Connect with us

Kollam

ഐ ഒ സി പ്ലാന്റില്‍ പണിമുടക്ക്; തെക്കന്‍ ജില്ലകളില്‍ പാചക വാതക വിതരണം നിലച്ചു

Published

|

Last Updated

കൊല്ലം: പാരിപ്പള്ളി ഐ ഒ സി ഗ്യാസ് റീഫില്ലിംഗ് പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതോടെ സംസ്ഥാനത്തെ അഞ്ച് തെക്കന്‍ ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമായില്ല. കൊല്ലം റീജ്യനല്‍ ലേബര്‍ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ച ഇന്നും തുടരും. വൈകീട്ട് തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ ഓഫീസിലാണ് ചര്‍ച്ച.
എല്‍ പി ജി മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സി ഐ ടി യു, ഐ എന്‍ ടി യു സി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ബോണസ്, ക്ഷേമനിധി, ഇ എസ് ഐ. ആനുകൂല്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുക, അഞ്ച് സംസ്ഥാനങ്ങളിലേക്കും ലോഡുമായി പോകുന്ന ജീവനക്കാരുടെ വേതന വര്‍ധനവ് നടപ്പാക്കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ബോട്ട്‌ലിംഗ്, ലോഡിംഗ്, ക്ലീനിംഗ്, ഡ്രൈവര്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി വിഭാഗങ്ങളിലെ തൊഴിലാളികളാണ് സമരത്തിലുള്ളത്. പ്രതിദിനം 120 ലോഡ് പാചക വാതക സിലിന്‍ഡറുകളാണ് ഐ സി പ്ലാന്റില്‍ നിന്ന് അഞ്ച് തെക്കന്‍ ജില്ലകളിലേക്കും 68 ഏജന്‍സികളിലേക്കും പോകുന്നത്.

Latest