National
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീര്‍ വിരമിച്ച ഒഴിവിലാണ് സദാശിവം ചുമതലയേറ്റത്. സുപ്രീം കോടതിയുടെ 40ാം ചീഫ് ജസ്റ്റിസാണ് സദാശിവം.
തമിഴ്‌നാട്ടിലെ ഈറോഡില്‍ 1949 ഏപ്രില്‍ 27നാണ് പി സദാശിവന്റെ ജനനം. 1977ല്‍ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ ദീര്‍ഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ല്‍ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായിരിക്കെ 2007ലാണു സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിച്ച് ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്കു ശിക്ഷ വിധിച്ചതും 1993ലെ മുംബൈ സ്‌ഫോടന കേസിലെ വിധി പ്രഖ്യാപിച്ചതും പി. സദാശിവമാണ്. ഒമ്പതു മാസം ചീഫ് ജസ്റ്റിസ് ആയി പി. സദാശിവം തുടരും. 2014 ഏപ്രില്‍ 27നാണു വിരമിക്കുക.