്‍ ടി സി ലാഭത്തില്‍ ഓടിക്കുന്ന ദേശസാത്കൃത റൂട്ടുകളില്‍ പോലും സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയാണ് ഗതാഗത വകുപ്പ് എല്ലാ കാലത്തും ചെയ്യുന്നത്. കെ എസ് ആര്‍ ടി സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഈ വര്‍ഷവും ഇത്തരത്തില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചു.
കെ എസ് ആര്‍ ടി സിയുടെ നഷ്ടം കുറക്കാനുള്ള പ്രധാനപ്പെട്ട നിര്‍ദേശം സ്വകാര്യ ഫാസ്റ്റ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കുക എന്നതാണ്. ഇതിനായി ദേശസാത്കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കാന്‍ 2012 ആഗസ്റ്റ് രണ്ടിന് ഗതാഗത വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍ ഡീസല്‍ വില വര്‍ധനയില്‍ പോലും നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയുമായിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഫാസ്റ്റും അതിന് മുകളിലും പെര്‍മിറ്റുള്ള 1,500 ലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിജ്ഞാപനം ഇറക്കുക എന്ന കടമ നിറവേറ്റി വിശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കെ എസ് ആര്‍ ടി സിക്ക് ഇന്ന് ഈ അവസ്ഥ വരുമായിരുന്നില്ല. ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലൊന്നും സ്വകാര്യ സര്‍വീസുകള്‍ ഇല്ലെന്നത് കൂടി അധികൃതര്‍ കാണണം.
രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് കെ എസ് ആര്‍ ടി സിയെ നഷ്ടത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകം. ശാസ്ത്രീയമായി വിശകലനം നടത്തി ലാഭം മുന്നില്‍ കണ്ട് റൂട്ടുകളും ഷെഡ്യൂളുകളും ക്രമീകരിക്കുന്നതിന് പകരം സമ്മര്‍ദം ചെലുത്തി റൂട്ടുകളും ഷെഡ്യൂകളും നേടുന്നതും സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തുന്നതുമൊക്കെ ഇന്ന് സാധാരണയാണ്. ഈ വലിയ പൊതുമേഖലാ സ്ഥാപനത്തെ നയിക്കാന്‍ മാനേജ്‌മെന്റ് രംഗത്ത് കഴിവുള്ള നേതൃനിര ഇല്ലെന്നത് കൂടി കെ എസ് ആര്‍ ടി സിയുടെ പരാജയമാണ്. ഭരണത്തില്‍ മാറി മാറി വരുന്നവര്‍ ഇതൊന്നും അറിയാത്തതോ കാണാത്തതോ അല്ല. ഒന്നും അറിയാത്തതായും കാണാത്തതായും നടിക്കുന്നതാണ് പ്രശ്‌നം.
    (തുടരും)